ബേബി പൗഡറിന്റെ വില്‍പ്പന നിര്‍ത്തുമെന്നു പ്രഖ്യാപിച്ച് ജോണ്‍സണ്‍ & ജോണ്‍സണ്‍

അമേരിക്കയിലും കാനഡയിലും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ വില്‍പ്പന നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഡിമാന്‍ഡ് കുറഞ്ഞതിനാലാണു പിന്‍മാറ്റമെന്നു കമ്പനി വിശദീകരിച്ചെങ്കിലും ബേബി പൗഡറില്‍ കാന്‍സറിനിടയാക്കുന്ന രാസവസ്തുക്കളുണ്ടെന്നാരോപിച്ച് പല കോടതികളിലായുള്ള 19000 കേസുകളാണ് യഥാര്‍ത്ഥ കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു.

ചില വ്യവഹാരങ്ങളില്‍ കമ്പനി വിജയം നേടിയെങ്കിലും പലതിലും തോറ്റു. 2018 ല്‍ ഒരു കേസില്‍ 22 വാദികള്‍ക്ക് 4.69 ബില്യണ്‍ ഡോളര്‍ നല്‍കേണ്ടിവന്നു. അമേരിക്കയിലും കാനഡയിലും കോണ്‍സ്റ്റാര്‍ച്ച് അധിഷ്ഠിത ബേബി പൗഡര്‍ വില്‍ക്കുന്നത് തുടരുമെന്നും ടാല്‍ക്കം ബേബി പൗഡര്‍ മറ്റ് രാജ്യങ്ങളില്‍ ലഭ്യമാകുമെന്നും ജോണ്‍സണ്‍ & ജോണ്‍സണ്‍ അറിയിച്ചു.

ടാല്‍ക്കം അധിഷ്ഠിത ബേബി പൗഡറിനെതിരെ തെറ്റായ വിവരങ്ങളാണ് സമൂഹത്തില്‍ പരക്കുന്നതെന്ന പരാതിയുണ്ട് കമ്പനിക്ക്.ഇതില്‍ കാന്‍സറിന് കാരണമാവുന്ന മാരക ആസ്ബസ്റ്റോസുണ്ടെന്നാണ് ആക്ഷേപം. കോടിക്കണക്കിന് രൂപ ഇതിനകം നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. 1980 മുതലാണ് പ്രധാനമായും ജെ ആന്റ് ജെ ഉത്പന്നങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നു തുടങ്ങിയത്.

വ്യാപകമായ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 33000 ബോട്ടില്‍ ബേബി പൗഡര്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണമാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്.

എന്നാല്‍ ഉല്‍പന്നത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും ആത്മവിശ്വാസമുണ്ടെന്നും കോടതിയില്‍ തെളിയിക്കുമെന്നും ജെ ആന്റ് ജെ അവകാശപ്പെടുന്നു. അതേസമയം മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ പല രേഖകളിലും ടാല്‍ക്കം ഉല്‍പന്നങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്ന് കമ്പനി എക്‌സിക്യൂട്ടീവുകള്‍ തന്നെ വെളിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it