പൊതുഗതാഗതം ഒഴിവാക്കുമെന്ന് 70 ശതമാനം പേര്‍, മാളുകളില്‍ പോകില്ലെന്ന് 71 ശതമാനം പേര്‍: ആളുകളുടെ മനോഭാവം മാറുന്നു

നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കഴിഞ്ഞാല്‍ ജനജീവിതം എത്തരത്തിലായിരിക്കും? 70 ശതമാനം പേര്‍ പൊതുഗതാഗതം ഒഴിവാക്കുമെന്ന് പറഞ്ഞപ്പോള്‍ ഷോപ്പിംഗ് മാളുകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ഇല്ലെന്ന് 71 ശതമാനം പേര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടരുമെന്ന് അഭിപ്രായപ്പെട്ടവര്‍ 80 ശതമാനം പേരാണ്. മാര്‍ക്കറ്റ് റിസര്‍ച്ച് & അനാലിസിസ് കമ്പനിയായ വെലോസിറ്റി എംആര്‍ നടത്തിയ സര്‍വേയിലാണ് ഇത്തരത്തില്‍ ആളുകള്‍ പ്രതികരിച്ചത്.

കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍ 3000 പേരാണ് പങ്കെടുത്തത്. പകര്‍ച്ചവ്യാധി കാലത്തെ ഷോപ്പിംഗ് ശീലങ്ങള്‍, വാങ്ങല്‍ രീതികള്‍, യാത്ര, സോഷ്യല്‍ ആക്റ്റിവിറ്റീസ്, നിക്ഷേപം, സാമൂഹിക ഉത്തരവാദിത്തം എന്നീ മേഖലകളിലാണ് സര്‍വേ നടത്തിയത്.

സര്‍വേയില്‍ നിന്നുള്ള മറ്റു പ്രധാനവിവരങ്ങള്‍

$ ഒല, യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ ഒഴിവാക്കുമെന്ന് 62 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
$ 50 ശതമാനത്തോളം പേര്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മനിരക്കിനെക്കുറിച്ച് ആശങ്കപ്പെട്ടു. കോവിഡ് 19നെത്തുടര്‍ന്ന് സ്വകാര്യമേഖലയില്‍ 53 ശതമാനമാണ് തൊഴില്‍സുരക്ഷയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
$ അടുത്ത ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ഏതൊക്കെ തരത്തിലുള്ള നിക്ഷേപമാര്‍ഗ്ഗമായിരിക്കും സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് 47 ശതമാനം പേര്‍ മ്യൂച്വല്‍ ഫണ്ട് എന്നാണ് ഉത്തരം പറഞ്ഞത്. 33 ശതമാനം പേര്‍ ഓഹരിനിക്ഷേപം നടത്തുമെന്നും 30 ശതമാനം പേര്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുമെന്നും പറഞ്ഞു.
$ സമൂഹത്തിന്റെ ആരോഗ്യസംബന്ധമായ ശ്രദ്ധയും കൂടിയിട്ടുണ്ടെന്ന് സര്‍വേയില്‍ തെളിഞ്ഞു. 77 ശതമാനം പേര്‍ ആരോഗ്യസേതുആപ്പ് ഉപയോഗിക്കുമെന്നും 57 ശതമാനം പേര്‍ സാമൂഹിക അകലം പാലിക്കുമെന്നതോടൊപ്പം കൈകള്‍ കൃത്യമായി അണുവിമുക്തമാക്കുമെന്നും പറഞ്ഞു.
$ കാഷ് പേയ്‌മെന്റുകളില്‍ നിന്ന് പരമാവധി ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങളിലേക്ക് മാറുമെന്ന് 90 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
$ ലോക്ഡൗണിന് ചില ഗുണങ്ങളുണ്ടായെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. മദ്യത്തിന്റെയും സിഗരറ്റിന്റെയും ലഭ്യതയില്ലാത്തതാണ് ഇതുകൊണ്ടുണ്ടായ ഏറ്റവും വലിയ പ്രയോജനമെന്ന് 80 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വര്‍ക് ഫ്രം ഹോം രീതിയോട് അനുകൂലമായി പ്രതികരിച്ചത് 74 ശതമാനം പേരാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it