നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ നിരാശരാകണ്ട: ഇതാ അവര്‍ക്കായി 7 ബിസിനസ് അവസരങ്ങള്‍

കേരളത്തെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നവര്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു; പ്രവാസി മലയാളികള്‍. എന്നാല്‍ ഈ കോവിഡ് കാലത്ത് ഏറ്റവും ആശങ്കയോടെ കഴിയുന്ന ഒരു സമൂഹവും അവര്‍ തന്നെ. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും എണ്ണവിലയിടിവും ലോകത്തിലെ സമ്പദ് വ്യവസ്ഥകളില്‍ വരുന്ന മാറ്റങ്ങളുമെല്ലാം ചേരുമ്പോള്‍ ഇവരില്‍ നല്ലൊരു ഭാഗത്തിനും തൊഴില്‍ നഷ്ടപ്പെട്ടേക്കാം.

കേരളത്തില്‍ തിരിച്ചെത്തിയാല്‍ എന്തുചെയ്യണമെന്ന് വ്യക്തമായ രൂപം അവര്‍ക്കില്ല. വര്‍ഷങ്ങളായി അന്യനാട്ടില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും നാട്ടില്‍ സ്വസ്ഥമായി കഴിയാനുള്ള സമ്പാദ്യവും ഇവരില്‍ ഭൂരിഭാഗത്തിനുമില്ല.

കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ 10 ശതമാനം പേര്‍ രാജ്യത്തിന് പുറത്താണ് കഴിയുന്നത്. ജിസിസി രാജ്യങ്ങളില്‍ തന്നെ ഏകദേശം 36 ലക്ഷം പ്രവാസി മലയാളികളുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ പ്രവാസി മലയാളികള്‍ നാട്ടിലേക്ക അയക്കുന്ന പണമാണ്. അവരാണ് ഇപ്പോള്‍ തൊഴില്‍ നഷ്ടത്തിന്റെ ഭീതിയില്‍ കഴിയുന്നത്.

പേടി ഒന്നിനും പരിഹാരമല്ല, മുന്നിലെ വഴി നോക്കൂ

തൊഴില്‍ നഷ്ടപ്പെടുമെന്നോ വേതനം കുറയുമെന്നോ ഉള്ള പേടി കൊണ്ട് ആര്‍ക്കും ഒന്നും നേടാനാകില്ല. പേടി വന്നാല്‍ മനസ് ശരിയായി പ്രവര്‍ത്തിക്കുകയുമില്ല. സമാധാനമായി ചുറ്റിലുമുള്ള അവസരങ്ങളിലേക്ക് നോക്കുകയാണ് ഇപ്പോള്‍ വേണ്ടത്.

കേരളം അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ നാടാണ്. സംസ്ഥാനത്തെ വിഭവ സമ്പത്ത് ഇപ്പോഴും നല്ല രീതിയില്‍ വിനിയോഗിക്കപ്പെട്ടിട്ടില്ല. പ്രവാസി മലയാളികള്‍ അവരുടെ ജീവിതം മെച്ചപ്പെടുത്താനും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും ആ വിഭവങ്ങള്‍ നല്ല രീതിയില്‍ വിനിയോഗിക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

കേരളത്തിലെ കാര്യമൊന്നു നോക്കൂ. അമ്മിഞ്ഞപ്പാലും ശ്വസിക്കാനുള്ള വായുവും ഒഴിച്ചാല്‍ ബാക്കിയെന്തും കേരളത്തില്‍ പുറത്തുനിന്ന് വരുന്നുണ്ട്. കേരളീയര്‍ ഉപയോഗിക്കുന്ന എന്ത് സാധനവും ഉല്‍പ്പാദിപ്പിക്കാനുള്ള വലിയ അവസരമാണ് അതില്‍ ഒളിഞ്ഞുകിടക്കുന്നത്.

ഇതാ പ്രവാസി മലയാളികള്‍ക്ക് കേരളത്തില്‍ തിരിച്ചെത്തിയാല്‍ പ്രവേശിക്കാവുന്ന ചില മേഖലകള്‍.

1. കേരളീയര്‍ ഉപയോഗിക്കുന്ന ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് മുതല്‍ പച്ചക്കറി, പൗള്‍ട്രി, ഡയറി ഉല്‍പ്പന്നങ്ങളെല്ലാം പുറത്തുനിന്നാണ് സംസ്ഥാനത്ത് എത്തുന്നത്. ഇവയുടെ ഉല്‍പ്പാദന രംഗത്ത് ഇനി വലിയ അവസരങ്ങളുണ്ടാകും.

2. കേരളത്തില്‍ നിരവധി കാര്‍ഷിക ഉല്‍പ്പന്നങ്ങളുണ്ട്. സുഗന്ധവ്യഞ്ജനങ്ങള്‍, റബര്‍, തേയില, കോഫി തുടങ്ങിയവ. ഇതില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന സംരംഭങ്ങള്‍ വളരെ കുറവാണ്. കേരളീയര്‍ ഇപ്പോഴും തേങ്ങയെ കൊപ്രയാക്കി മാത്രമാണ് വില്‍ക്കുന്നത്. റബറില്‍ നിന്ന് റബ്ബര്‍ ഷീറ്റ് നിര്‍മിക്കും. എന്നാല്‍ ഇതിനെല്ലാം അപ്പുറത്തേക്ക് കടന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചാല്‍ കേരളത്തിലും കേരളത്തിന് പുറത്തും വില്‍ക്കാം.

3. വിദേശത്ത് ചെയ്യുന്ന ജോലികള്‍ ഇനി നമുക്ക് നാട്ടില്‍ ചെയ്യാം. കേരളത്തില്‍ നാം ചെയ്യാന്‍ മടിക്കുന്ന എല്ലാ ജോലികളും വിദേശത്ത് മടിയോ സങ്കോചമോ ഇല്ലാതെ ചെയ്യും. പ്രവാസി മലയാളികള്‍ പ്രതിവര്‍ഷം 80,000 കോടി രൂപ നാട്ടിലേക്ക് അയക്കുമ്പോള്‍ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിവര്‍ഷം കേരളത്തിന് പുറത്തേക്ക് അയക്കുന്നത് 30,000 കോടി രൂപയാണ്. അതിഥി തൊഴിലാളികള്‍ ഇവിടെ ചെയ്യുന്നത് നമുക്ക് അറിയാത്ത ജോലിയല്ല. മറിച്ച് നമ്മള്‍ ചെയ്യാത്ത ജോലിയാണ്.

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന മലയാളികള്‍ മനോഭാവം ഒന്നുമാറ്റിയാല്‍ ഈ പണിയൊക്കെ ചെയ്ത് ഇവിടെ കഴിയാം.

4. നാട്ടില്‍ ചെന്നാല്‍ സ്വന്തം വീട്ടിലെ ചെറിയ പ്ലംബിംഗ്, ഇലക്ട്രിക്കല്‍, മരപ്പണികള്‍ക്ക് ആളെ തെരഞ്ഞാല്‍ കിട്ടുമായിരുന്നോ? ഇല്ല. പ്രവാസികളെ അതില്‍ തന്നെ ഒരു അവസരമില്ലേ. ഗള്‍ഫ് രാജ്യങ്ങളില്‍ പ്ലംബിംഗ്, ഇലക്ട്രിക്കല്‍, മരപ്പണി, മെക്കാനിക്കല്‍ ജോലികള്‍ ചെയ്തിരുന്നവര്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇത്തരം വൈദഗ്ധ്യങ്ങള്‍ മാത്രം മൂലധനമാക്കി സ്വന്തം സംരംഭമോ അല്ലെങ്കില്‍ ജോലിയോ കണ്ടെത്തണം. ഈ പണികള്‍ക്ക് കുറവുണ്ടാകില്ല. മാന്യമായ വേതനവും ലഭിക്കും.

5. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ കേരളത്തില്‍ പൊതുവേ പല ബിസിനസുകളും ചെയ്യാനാണ് ശ്രമിക്കുക. ആ ശൈലി ഇനിയൊന്നു മാറ്റണം. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന വസ്തുക്കള്‍ അസംസ്‌കൃത വസ്തുവാക്കിയുള്ള ചെറിയ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കണം. ഉദാഹരണത്തിന് ചക്ക, മാങ്ങ, പൈനാപ്പിള്‍ എന്നിവയില്‍ നിന്നെല്ലാം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാം. കേരളത്തില്‍ വിളയുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ എല്ലാം കയറ്റി അയച്ച് ജീവിക്കാനാവില്ലെന്ന കോവിഡ് കാലം നിലവിലെ കര്‍ഷകരെയും പഠിപ്പിച്ചിട്ടുണ്ട്. തദ്ദേശീയമായി ലഭിക്കുന്ന കാര്യങ്ങള്‍ കൊണ്ട് തദ്ദേശീയമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാം.

6. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 3.2 ശതമാനമാണ് മലയാളികള്‍. എന്നാല്‍ കേരളത്തിലെ വാഹനങ്ങള്‍ രാജ്യത്തെ മൊത്തം വാഹനങ്ങളുടെ ഏതാണ്ട് ഏഴ് ശതമാനം വരും. പക്ഷേ, ഇത്രയും വാഹന സാന്ദ്രതയുണ്ടായിട്ടും ഒരു ചെറിയ ഓട്ടോമൊബീല്‍ സ്‌പെയര്‍ പാര്‍ട്‌സ് പോലും കേരളത്തിലുണ്ടാക്കുന്നില്ല. കേരളത്തിലെ റബര്‍ ഉപയോഗിച്ച് ഇതര സംസ്ഥാനത്ത് പാര്‍ട്‌സുണ്ടാക്കി കേരളത്തില്‍ വില്‍ക്കുന്നുണ്ട്. ഇത് കേരളത്തിലായിക്കൂടെ.

കേരള സര്‍ക്കാരും മലയാളി സമൂഹവും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ചെറു സംരംഭങ്ങള്‍ ആരംഭിക്കാനുള്ള കൈത്താങ്ങായി നില്‍ക്കണം. റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങി എന്തും നമുക്കിവിടെ ആരംഭിക്കാം.

7. പ്രവാസി മലയാളികളും അല്ലാത്തവരും ഏറെ സ്ഥലം വാങ്ങി വെറുതെ നാട്ടില്‍ ഇട്ടിട്ടുണ്ട്. ഇതിനെ ക്രിയാത്മകമായി ഉപയോഗിക്കണം ഇനി. പച്ചക്കറി കൃഷി, മീന്‍ വളര്‍ത്തല്‍ എന്നിവയെല്ലാം അത്യാധുനിക സംവിധാനങ്ങളോടെ പിന്‍ബലത്തോടെ നടത്താം. കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ വിളവുണ്ടാക്കാന്‍ നോക്കണം.

എത്രയോ വലിയ വീടുകളാണ് കേരളത്തിലുള്ളത്. അവ വെറും കെട്ടുക്കാഴ്ചയാക്കി നിര്‍ത്താതെ അതിന്റെ മുറ്റത്തും ടെറസിലുമെല്ലാം പച്ചക്കറിയോ പഴവര്‍ഗങ്ങളോ വളര്‍ത്താം. ഇതുകൊണ്ട് എങ്ങനെ ജീവിക്കാം എന്ന് ഒറ്റയ്ക്കിരുന്ന് ആലോചിച്ചാല്‍ മറുപടി കിട്ടില്ല. പക്ഷേ കോവിഡിന് ശേഷം ഇതൊരു മൂവ്‌മെന്റാകും. അപ്പോള്‍ അവസരങ്ങളും സാധ്യതകളും തുറന്നുവരിക തന്നെ ചെയ്യും.

(ധനം ഓണ്‍ലൈന്‍ ഗോപിയോയുമായി ചേര്‍ന്ന് നടത്തിയ Covid 19: Opportunities and Challanges for Keralites abroad എന്ന വെബിനാറില്‍ കെ വി ഷംസുദ്ദീന്‍ നടത്തിയ പ്രഭാഷണത്തെ ആധാരമാക്കി തയ്യാറാക്കിയത്.)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it