Begin typing your search above and press return to search.
ജോലിക്കൊപ്പം ബിസിനസും പഠിക്കാം, ഇക്കാര്യങ്ങള്‍ മനസില്‍ വച്ചാല്‍ മതി
വിജയകരമായ ഒരു സംരംഭം തുടങ്ങുന്നതിന് വിവിധ ഘടകങ്ങള്‍ ആവശ്യമാണെന്ന് മുന്‍ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. ചിത്രം ഒന്ന് കാണുക.
കഴിഞ്ഞ രണ്ട് ലക്കങ്ങളിലായി ഇവയില്‍ സംരംഭക മനോഭാവം, ശരിയായ ഉല്‍പ്പന്നം/സേവനം, ശരിയായ വിപണി എന്നീ ഘടകങ്ങളെ കുറിച്ച് വിശദീകരിച്ചിരുന്നു.
ജ്ഞാനം ഉണ്ടായിരിക്കുക
ബിസിനസിനെ കുറിച്ച് ആവശ്യമായ ജ്ഞാനം ഉണ്ടായിരിക്കുക എന്ന മൂന്നാമത്തെ ഘടകത്തെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമാക്കാം. നിങ്ങള്‍ ശരിയായ ഉല്‍പ്പന്നം/സേവനം, ശരിയായ വിപണി എന്നിവ തിരഞ്ഞെടുത്തു കഴിഞ്ഞതിനു ശേഷം ഒരു പുതിയ ബിസിനസ് ആരംഭിക്കുമ്പോള്‍ ആവശ്യമായ പ്രധാനപ്പെട്ട ഒരു ഘടകമാണിത്.
തുടങ്ങാന്‍ പോകുന്ന ബിസിനസിനെ കുറിച്ച് അറിവുണ്ടായിരിക്കുക എന്നതാണ് ബിസിനസിന്റെ വിജയത്തിന് ഏറ്റവും അത്യാവശ്യമായ കാര്യം. നിങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസിന് സമാനമായ സ്ഥാപനം വിപണിയില്‍ നിലവിലുണ്ടെങ്കില്‍ ആ ബിസിനസിനെ കുറിച്ച് അറിയാനുള്ള ഏറ്റവും മികച്ച മാര്‍ഗം അവയിലേതെങ്കിലും സ്ഥാപനത്തില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കുക എന്നതാണ്. വിപണിയില്‍ സമാനമായ ബിസിനസ് നിലവിലില്ലെങ്കില്‍ അത്തരം ബിസിനസ് പ്രവര്‍ത്തിക്കുന്ന വിപണിയിലെത്തി അത്തരം സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയും വേണം.
ഏത് വിഭാഗത്തില്‍ പ്രവര്‍ത്തിക്കണം
സമാനമായ ബിസിനസിന്റെ ഏത് വിഭാഗത്തിലാണ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നയാള്‍ പ്രവര്‍ത്തിക്കേണ്ടത്? സ്ഥാപനത്തിന്റെ സെയ്ല്‍സ് വിഭാഗത്തിലായിരിക്കണം സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നയാള്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം. കാരണം ഒരു ബിസിനസില്‍ ഏറ്റവും പ്രാധാന്യത്തോടെ പഠിക്കേണ്ട കാര്യം സെയ്ല്‍സ് ആണെന്നതു തന്നെ. സെയ്ല്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപഭോക്താക്കളുടെ ആവശ്യം, വില നിര്‍ണയം, ചെലവ്, വേണ്ടിവരുന്ന സമയം, സീസണ്‍ മുതലായ കാര്യങ്ങളെ കുറിച്ച് മനസിലാക്കാനാകും. ആരംഭിക്കാനിരിക്കുന്ന ബിസിനസിന്റെ വിജയത്തില്‍ ഈ ഘടകത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എത്ര ഊന്നിപ്പറഞ്ഞാലും മതിയാവില്ല. ഒരാള്‍ക്ക് ശമ്പളം വാങ്ങിക്കൊണ്ട് തന്റെ ഭാവി ബിസിനസിനെ കുറിച്ച് പഠിക്കാനുള്ള ഏക മാര്‍ഗമാണിത്. ദൗര്‍ഭാഗ്യവശാല്‍, സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പലരും ബിസിനസ് തുടങ്ങുമ്പോള്‍ ഒഴിവാക്കുന്ന ഒരു കാര്യമാണിത്.
ആവശ്യമായ മൂലധനം എന്ന അവസാനത്തെ ഘടകത്തെ കുറിച്ച് അടുത്ത ലക്കത്തില്‍ വിശദമാക്കാം.
Next Story
Videos