പരസ്യ ഏജന്‍സിയെ എങ്ങനെ തെരെഞ്ഞടുക്കാം

പരസ്യകലയിലെ 'കല' എന്നത് ഒരു ത്രികോണമാണ് ശരിയായ സ്ഥാപനം (Client), ശരിയായ ഏജന്‍സി, ശരിയായ പ്രവര്‍ത്തനരീതി. ഇതില്‍ നിങ്ങള്‍ നില്‍ക്കുന്നത് ശരിയായ സ്ഥാപനം എന്ന കളത്തിലാണ്.

നിങ്ങള്‍ക്കായി പരസ്യം ചെയ്യേണ്ട ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനു മുമ്പായി നിങ്ങള്‍ക്കു വേണ്ടത് വലിയ ആശയങ്ങളാണ്. വലിയ ചോദ്യങ്ങളാണ്. അവയില്‍ നിന്നു വലിയ ഉത്തരങ്ങള്‍ കിട്ടും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഈ ആത്മവിശ്വാസവും മേന്മയേറിയ പരസ്യത്തിനുവേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹവുമാണ് നിങ്ങളുടെ ആകര്‍ഷകമായ പരസ്യങ്ങള്‍ ചെയ്യാന്‍ പോകുന്ന ആ മികച്ച ഏജന്‍സിയെ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. നിങ്ങള്‍ളുടെ വലിയ ആശയങ്ങൾക്കുള്ള ചെറുചിന്താശകലങ്ങളായി ഇതാ ഒരു പിടികാര്യങ്ങള്‍.

ആദ്യമായി നിങ്ങള്‍ക്ക് ഒരു ഏജന്‍സിയുടെ സേവനം ആവശ്യമുണ്ടോ എന്നു തീരുമാനിക്കുക. സ്വയം ചെയ്യാനാവുന്ന ഒന്നുതന്നെയാണ് പരസ്യ നിര്‍മാണം; നിങ്ങള്‍ക്ക് അല്‍പ്പം ചിട്ടയും ഭാവനയും സമയവുമുണ്ടെങ്കില്‍.

പരസ്യ ഏജന്‍സിയില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന സേവനങ്ങള്‍ ഏതെല്ലാമാണെന്ന് നിശ്ചയിക്കുക. അതിലുറച്ചു നില്‍ക്കുക. ചെറിയ കാലയളവിലേക്കാണോ അതോ ദീര്‍ഘകാലത്തേക്ക് തുടര്‍ച്ചയായി നടപ്പാക്കേണ്ട ഒരു പരസ്യവിപണന തന്ത്രമാണോ ആവിഷ്കരിക്കേണ്ടത് എന്ന് തീരുമാനിക്കുക.

എതിരാളികളുടെ പരസ്യങ്ങളേയും വിപണനത്രന്തങ്ങളേയും പറ്റി നല്ല അറിവുണ്ടാക്കണം. ആ അറിവോടെയാണ് നിങ്ങള്‍ നിങ്ങളുടെ പരസ്യ ഏജന്‍സിയെ തെരഞ്ഞെടുക്കേണ്ടത്.

നിങ്ങളുടെ പ്രവര്‍ത്തനമേഖലയിൽ പരസ്യം ചെയ്തു പരിചയമുള്ള ഏജന്‍സികളെ സ്വീകരിക്കാം. പക്ഷേ, എതിരാളിയുടെ പരസ്യം ചെയ്യുന്ന ഏജന്‍സി വേണ്ട.

ഒന്നിലധികം ഏജന്‍സികളെ പരിഗണിക്കുക. അവരുടെ മറ്റു പരസ്യങ്ങള്‍ ശ്രദ്ധിക്കുക. അവയുടെ ഫലസിദ്ധി (Result) എത്രമാത്രമാണെന്ന് അന്വേഷിച്ചറിയുക. ഒരു പരസ്യത്തിന്റെ മൂല്യം അതിന്റെ ഫലത്തിലാണ്; അത് കൊണ്ടുവരുന്ന വ്യാപാരത്തിലോ ഉപഭോക്താവിന്റെ മനംമാറ്റത്തിലോ ആണ്.

പരിചയക്കാരന്റേതാണ് എന്ന കാരണത്താല്‍ മാത്രം ഒരു ഏജന്‍സിയെ തെരെഞ്ഞടുക്കരുത്. ശരിയായ ആശയവിനിമയം നടത്താനും ബുദ്ധിമുട്ടുകളുണ്ടായേക്കാം.

പരിഗണിക്കപ്പെട്ട പട്ടികയില്‍ നിന്ന് മൂന്നോ നാലോ ഏജന്‍സികളെ തെരഞ്ഞെടുത്ത് ഓരോരുത്തരേയും ആശയാവതരണത്തിനായി (Presentation) ക്ഷണിക്കാം. എല്ലാവര്‍ക്കും ഒരേ വിവരങ്ങള്‍ തന്നെ നല്‍കുക. ആ വിവരങ്ങളുപയോഗിച്ച് അവര്‍ നല്‍കുന്ന വ്യത്യസ്തതകളിലാണ് നിങ്ങള്‍ മൂല്യം കാണേണ്ടത്.

നിങ്ങളുടെ പ്രതിഛായ രൂപകല്‍പ്പന ചെയ്യേണ്ടത് ഇവരാണെന്ന് എപ്പോഴും ഓര്‍ക്കുക. അതിനനുസരിച്ച് മൂല്യനിര്‍ണയം നടത്തുക. അവരുടെ മുന്‍കാല പരസ്യങ്ങളും (Portfolio) വിലയിരുത്തുക.

ഏജന്‍സിയെക്കുറിച്ചുള്ള 'റഫറന്‍സു'കള്‍ ചോദിക്കുക. അവ നിര്‍ബന്ധമായും പരിശോധിക്കുക.

ഏജന്‍സിയുടെ ഓഫീസില്‍ അനൗദ്യോഗിക സന്ദര്‍ശനം നടത്തുക. അവരുടെ സാഹചര്യങ്ങളും പ്രവര്‍ത്തന രീതിയും വിലയിരുത്തുക. പരസ്യത്തിലൂടെ നിങ്ങള്‍ നേടാനുദ്ദേശിക്കുന്ന ലക്ഷ്യത്തെ മനസിലാക്കിക്കൊടുക്കാനും ഈ സന്ദര്‍ശനം ഉപയോഗിക്കാം. കരാറിലേര്‍പ്പെടുകയാണെങ്കിൽ, നാളെ, ഈ ഏജന്‍സി നിങ്ങളുടെ സ്ഥാപനത്തിന്റെ ഒരു ഭാഗഭാക്കെന്നവണ്ണം പ്രവര്‍ത്തിക്കേണ്ടതായതിനാല്‍ ഈ സന്ദര്‍ശനം ഒഴിവാക്കരുത്.

ഏജന്‍സിയുടെ അവതരണം ഇഷ്ടപ്പെട്ട് നിങ്ങള്‍ ആ ഏജന്‍സിയെ തെരെഞ്ഞടുക്കുകയാണെങ്കില്‍ അവതരണം തയാറാക്കിയ പ്രവര്‍ത്തകര്‍ തന്നെ നിങ്ങളുടെ തുടര്‍ന്നുള്ള പരസ്യരൂപകല്‍പ്പന ചെയ്യാനുെണ്ടന്ന് ഉറപ്പുവരുത്തണം. ചില ഏജന്‍സികള്‍ അവതരണത്തിന് വിദഗധ്‌രെ വരുത്തുകയും കരാറിലേർപ്പെട്ടതിനുശേഷം ക്രിയാത്മകശേഷി കുറഞ്ഞ, ചെറിയ പ്രതിഫലത്തിലുള്ളവരെ പരസ്യരൂപീകരണത്തിനുപായോഗിക്കുകയ ും ചെയ്യുന്ന പ്രവണത കണ്ടുവരാറുണ്ട്.

മുന്‍കാലങ്ങളിൽ ഒരുപാട് തകര്‍പ്പന്‍ അവതരണങ്ങള്‍ നടത്തി ബിസിനസ് നേടിയശേഷം മോശപ്പെട്ട സേവനം കൊണ്ട് അവയെ നഷ്ടപ്പെടുത്തിയ ഏജന്‍സികളെ മുന്‍കൂട്ടി അന്വേഷിച്ചറിയണം. സമയം നഷ്ടപ്പെടുത്തരുത്.

ഗ്ലാമറും വാചകക്കസര്‍ത്തും അവതരണത്തിലുണ്ടാകാം. പരസ്യത്തിന്റെ ജീവന്‍ അതിന്റെ ഫലസിദ്ധിയിലാണെന്നത് ഓര്‍ക്കുക.

ക്രിയേറ്റിവിറ്റി എന്ന പേരില്‍ പരസ്യവിദഗ്ധര്‍ 'സ്വയം വില്‍ക്കാനു'ള്ള പരസ്യങ്ങള്‍ നിങ്ങളുടെ ചെലവില്‍ നിര്‍മിച്ചേക്കാം. അവര്‍ നിങ്ങള്‍ക്കായി ഒരുക്കുന്ന പരസ്യങ്ങള്‍ നിങ്ങളുടെ ഉല്‍പ്പന്നത്തെ/ സേവനത്തെ വില്‍ക്കുന്നതാണെന്ന് ഉറപ്പുവരുത്തുക. വിപണനത്രന്തപരമായ (Strategic) ക്രിയേറ്റിവിറ്റിയാണ് പരസ്യങ്ങള്‍ക്കാവശ്യം.

വലിയ ഏജന്‍സികള്‍ക്ക് ഒരുപക്ഷേ, നിങ്ങളുടെ ചെറിയ ബിസിനസ് ഒരു 'കൊച്ച്' എക്കൗണ്ടായിരിക്കാം. അങ്ങനെയല്ലെന്ന് ഉറപ്പാക്കുക. വലുപ്പച്ചെറുപ്പമില്ലാതെ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആശയസമ്പുഷ്ടതയുള്ള ഏജന്‍സിയാണ് അഭികാമ്യം. ഗുണം, വേഗം എന്നിവ പരമ്രപധാനവും.

നിങ്ങളുടെ പരസ്യബജറ്റ് നിങ്ങളുടെ പരസ്യങ്ങള്‍ക്കുള്ളതാണ്. ധൂര്‍ത്തടിക്കാനോ വക മാറ്റി ചെലവഴിക്കാനോ പരസ്യവിദഗ്ധരെ അനുവദിക്കാതിരിക്കുക.

നിങ്ങള്‍ക്കായി 'സര്‍വീസ്' ചെയ്യുന്നത് ഏജന്‍സിയിലെ ആരെല്ലാമായിരിക്കും എന്ന് വ്യക്തമായി മനസിലാക്കുക, ഉറപ്പുവരുത്തുക.

ഒരു 'ടോട്ടല്‍ അപ്രോച്ച്' ആശയമാണ് നല്ലത്. 'ഒരു അടിപൊളി പരസ്യം രണ്ട് മാസം കൂടുേമ്പാള്‍' എന്ന 'സ്റ്റൈല്‍' ഗുണകരമല്ല. അതിനാല്‍ സാവധാനം ചിന്തിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രം പരസ്യ ഏജന്‍സിയെ തെരെഞ്ഞടുക്കുക.

മികച്ച, വ്യക്തതയുള്ള കേന്ദ്ര ആശയത്തെ ആശ്രയിച്ച് പരസ്യങ്ങളും ബ്രോഷറുകളും മറ്റ് പരസ്യാനുബന്ധ പദ്ധതികളും രൂപകല്‍പ്പന ചെയ്യുന്ന ഒരു ഏജന്‍സിക്ക് നിങ്ങള്‍ക്കായി സ്ഥിരതയും മിഴിവുള്ളതുമായ ഒരു പ്രതിഛായ നല്‍കുവാന്‍ സാധിക്കും. മാത്രമല്ല, ഒരു വിപണനതന്ത്രത്തില്‍ നിന്നും മറ്റൊന്നിലേക്ക് നിങ്ങളെ സുഗമമായി നയിക്കാനും സാധിക്കും.

നിങ്ങളുടെ നന്മ കാംക്ഷിക്കുന്ന ഒരു നല്ല സുഹൃത്തിനോടെന്നപോലെ നിങ്ങളുടെ ഏജന്‍സിയോട് പെരുമാറുകയും സഹകരിക്കുകയും ചെയ്യുക.

ഒരു ഡോക്ടറെ സമീപിക്കുന്നതുപോലെയാണ് ഒരു ഏജന്‍സിയെ കണ്ടെത്തുന്നത്. ഡോക്ടർ എങ്ങനെ ചികില്‍സിക്കുമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ. പക്ഷേ, നിങ്ങള്‍ ഡോക്ടറെ പൂര്‍ണമായും വിശ്വസിക്കുന്നു. അതുപോലെ ഒരിക്കല്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ ആ ഏജന്‍സിയെ വിശ്വസിക്കുക. കാരണം ആ വിശ്വാസം നിങ്ങളുടെ തെരെഞ്ഞടുക്കാനുള്ള കഴിവിലും രീതിയിലും നിങ്ങള്‍ക്കുള്ള വിശ്വാസം തന്നെയാണ്.

ഏജന്‍സിക്ക് നിങ്ങളുടെ ആശയങ്ങള്‍ നല്‍കുകയും അവരുടേത് വിലയിരുത്തുകയും ചെയ്യുന്നതോടൊപ്പം അവരുടെ സേവനത്തിനുള്ള പ്രതിഫലവും കൃത്യമായി നല്‍കുക. ബില്ലുകള്‍ മറക്കരുത്!

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it