എല്ലാകാര്യത്തിലും തലയിടേണ്ട; ബിസിനസ് വളര്‍ത്താന്‍ ഈ ശൈലി മതി

പഠനങ്ങള്‍ പറയുന്നത് 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് അവരുടെ നേതൃനിരയിലുള്ളവരെ വിശ്വസിക്കുന്നുള്ളൂവെന്നാണ്. എന്താണ് കാരണം? 50 ശതമാനം ലീഡര്‍മാര്‍ മാത്രമേ അവരുടെ ജീവനക്കാരെയും വിശ്വസിക്കുന്നുള്ളു!

ഒരു ടീമിന്റെ വിജയമിരിക്കുന്നത് പരസ്പര വിശ്വാസത്തിലാണ്. ജീവനക്കാര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും അത് നടപ്പാക്കി റിസള്‍ട്ട് സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കുകയും വേണം. ഇതാണ് ശാക്തീകരണം.

ജീവനക്കാരെ ശാക്തീകരിക്കുന്നതിനുള്ള ഒരു രീതി ജോലികള്‍ വിഭജിച്ച് നല്‍കലാണ്. ജോലികള്‍ വിഭജിച്ച് നല്‍കുമ്പോള്‍ തന്നെ, തീരുമാനങ്ങളെടുക്കാനും അത് നടപ്പാക്കാനും പറ്റുന്ന വിഭവസമ്പത്ത് കൂടി അവര്‍ക്ക് നല്‍കണം. എന്ത് ഉത്തരവാദിത്തമാണോ അവരെ ഏല്‍പ്പിച്ചത് അതിന്റെ എല്ലാ നിര്‍വഹണ ചുമതലയും അവര്‍ക്കായിരിക്കും.

ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്ത് ശരിയായ വിധത്തില്‍ നടപ്പാക്കുക എന്നത് ഒരു പ്രസ്ഥാനത്തിന്റെ വിജയത്തിന് ആവശ്യം വേണ്ട കാര്യമാണ്. ജോലികള്‍ വിഭജിച്ച് നല്‍കുന്നതിലൂടെയോ വികേന്ദ്രീകരണത്തിലൂടെയോ ശാക്തീകരിക്കപ്പെട്ട ജീവനക്കാരിലൂടെ മാത്രമേ ഇത് സാധ്യമാവൂ.

ജീവനക്കാരെ വിശ്വാസത്തിലെടുത്താല്‍ മാത്രമേ അവര്‍ ശാക്തീകരിക്കപ്പെടുകയുള്ളൂ. അവര്‍ പ്രചോദിതരാവുകയുള്ളൂ. പ്രസ്ഥാനത്തെ നയിക്കുന്ന വ്യക്തികള്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ആള്‍ എന്ന തലത്തില്‍ നിന്ന് ഒരു ലീഡറായി, മുന്നില്‍ നിന്ന് നയിക്കുന്ന ആളായി ഇതോടെ വളരും. ഇതിനെന്ത് വേണമെന്ന് നോക്കാം.
  • പ്രോസസ് തീരുമാനിക്കുക, റിസര്‍ട്ടില്‍ മാത്രം ശ്രദ്ധയൂന്നുക: ലീഡേഴ്‌സ് കൂടുതല്‍ ശ്രദ്ധയൂന്നേണ്ടത് റിസള്‍ട്ടിലാണ് അല്ലാതെ പ്രോസസില്ല. ഒരിക്കല്‍ പ്രോസസ് തീരുമാനിച്ചുറപ്പിക്കുക. എന്നിരുന്നാലും ഏറ്റവും ചെറിയ കാര്യത്തില്‍ വരെ തലയിടാനുള്ള ഉള്‍പ്രേരണ പലരിലും കാണും. അതുകൊണ്ട് തന്നെ ചില ലീഡേഴ്‌സ് ജോലികള്‍ ചെയ്യാന്‍ ഏല്‍പ്പിക്കപ്പെട്ടവരെ അത് ചെയ്യാന്‍ അനുവദിക്കാത്ത വിധം അതില്‍ തലയിടാറുമുണ്ട്. ഇതിനെയാണ് മൈക്രോ മാനേജ്‌മെന്റ് അല്ലെങ്കില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് എന്ന് വിളിക്കുന്നത്.
  • പിന്‍സീറ്റ് ഡ്രൈവിംഗ്

ജീവനക്കാരെ എപ്പോഴും സൂക്ഷ്മമായി നിരീക്ഷിച്ച് അവരെ നിയന്ത്രിച്ച് ജോലികള്‍ നിരന്തരം ഓര്‍മ്മിപ്പിച്ച് കൊണ്ടുപോകുന്ന മാനേജ്‌മെന്റ് ശൈലിയാണിത്. തൊഴിലിടത്തില്‍ ഇതുമൂലം സ്വാതന്ത്ര്യം കുറവായിരിക്കും. മൈക്രോ മാനേജര്‍മാര്‍ അവരുമായി ആലോചിക്കാതെ ഒരു ജീവനക്കാരന്‍ തീരുമാനമെടുത്താല്‍ ആകെ അസ്വസ്ഥരാകും. മാത്രമല്ല ഇവര്‍ എപ്പോഴും വിശദമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന 'റിപ്പോര്‍ട്ടോ മാനിയ' പിടിപ്പെട്ടവരാകും. ടീമംഗങ്ങള്‍ കുറച്ചുകാലം ഇതൊക്കെ സഹിച്ച് നിന്നെന്നിരിക്കും. പക്ഷേ പിന്നീട് സ്ഥാപനം വിട്ടുപോകും.

  • ഇടപെടുന്നത് കുറയ്ക്കുക; സ്വാധീനം കൂട്ടുക

ഒരിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിക്കപ്പെട്ടാല്‍ ജീവനക്കാര്‍ക്ക് എങ്ങനെ ജോലി ചെയ്യണമെന്ന് സ്വയം തെരഞ്ഞെടുക്കാം. ഓരോരുത്തര്‍ക്കും അനുയോജ്യമായ വിധത്തിലുള്ള ശൈലി തെരഞ്ഞെടുക്കാനും അതിലൂടെ അവര്‍ ശാക്തീകരിക്കപ്പെടുകയും ചെയ്യും. ശരിയായ തലത്തില്‍ നിന്ന് കൊണ്ട് ടീമിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാം. ടീമില്‍ നിന്ന് ഏറെ അകന്ന് നില്‍ക്കരുത്. അങ്ങനെ വന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ കൃത്യമായ ഇടപെടല്‍ അസാധ്യമാവും. ടീമിനെ പിന്തുണയ്ക്കും വിധം പ്രോത്സാഹനങ്ങളും നിര്‍ദേശങ്ങളും നല്‍കണം. എന്നാല്‍ എല്ലാ കാര്യത്തിലും കയറി തലയിടാനും പാടില്ല. ഇടപെടല്‍ കുറയ്ക്കണം. എന്നിട്ട് ടീമിനെ സ്വാധീനിക്കുന്നത് കൂട്ടണം.

  • കെട്ടിപ്പടുക്കുക, ഉപകരണമാക്കരുത്

മൂല്യാധിഷ്ഠിതമായൊരു നല്ലൊരു ടീമിനെ കെട്ടിപ്പടുക്കണം. ഇങ്ങനെ ചെയ്താല്‍ മാത്രമേ ആ ടീം തുടര്‍ന്നും ആ പ്രസ്ഥാനത്തിനെ വളര്‍ത്താന്‍ നിലകൊള്ളൂ. ടീമിനെ വളര്‍ത്താതെ അവരെ ഉപകരണമാക്കിയാല്‍ ഈ ഫലം ലഭിക്കില്ല. പല ഓര്‍ഗനൈസേഷനിലും നല്ല പ്രൊഫഷണലുകള്‍ കാണും പക്ഷേ നല്ല ലീഡേഴ്‌സ് ആവണമെന്നില്ല. അതുകൊണ്ടാണ് പല ഓര്‍ഗനൈസേഷനുകളും പരാജയപ്പെടുന്നത്.

  • ടീമിനെ വിശ്വാസത്തിലെടുക്കുക

ജീവനക്കാരെ വിശ്വസിക്കുന്നതിലൂടെ അവരുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് വളര്‍ത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വൈദഗ്ധ്യം കൂട്ടാനും കര്‍ത്തവ്യബോധത്തോടെ ജോലി ചെയ്യാനുമൊക്കെ സഹായിക്കുകയാണ് ലീഡര്‍ ചെയ്യുന്നത്. ഇതിന്റെ ആദ്യപടിയായി ജീവനക്കാരുടെ കഴിവും പ്രാഗത്ഭ്യവും പ്രമോര്‍ട്ടര്‍ തിരിച്ചറിയണം. എന്നിട്ട് നല്ല രീതിയില്‍ പ്രസ്ഥാനം നയിക്കണം; ജീവനക്കാരുടെ കരിയര്‍ ഗോള്‍ നേടിയെടുക്കാന്‍ പര്യാപ്തമാകുന്ന വിധത്തില്‍.

കാര്യങ്ങള്‍ നടത്തിയെടുക്കലാണ് ലീഡറുടെ കടമ.

(ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റാണ് ലേഖകന്‍)Babu K A
Babu K A  

Related Articles

Next Story

Videos

Share it