ഓഫീസിലിരിക്കുന്നതിനേക്കാള്‍ പ്രൊഡക്റ്റീവ് ആകാം; വര്‍ക് ഫ്രം ഹോം രസകരവും കാര്യക്ഷമവുമാക്കാനുള്ള 10 സിംപിള്‍ വഴികള്‍

കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ കഴിഞ്ഞാലും പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം തുടരാനിടയുണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ഓഫീസിലെ ജോലികള്‍ വീട്ടിലിരുന്നു ചെയ്യുന്ന രീതി ഐറ്റി മേഖലയിലും കണ്‍സല്‍ട്ടന്‍സികളിലുമൊക്കെ പതിവും പരിചിതവുമാണ്. കുറെ ആളുകള്‍ (സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രധാനമായും) വീട് സ്ഥിരം ഓഫീസായി ഉപയോഗിക്കുന്ന ഹോം ഓഫീസ് രീതികളും ചെയ്യാറുണ്ട്. പൊതുവില്‍ ഇത്തരം സംവിധാനങ്ങള്‍ വളരെ ചെറിയൊരു ശതമാനം ആളുകള്‍ക്ക് മാത്രമാണ് പരിചിതം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും വര്‍ക്ക് ഫ്രം ഹോം രീതിയുമായി ഇടപഴകിക്കഴിഞ്ഞെങ്കിലും വീട്ടിലിരുന്ന് പണിയെടുക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. പ്രത്യേകിച്ച് വിവിധ തരത്തിലുള്ള ശബ്ദങ്ങളും കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും നടുവിലിരുന്ന് ജോലി ചെയ്യുമ്പോള്‍. ഇതാ വര്‍ക് ഫ്ര ഹോം ഒന്നു ശ്രദ്ധിച്ചാല്‍ ഓഫീസിലിരിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ പ്രൊഡക്റ്റീവ് ആക്കാം. എല്‍ഇഡി വേള്‍ഡ് സ്ഥാപകന്‍ അള്‍ത്താഫ് അലി നല്‍കുന്ന പത്ത് മാര്‍ഗ നിര്‍ദേശങ്ങള്‍.

1. നേരത്തെ തുടങ്ങുക:

ഓഫീസില്‍ പോകേണ്ടല്ലോ എന്നു കരുതി കൂടുതല്‍ നേരം ഉറങ്ങാനും മടിപിടിച്ചിരിക്കാനും നോക്കേണ്ട. നേരത്തെ എഴുന്നേറ്റ് യോഗയോ വ്യായാമമോ ഒക്കെയാകാം. രാവിലെ തന്നെ മനസ്സ് ഫ്രഷ് ആക്കുന്നതിലൂടെ ഓരോ ദിവസവും ഊര്‍ജസ്വലത നിറയ്ക്കാം. നല്ല പ്രഭാതങ്ങളാണ് നല്ല ദിവസം നല്‍കുന്നത്. ഓഫീസ് ജോലികള്‍ ചെയ്യുമ്പോള്‍ കുടിക്കാനുള്ള വെള്ളം ചായയോ ചൂട് വെള്ളമോ ഫ്‌ളാസ്‌കില്‍, ചെറിയ സ്‌നാക്‌സ് ആവശ്യമെങ്കില്‍…ഇവയൊക്കെ കൈ അകലത്തില്‍ കരുതാം.

2. ജോലിചെയ്യുന്നിടം ഒരുക്കാം

ജോലി ശരിയാകണമെങ്കില്‍ ജോലി ചെയ്യാന്‍ ഇരിക്കുന്ന സ്ഥലം നന്നായിരിക്കണം. ഓഫീസ് പോലെ അത് തോന്നിക്കുകയും വേണം. ഒരു ഡെസ്‌ക് ടോപ് കലണ്ടര്‍, റൈറ്റിംഗ്പാഡ്, സ്റ്റിക്കി നോട്ട്, പെന്‍ സ്റ്റാന്‍ഡ്, ദിവസം എട്ടു മണിക്കൂര്‍ ജോലി ചെയ്യാനുതകുന്ന വിധത്തില്‍ ഇരിയ്ക്കാന്‍ കംഫര്‍ട്ടബ്‌ളായ ഒരു കസേര (നാടുവിന് സപ്പോര്‍ട്ടു നല്‍കാന്‍ പില്ലോ), സൗകര്യപ്രദമായ മേശ എന്നിവ തീര്‍ച്ചയായും വേണം. വീട്ടിലെ ഒരു ഇടം ഓഫീസ് പോലെ സെറ്റ് ആക്കിയാല്‍ മറ്റ് ശല്യങ്ങളില്ലാതെ ജോലി ചെയ്യാം. കംപ്യൂട്ടര്‍ ഡിസ്‌പ്ലേ വേണ്ടരീതിയില്‍ വലുതാണെന്ന് ഉറപ്പു വരുത്തണം. ഒന്നോ രണ്ടോ ദിവസങ്ങള്‍ വീട്ടിലെ ഇഷ്ടമുള്ള ഇടങ്ങളില്‍ ഇരുന്നും കിടന്നുമൊക്കെ ജോലി ചെയ്യാം അതിലധികമായാല്‍ ആരോഗ്യം പോകും നിങ്ങളുടെ ഉല്‍പ്പാദനക്ഷമതയും. വൈദ്യുതി, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയും മികച്ചതാണെന്ന് ഉറപ്പു വരുത്തുന്നതോടൊപ്പം മുറിയിലെ വെളിച്ചവും ക്രമീകരിക്കണം.

3. ടു ഡു ലിസ്റ്റ് മറക്കല്ലേ

ഓരോ ദിവസവും ചെയ്യാനുള്ള ജോലി, എങ്ങനെ എത്ര ഇടവേളകളില്‍ ചെയ്യണം എന്നതിന് ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ലിസ്റ്റ് ഉണ്ടാക്കി വെക്കണം. ഒരു ദിവസം ഇവ ചെയ്ത് തീര്‍ക്കാന്‍ പരമാവധി ശ്രമിക്കണം. ചെക് ലിസ്റ്റ് നോക്കി ടിക് ഇട്ട് ഓരോ ജോലിയും തീര്‍ത്ത് മുന്നോട്ട് പോകാം. ഇല്ലെങ്കില്‍ വീടാണെന്ന ചിന്ത വന്നാല്‍ ക്രമേണ വിരസത തലപൊക്കാം.

4. മികച്ച ആശയ വിനിമയം

ഓഫീസിലിരുന്ന് ജോലി ചെയ്യുന്നത് പോലെയല്ല വീട്ടിലിരുന്നുള്ള ജോലി, പ്രത്യേകിച്ച് പലരും പല തരം സാഹചര്യത്തില്‍ ഇരിക്കുകയും മുഖാ മുഖം കാണാതെ ഇരിക്കുകയും ചെയ്യുമ്പോള്‍. അത് കൊണ്ട് തന്നെ ജീവനക്കാര്‍ക്കിടയിലും ക്ലയന്റുകളുമായും മികച്ച ആശയ വിനിമയം വേണം. നിലവില്‍ വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇതിനുള്ള അവസരമൊരുക്കുന്നുണ്ട്. കോള്‍ കോണ്‍ഫറന്‍സ്, വിഡിയോ ചാറ്റ്, സൂം മീറ്റിംഗുകള്‍ എന്നിവ ഉപയോഗിക്കുക. രാവിലെ തന്നെ ഇത്തരത്തിലൊരു മീറ്റിംഗ് ഉണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ എല്ലാവരും എന്താണ് അന്നേ ദിവസം ചെയ്യുന്നതെന്ന് വിലയിരുത്താം. ഇതിന് ഒരു മിനുട്‌സും സൂക്ഷിക്കുക.

5 . ബ്രേക്കില്ലാ വണ്ടിയാവല്ലേ

വീട്ടിലിരുന്ന്‌കൊണ്ട് ജോലി ചെയ്യുകയാണെങ്കിലും കൃത്യമായി ഇടവേളകള്‍ എടുക്കുകയും അത് സമയത്ത് അവസാനിപ്പിച്ച് വീണ്ടും ജോലികളില്‍ വ്യാപൃതരാകുകയും വേണം. ഇത് സഹപ്രവര്‍ത്തകരോട് പറഞ്ഞിട്ട് എടുക്കുകയാണെങ്കില്‍ കൂടുതല്‍ നല്ലത്. അവര്‍ക്ക് നിങ്ങള്‍ ജോലിചെയ്യാന്‍ തയ്യാറായ സമയത്തെക്കുറിച്ചും നിങ്ങളെ ഏല്‍പ്പിക്കാനുള്ള ഉത്തരവാദിത്തം പങ്കിടലിനെ കുറിച്ചും ധാരണയുണ്ടാകും.

6. ക്വാളിറ്റി ടൈം കണ്ടെത്തൂ

വര്‍ക് ഫ്രം ഹോമില്‍ വര്‍ക് മാത്രം പോര, വായനയ്‌ക്കോ മറ്റ് കാര്യങ്ങള്‍ക്കോ വ്യക്തിഗത പഠനത്തിനോ സമയം നല്‍കാം. വായന ഇഷ്ടമല്ലാത്തവര്‍ക്ക് ജോലിയില്ലാത്ത സമയങ്ങളില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യുകയോ മോട്ടിവേഷണല്‍ വിഡിയോ, പോഡ്കാസ്റ്റുകള്‍ ഇവ കേള്‍ക്കുകയോ ഒക്കെ ആകാം. പുതിയ കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കുന്നതിലൂടെ നിങ്ങളുടെ അറിവ് മാത്രമല്ല സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും നിങ്ങള്‍ക്ക് പങ്കാളിയാകാം.

7. ജോലിയെ തിരിഞ്ഞു നോക്കാം

വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും റിപ്പോര്‍ട്ടുകള്‍ അയയ്ക്കുക. അവ സ്വയം പരിശോധിക്കുക. ഒരു വീക്ക്‌ലി റൗണ്ട് അപ് നല്ലതാണ്. ഇത് നിങ്ങളുടെ പെര്‍ഫോമന്‍സിലെ പോരായ്മകള്‍ പരിഹരിക്കാനും സ്വയം ഉത്തേജിപ്പിക്കാനും സഹായിക്കും. നിങ്ങളുടെ സ്ഥാപനത്തിന് നിങ്ങളുടെ കാര്യക്ഷമത എങ്ങനെ പ്രയോജനപ്പെടുന്നെന്നും ഇനിയും മികച്ചതാക്കാന്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ചും മേലുദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാനും മടിക്കരുത്.

8. ക്ലൗഡിലൂടെ ഷെയര്‍ ചെയ്യാം

ഡൗണ്‍ലോഡിംഗിന് ഏറെ സമയം ചെലവിടുന്ന വലിയ ഫയലുകള്‍ ക്ലൗഡിലൂടെ ഷെയര്‍ ചെയ്യുകയും സൂക്ഷിക്കുകയുമാകാം. ഡേറ്റ, സ്‌പേസ് എന്നിവ ലാഭിക്കാം. മാത്രമല്ല ഫയലുകളുടെ സുരക്ഷിതത്വവും ഉറപ്പാക്കാം.കഴുത്തിനും കണ്ണിനും വിശ്രമം

9. കഴുത്തിനും കണ്ണിനും വിശ്രമം

ജോലികള്‍ക്കിടയില്‍ കണ്ണുകള്‍ക്കു വിശ്രമവും കഴുത്തിന് അല്‍പ്പം റിലാക്‌സേഷനും നല്‍കണം. ഇടയ്ക്ക് തണുത്ത വെള്ളമൊഴിച്ച് കണ്ണുകള്‍ കഴുകുകയും കഴുത്തുകള്‍ മെല്ലെ റിലാക്‌സ് ചെയ്യിക്കുകയും ചുറ്റിക്കുകയുമാകാം. സ്‌ട്രെച്ച് ചെയ്യുകയും ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ അല്‍പ്പം നടക്കുന്നതും ഗുണം ചെയ്യും.

10, സംസാരിക്കൂ അന്നന്നത്തെ ജോലികള്‍

നിങ്ങളുടെ ഒരു ദിവസത്തെ സ്‌ട്രെസ് കുറയക്കാന്‍ മാത്രമല്ല ജോലിയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാനും വിലയിരുത്താനും സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നത് നല്ലതാണ്. ചെയ്ത് തീര്‍ക്കാനുള്ള ജോലികളുടെ ചെക്ക്‌ലിസ്റ്റ്, മുടങ്ങിയവ, അതിന്റെ കാരണങ്ങള്‍ എന്നിവയെല്ലാം പങ്കുവെക്കാം. ഉപദേശങ്ങളും അഭിപ്രായങ്ങളും തേടുകയുമാകാം. മാത്രമല്ല എന്നും കണ്ടുകൊണ്ടിരുന്ന സഹപ്രവര്‍ത്തകര്‍ക്കിടയിലെ സൗഹൃദവും ആരോഗ്യകരമായ ബന്ധവും ഊട്ടിയുറപ്പിക്കാം. വൈകിട്ട് ജോലി കഴിഞ്ഞാല്‍ തന്നെ വ്യായാമമോ സിനിമയോ പാട്ടോ കുക്കിംഗോ ഒക്കെയായി സമയം ചെലവിടുന്നത് മനസ്സിന് സ്‌ട്രെസ് റിലീഫ് നല്‍കും.

ലേഖകന്‍ : അള്‍ത്താഫ് അലി : എല്‍ഇഡി വേള്‍ഡ് സ്ഥാപകനും ഇന്‍സ്പയേഡ് ഹോള്‍ഡിംഗ് ഗ്രൂപ്പ് Inspired Holding Group(IHG, Dubai) സിഇഓയുമാണ്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it