Begin typing your search above and press return to search.
യു.എസ് ഗ്രീന്‍ കാര്‍ഡ്: ഇപ്പോള്‍ അപേക്ഷിച്ചാല്‍ ലഭിക്കുക 134 വര്‍ഷത്തിന് ശേഷം!
യു.എസ് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരിക്കുകയാണോ? എന്നാല്‍ അടുത്ത തലമുറയ്ക്ക് പോലും കാര്‍ഡ് സ്വന്തമാക്കാനാകില്ലെന്നാണ് പുതിയ പഠനം. ഇപ്പോള്‍ അപേക്ഷിച്ചാല്‍ 134 വര്‍ഷത്തിനു ശേഷമായിരിക്കും ലഭിക്കുകയെന്ന് ഇമിഗ്രേഷന്‍ സ്റ്റഡീസ് അസോസിയേറ്റ് ഡയറക്ടര്‍ ഡേവിഡ് ജെ ബിയറും കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി ഇക്കണോമിക് ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 10.7 ലക്ഷം ഇന്ത്യക്കാരാണ് തൊഴില്‍ ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്ന സമയത്ത് 1.34 ലക്ഷം ഇന്ത്യന്‍ കുട്ടികള്‍ക്ക് പ്രായപരിധി കഴിഞ്ഞിരിക്കും.
പലര്‍ക്കും മരണശേഷം മാത്രം
തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡിനായി ഈ വര്‍ഷം അപേക്ഷിച്ചിരിക്കുന്നത് മൊത്തം 18 ലക്ഷം പേരാണ്. ഇബി 2-ഇബി 3 കാറ്റഗറിയില്‍ പുതുതായി അപേക്ഷിക്കുന്നവര്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 4,24,000 അപേക്ഷകര്‍ കാത്തിരുന്ന് മരണപ്പെടും. ഇതില്‍ 90 ശതമാനവും ഇന്ത്യക്കാരായിരിക്കും. എംപ്ലോയര്‍ സ്‌പോണ്‍സേഡ് അപേക്ഷകരില്‍ പകുതിയും ഇന്ത്യക്കാരാണ്. ഇതില്‍ പകുതിയും ഗ്രീന്‍കാര്‍ഡ് ലഭിക്കും മുന്‍പ് തന്നെ മരണപ്പെട്ടിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആശ്രിതരായ കുട്ടികള്‍ക്ക്
ആശ്രിതരായ കുട്ടികള്‍ക്ക് 21 വയസ് കഴിഞ്ഞാല്‍ H-4 വിസയില്‍ തുടരാനാകില്ല. രക്ഷിതാക്കളുടെ H-1B വര്‍ക്ക് വിസയുമായാണ് ഇത് ലിങ്ക് ചെയ്തിരിക്കുന്നത്. ഈ ദുരവസ്ഥ അവരെ ഒരു പ്രയാസകരമായ അവസ്ഥയിലാക്കുന്നു, പലപ്പോഴും 'ഡോക്യുമെന്റഡ് ഡ്രീമര്‍മാര്‍' എന്ന് ഇവര്‍ വിളിക്കപ്പെടുന്നു, കാരണം അവര്‍ ഇതര വഴികള്‍ കണ്ടെത്തേണ്ടി വരും. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള F-1 വിസ നേടുകയാണ് ഒരു മാര്‍ഗം. ഇതിന് ഫീസ് വളരെ കൂടുതലാണ് മാത്രമല്ല തൊഴില്‍ അവസരങ്ങളും കുറവാണ്. അങ്ങനെ വരുമ്പോള്‍ തിരിച്ച് ഇന്ത്യയിലേക്ക് വരികയോ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയോ മാത്രമാണ് മാര്‍ഗം.
എന്താണ് ഗ്രീന്‍ കാര്‍ഡ്?
യു.എസില്‍ കുടിയേറുന്നവര്‍ക്ക് സ്ഥിരതാമസത്തിന് ഔദ്യോഗികമായി നല്‍കുന്ന കാര്‍ഡാണ് ഗ്രീന്‍ കാര്‍ഡ്. ഓരോ വര്‍ഷവും ഏകദേശം 1,40,000 തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കാന്‍ യു.എസ് ഇമിഗ്രേഷന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
രാജ്യം അടിസ്ഥാനമാക്കിയുള്ള ക്വാട്ട സമ്പ്രദായമാണ് നീണ്ട കാത്തിരിപ്പിന് ഇടയാക്കുന്ന പ്രധാന കാരണം. യു.എസ് കോണ്‍ഗ്രസിന് മാത്രമേ ഓരോ രാജ്യങ്ങളിലേയും ക്വാട്ടയിലെ വിഹിതം മാറ്റാന്‍ സാധിക്കൂ. അടുത്തിടെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവന്നിരുന്നെങ്കിലും രാജ്യങ്ങളുടെ പരിധി മാറ്റുന്നത് ഉള്‍പ്പെടിത്തിയിരുന്നില്ല. അമേരിക്കയുടെ ചില്‍ഡ്രന്‍സ് ബില്‍ ആണ് ഇതില്‍ ആകെയുള്ളൊരു പ്രതീക്ഷ. 21 വയസാകുന്ന കുട്ടികള്‍ക്ക് പരിരക്ഷ ഏര്‍പ്പെടുത്താന്‍ ഇതിനു സാധിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും ഈ ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.
Next Story
Videos