ഇന്ന് നിങ്ങൾ അറിയേണ്ട 10 ബിസിനസ് വാർത്തകൾ 

1. ആർബിഐ ബോർഡ് യോഗം ഇന്ന്: സർക്കാരുമായുള്ള തർക്കവിഷയങ്ങളിൽ ചർച്ചയുണ്ടാകും

റിസർവ് ബാങ്കും സർക്കാരും ഇന്ന് നേർക്കുനേർ. ഇന്നു നടക്കുന്ന ആർബിഐ ബോർഡ് യോഗത്തിൽ ഇരുവർക്കുമിടയിലുള്ള തർക്കവിഷയങ്ങളിൽ വിശദമായ ചർച്ച നടക്കും. ബാങ്കിതര സ്ഥാപനങ്ങൾക്ക് ലിക്വിഡിറ്റി ഉറപ്പാക്കൽ, എംഎസ്എംഇ വായ്പ, ആർബിഐ കരുതൽ ശേഖരം എന്നീ വിഷയങ്ങളിൽ ഇന്ന് തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.

2. ബിസിനസ് അനുകൂല അന്തരീക്ഷം: വ്യവസായികളുമായി മോദി കൂടിക്കാഴ്ചനടത്തും

കൂടുതൽ ബിസിനസ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള നയരൂപീകരണത്തിന്റെ ഭാഗമായി ജനപ്രതിനിധികളും വ്യവസായികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചനടത്തും. ലോകബാങ്കിന്റെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻഡക്സിൽ' ആദ്യ 50 ൽ ഇന്ത്യയെ ഉൾപ്പെടുത്തുക എന്നതാണ്

നവംബർ 19 ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ച്ചയുടെ ലക്ഷ്യം.

3. ഫണ്ടില്ല: കോൺഗ്രസിന്റെ പുതിയ ഓഫീസ് നിർമ്മാണം വൈകുന്നു

ഫണ്ടിംഗിലുള്ള കുറവുമൂലം കോൺഗ്രസ് പാർട്ടിയുടെ പുതിയ ഓഫീസിന്റെ നിർമ്മാണം വൈകുന്നു. ഡൽഹിയിലെ റൗസ് അവന്യൂവിൽ നിർമ്മാണം പുരോഗമിക്കുന്ന ഇന്ദിര ഭവൻ നവംബർ പകുതിയോടെ പൂർത്തിയാക്കാനായിരുന്നു പദ്ധതി.

4. ഹോർലിക്സിനു വേണ്ടി നെസ്‌ലെയും യൂണിലിവറും

ഹോർലിക്സ് ഉൾപ്പെടെയുള്ള ജിഎസ്കെയുടെ ന്യൂട്രീഷ്യൻ ബിസിനസ് ഏറ്റെടുക്കാൻ മത്സരിച്ച് നെസ്‌ലെയും യൂണിലിവറും. അതേസമയം, കൊക്കകോള ഇതിൽ നിന്നും പിന്മാറിയിട്ടുണ്ട്.

5. എയർബസ് തിരുവനന്തപുരത്തേക്ക്; ധാരണാപത്രം ഒപ്പുവച്ചു

എയ്‌റോസ്‌പേസ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിന് ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാർട്ടപ്പ് മിഷൻ സി. ഇ യും എയർബസ് ഇന്ത്യ ദക്ഷിണേഷ്യ മേധാവിയും ആണ് ധാരണാപത്രം ഒപ്പുവച്ചത്. എയർബസിന്റെ ബിസ്‌ലാബ് ആക്‌സിലറേറ്റർ പദ്ധതിയുടെ ഇന്നവേഷൻ സെന്ററാണ് തിരുവനന്തപുരത്ത് ആരംഭിക്കുക.

6. ബഹുരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ ബാക്ക് ഓഫീസിനും ജിഎസ്ടി

ബഹുരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ ബാക്ക് ഓഫീസുകൾക്കും ജിഎസ്ടി ബാധകം. ഇത്തരം ചില ഓഫീസുകൾക്ക് 18 ശതമാനം നികുതി ചുമത്താമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. ബഹുരാഷ്ട്ര വിദേശ കമ്പനികൾക്ക് ഓഫ്‌ഷോർ സപ്പോർട്ട് നൽകുന്ന ഇന്ത്യൻ കമ്പനികളും തങ്ങളുടെ വരുമാനത്തിൻറെ 18 ശതമാനം ജിഎസ്ടി നൽകേണ്ടതായി വരും.

7. വായ്പ തിരിച്ചടക്കാത്തവരുടെ പട്ടിക ആർബിഐ 45 ദിവസത്തിനകം നൽകണമെന്ന് സി.ഐ.സി

വായ്പ തിരിച്ചടക്കാത്തവരുടെ പട്ടിക ആർബിഐ 45 ദിവസത്തിനകം നൽകണമെന്ന് സെൻട്രൽ ഇൻഫോർമേഷൻ കമ്മീഷൻ (സി.ഐ.സി). പട്ടിക പ്രസിദ്ധീകരിക്കാത്തതിന് ആർബിഐ ഗവർണർ ഊർജിത് പട്ടേലിന് സി.ഐ.സി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

8. എണ്ണ ശുദ്ധീകരണ ശാലയുടെ ശേഷി വർധിപ്പിക്കാൻ റിലയൻസ്

ജാംനഗറിലുള്ള തങ്ങളുടെ എണ്ണ ശുദ്ധീകരണ ശാലയുടെ ശേഷി വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല കോംപ്ലെക്സ് ആണ് ജാംനഗറിലേത്.

9. ജെറ്റ് എയർവേയ്സ്: ഏറ്റെടുക്കലിന് ഓദ്യോഗിക നീക്കങ്ങൾ നടത്തിയിട്ടില്ലെന്ന് ടാറ്റ

സാമ്പത്തിക ബാധ്യതയിൽ പെട്ട ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാൻ ഔദ്യോഗികമായി ഒരു പ്രൊപ്പോസലും ഇതുവരെ നൽകിയിട്ടില്ലെന്ന് ടാറ്റ. പ്രസ്‍താവനക്ക് ശേഷം ജെറ്റിന്റെ ഓഹരി 12 ശതമാനം താഴ്ന്നു.

10. ബ്രെക്‌സിറ്റ് കരാറില്‍ കോർപറേറ്റുകളുടെ പിന്തുണ തേടി തെരേസ മേ

വിവാദമായ ബ്രെക്‌സിറ്റ് കരാറില്‍ കോർപറേറ്റുകളുടെ പിന്തുണ തേടി തെരേസ മേ. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പാണ് കരാറിനെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മേ കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ടറിയെ അതിസംബോധന ചെയ്യുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it