കേരളത്തില്‍ നിന്ന് ഈ നഗരം മാത്രം, റിയല്‍ എസ്റ്റേറ്റ് രംഗത്ത് 17 ഹോട്ട് സ്‌പോട്ടുകള്‍; വന്‍ വളര്‍ച്ചാ സാധ്യതയെന്ന് റിപ്പോര്‍ട്ട്
അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ വളര്‍ച്ചാ സാധ്യതയുള്ള 17 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കോളിയേഴ്‌സ് ഇന്ത്യ. 100 എമേര്‍ജിംഗ് നഗരങ്ങളെ വിശകലനം ചെയ്ത് തയാറാക്കിയ പട്ടികയില്‍ കേരളത്തില്‍ നിന്ന് കൊച്ചി മാത്രമാണ് ഉള്‍പ്പെട്ടത്. അമൃത്സര്‍, അയോധ്യ, ജയ്പൂര്‍, കാണ്‍പൂര്‍, ലക്‌നൗ, വാരണസി എന്നിവയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള നഗരങ്ങള്‍. പറ്റ്‌നയും പുരിയുമാണ് കിഴക്കെ ഇന്ത്യയില്‍ നിന്നുള്ളത്. ദ്വാരക, നാഗ്പൂര്‍, സൂറത്ത്, ഷിര്‍ദി എന്നിവയാണ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് നിന്ന് ഉള്‍പ്പെട്ടത്. തെക്കെ ഇന്ത്യയില്‍ നിന്ന് കൊച്ചിക്ക് പുറമെ, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവയാണ് ഇടംപിടിച്ചത്. ഇന്‍ഡോറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഓഫീസുകള്‍, വെയര്‍ ഹൗസുകള്‍, ടൂറിസം , റെസിഡന്‍ഷ്യല്‍, സീനിയര്‍ ലിവിംഗ് എന്നിവയ്ക്കുള്ള ആവശ്യങ്ങള്‍ വര്‍ധിക്കുന്നത് ഈ നഗരങ്ങളെ വളര്‍ച്ചയിലാക്കുമെന്ന് കോളിയേഴ്‌സ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2030ഓടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഒരു ലക്ഷം കോടി ഡോളറിന്റെ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2050ഓടെ ജി.ഡി.പിയുടെ 16 ശതമാനം വിഹിതം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.