2000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമാകുമോ? സത്യം എന്താണ്

2000 രൂപ നോട്ടുകള്‍ക്ക് പ്രചാരം കുറയുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷം നോട്ടുകളെക്കുറിച്ച് വീണ്ടും ആശങ്ക പരക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ല എന്നതു തന്നെയാണ് ഇതിന് കാരണം. കേന്ദ്ര സഹ ധനമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ആയിരുന്നു ലോക്സഭയില്‍ ഈ വിവരം അറിയിച്ചത്. നോട്ട് അച്ചടിക്കലിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പുറത്തുവന്നാല്‍ തിരുത്തലുമായി വരുന്ന റിസര്‍വ് ബാങ്കും ഇക്കാര്യം തിരുത്തിയിട്ടില്ല.

പൊതുജനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്നാണ് പുതിയ കറന്‍സികള്‍ അച്ചടിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്ക് ആവശ്യക്കാരില്ല എന്നത് അച്ചടി നിര്‍ത്താന്‍ പ്രധാനമായും കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നോട്ട് നിരോധനത്തിന് ശേഷമായിരുന്നു രണ്ടായിരത്തിന്റെ പുതിയ നോട്ട് രാജ്യത്ത് നിലവില്‍ വരുന്നത്. 2016 നവംബര്‍ 10 ന് ആയിരുന്നു അത്. നിലവില്‍ ഇന്ത്യയില്‍ അച്ചടിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയുടെ നോട്ട് എന്ന നിലയിൽ 2000 രൂപ നോട്ട് ആദ്യ കാലത്ത് തിളങ്ങിയെങ്കിലും പതിയെ നോട്ടിന്റെ ഡിമാൻഡ് മെല്ലെ കുറഞ്ഞു.

കോവിഡ് സാമ്പത്തിക പ്രതിസന്ധിയും ലോക്ക് ഡൗണുകളും കൂടി വന്നപ്പോള്‍ 2000 രൂപ നോട്ടുകള്‍ക്ക് തീരെ ഉപയോഗമില്ലാതെയുമായി. പുതിയ 500, 200, 100, 50, 20, 10 രൂപ നോട്ടുകളാണ് ഇപ്പോള്‍ ഏറ്റവുമധികം കാണാന്‍ കഴിയുന്നതും. 2018 മാര്‍ച്ച് 30 വരെ സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്ന രണ്ടായിരം രൂപ നോട്ടുകളുടെ കണക്കും പുറത്ത് വന്നിട്ടുണ്ട്.
3,362 ദശലക്ഷം നോട്ടുകളാണത്രെ 2016 മുതല്‍ 2018 വരെ അച്ചടിച്ചിട്ടുള്ളത്. ആകെയുള്ള കറന്‍സികളുടെ 3.27 ശതമാനം മാത്രമാണിത്. 2021 ഫെബ്രുവരി 26 വരെയുള്ള കണക്ക് പ്രകാരം 2,499 ദശലക്ഷം രണ്ടായിരം രൂപ നോട്ടുകളാണ് സര്‍ക്കുലേഷനിലുള്ളത്.
റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകള്‍ ഇനി അച്ചടിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് ഇതിന് സാധ്യത ഇല്ല എന്നാണ്. എന്നാല്‍ നോട്ട് ഇപ്പോഴും ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ഡിജിറ്റല്‍ മണിയിലേക്ക് കൂടുതല്‍ പേര്‍ തിരിഞ്ഞതോടെ നോട്ടുകള്‍ ഗണ്യമായി കുറഞ്ഞതാണെന്നതും വ്യക്തമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it