കേരളം സ്വാദിനു പിന്നാലെ; എന്നാല്‍ ഇന്ത്യയില്‍ രണ്ടു നേരം മാത്രം ഭക്ഷണം കഴിക്കുന്നവര്‍ ഇത്ര മാത്രം

മലയാളി പണം മുടക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങള്‍ക്കാണ്. ഭക്ഷണം, യാത്ര, ഗൃഹോപകരണങ്ങള്‍ എന്നിവക്ക്. സ്വാദിനും വിനോദത്തിനും വേണ്ടി ഒരുതരം പരക്കം പാച്ചില്‍ തന്നെയാണ്. മുട്ടിനു മുട്ടിനു മുളച്ചു പൊന്തുന്ന ഭക്ഷണ ശാലകള്‍ അതിനു തെളിവ്. ഡല്‍ഹി, കാശ്മീര്‍ യാത്രക്കാരില്‍ മാത്രമല്ല, വിദേശത്തേക്കു പറക്കുന്നതിലും നല്ല പങ്ക് മലയാളികളാണ്. കൊച്ചു കേരളത്തിലെ പ്രവാസ ലോകം പരന്നു വിശാലമായതിനൊത്ത് നമ്മുടെ വാങ്ങല്‍ ശേഷി കൂടിയിട്ടുണ്ട്. കൊട്ടാര സമാനമായ വീടുകള്‍; അതിനുള്ളില്‍ ഇല്ലാത്ത ഗൃഹോപകരണങ്ങള്‍ ഒന്നുമില്ല. കര്‍ഷകരെയും തൊഴിലാളികളെയും പിന്തള്ളി മധ്യവര്‍ഗക്കാരുടെ താല്‍പര്യങ്ങളില്‍ അമര്‍ന്നു കഴിഞ്ഞിട്ടുണ്ട് കേരളം. കൃഷിയും നിര്‍മാണ തൊഴിലുമൊക്കെ ബംഗാളികള്‍ എന്ന് ഓമന പേരിട്ടു വിളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാം വിട്ടു കൊടുത്തു. മനസിനും വയറിനും സുഖത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിനൊപ്പം പൊണ്ണത്തടിയും ജീവിത ശൈലീ രോഗങ്ങളും വര്‍ധിച്ച കേരളം ഇന്ന് ചെലവാക്കുന്നതില്‍ നല്ലൊരു പങ്ക് മരുന്നിനാണ് എന്നും കൂടി കൂട്ടിച്ചേര്‍ക്കാം.
എന്നാല്‍ ദേശീയ തലത്തില്‍ ചിത്രം വേറൊന്നുണ്ട്. 140 കോടിയോളം ജനങ്ങളുള്ള ഇന്ത്യയില്‍ രണ്ടു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ കഴിയുന്നവരാണ് അതില്‍ 43 ശതമാനം പേരും എന്നാണ് പുതിയ കണക്കുകള്‍. ഗാര്‍ഹിക ഉപഭോഗ-ചെലവുകള്‍ സംബന്ധിച്ച് ദേശീയ തലത്തില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് ഈ കണക്കുകള്‍. 56 ശതമാനം ആളുകളാണ് മൂന്നു നേരം ഭക്ഷണം കഴിക്കുന്നത്. ദാരിദ്ര്യം കുറഞ്ഞുവെന്നും, രാജ്യത്തിന്റെ വളര്‍ച്ചാ വേഗം കൂടിയെന്നുമുള്ള അവകാശവാദങ്ങള്‍ക്കിടയില്‍ തന്നെയാണിത്. കോവിഡ് കാലത്ത് 80 കോടി ജനങ്ങള്‍ക്ക് അഞ്ചു കിലോഗ്രാം അരിയും മറ്റും വിതരണം ചെയ്ത കണക്കു കൂടി ഓര്‍ത്താല്‍, ജനങ്ങളുടെ ജീവിത നിലവാരം എവിടെ നില്‍ക്കുന്നുവെന്ന് ബോധ്യമാകും. സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട് എന്ന് ആശ്വസിക്കാം. 10 വര്‍ഷം മുമ്പ് ഒരു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ നിവൃത്തിയുള്ളവരുടെ എണ്ണം 43 ശതമാനമായിരുന്നു.
Related Articles
Next Story
Videos
Share it