മുത്തൂറ്റ് ഫിനാന്‍സിന് റെക്കോഡ് ലാഭം; സ്വര്‍ണ ഇതര വിഭാഗത്തിലും വന്‍വളര്‍ച്ച

സ്വര്‍ണപ്പണയം അടക്കമുള്ള മേഖലകളില്‍ ശക്തമായ പ്രകടനവുമായി മുത്തൂറ്റ് ഫിനാന്‍സ്. 2023-24 സാമ്പത്തികവര്‍ഷം നികുതിക്കു ശേഷമുള്ള സംയോജിത ലാഭം 4,468 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധന. 2023-24 സാമ്പത്തികവര്‍ഷം സംയോജിതലാഭം 3,670 കോടി രൂപയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്.
കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ 25 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 89,079 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 71,497 കോടി രൂപയായിരുന്നു. സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ 18 ശതമാനം വളര്‍ച്ചയോടെ 11,003 കോടി രൂപയിലെത്തി.
ഉപകമ്പനികളുടെ വായ്പാ ആസ്തികള്‍ കഴിഞ്ഞ വര്‍ഷത്തെ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ന്നു. സംയോജിത ലാഭത്തില്‍ ഉപകമ്പനികളുടെ സംഭാവന കഴിഞ്ഞ വര്‍ഷത്തെ ആറുശതമാനത്തില്‍ നിന്നു 10 ശതമാനമായി ഉയര്‍ന്നു.
മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ 17 ശതമാനം വളര്‍ച്ചയോടെ 1,056 കോടിയുടെ ലാഭം നേടാന്‍ മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചു. മുന്‍ വര്‍ഷത്തില്‍ സമാനപാദത്തില്‍ ഇത് 903 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ വരുമാനം 3,409 രൂപയായിരുന്നു ഉയര്‍ന്നു. ഓഹരിയൊന്നിന് 24 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണപ്പണയ ഇതര വിഭാഗത്തിലും വര്‍ധന
സ്വര്‍ണപ്പണയ ഇതര വായ്പകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയതായി ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. 20,000 രൂപയ്ക്ക് മുകളില്‍ പണമായി നല്‍കരുതെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം ബിസിനസിനെ ബാധിച്ചിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. ടെക്‌നോളജി രംഗത്ത് മുത്തൂറ്റ് ഗ്രൂപ്പ് ഉണ്ടാക്കിയെടുത്ത വളര്‍ച്ചയാണ് ഇതിനു കാരണമായത്.
അഫോഡബിള്‍ ഹൗസിങ്, മൈക്രോ ഫിനാന്‍സ്, പേഴ്‌സണല്‍ ലോണ്‍, സ്‌മോള്‍ ബിസിനസ് ലോണ്‍, വാഹന വായ്പ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്വര്‍ണ പണയ ഇതര സബ്‌സിഡിയറികളുടെ സംഭാവന 18-20 ശതമാനത്തിലേക്കു വളര്‍ത്തുകയാണ് ലക്ഷ്യമെന്നും ജോര്‍ജ് ജേക്കബ് കൂട്ടിച്ചേര്‍ത്തു.
ഭവന വായ്പാ രംഗത്ത് 2023 വര്‍ഷത്തെ 223 കോടി രൂപയെ അപേക്ഷിച്ച് 2024 സാമ്പത്തിക വര്‍ഷം 815 കോടി രൂപയാണു വിതരണം ചെയ്തത്. മൈക്രോ ഫിനാന്‍സ് മേഖലയില്‍ 62 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 10,023 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. നികുതിക്കു ശേഷമുള്ള ലാഭം 161 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 340 കോടി രൂപയിലുമെത്തിയെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
ഉപകമ്പനികളും മികവില്‍
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപകമ്പനിയായ ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സിന്റെ ഐ.പി.ഒ ഈ വര്‍ഷം തന്നെയുണ്ടാകും. ഈ കമ്പനി കൈകാര്യം ചെയ്യുന്ന വായ്പ ആസ്തികള്‍ 62 ശതമാനം വര്‍ധിച്ച് 10,023 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 6,193 കോടി രൂപയായിരുന്നു. ലാഭം 340 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 247 ശാഖകള്‍ പുതുതായി തുറക്കാനും സാധിച്ചു.
മുത്തൂറ്റ് ഹോംഫിന്‍ കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളില്‍ 42 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 2,035 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 1,438 കോടി രൂപയായിരുന്നു. പലിശ വരുമാനം 178 കോടിയായും ഉയര്‍ന്നു. മുന്‍വര്‍ഷമിത് 135 കോടി രൂപയായിരുന്നു.
മുത്തൂറ്റ് മണി കൈകാര്യം ചെയ്യുന്ന ആകെ വായ്പ ആസ്തിയില്‍ 190 ശതമാനമാണ് വളര്‍ച്ച. 387 കോടിയെന്ന തൊട്ടുമുന്‍ വര്‍ഷത്തെ നിലയില്‍ നിന്ന് 1,123 കോടിയിലേക്കാണ് കുതിച്ചത്. മുത്തൂറ്റ് മണിയുടെ 2024 സാമ്പത്തികവര്‍ഷത്തെ ലാഭം 4.64 കോടി രൂപ. മുന്‍ വര്‍ഷം ഇത് 0.24 മാത്രമായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 321 പുതിയ ശാഖകളും തുറക്കാനായി.
പുതിയ ശാഖകള്‍ 225
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ രാജ്യമെമ്പാടും 225 പുതിയ ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ആരംഭിച്ചത്. ബംഗളൂരു, ഗോവ, ഹൈദരാബാദ്, ചെന്നൈ, നിസാമാബാദ്, വാറങ്കല്‍, കാക്കിനാട മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാവനങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാന്‍ ഇതുവഴി സാധിക്കും.
ഇന്നലെ വിപണി അവസാനിച്ച ശേഷമാണ് മുത്തൂറ്റ് ഫലം പുറത്തുവിട്ടത്. അനുകൂല ഫലം പുറത്തുവന്നത് ഓഹരിവിപണിയിലും മുത്തൂറ്റിന് ഗുണംചെയ്തിട്ടുണ്ട്. ഇന്നലെ 3.79 ശതമാനം ഇടിഞ്ഞ് 1,673 രൂപയില്‍ ക്ലോസ് ചെയ്‌തെങ്കിലും ഇന്ന് രാവിലെ 5 ശതമാനത്തോളം ഉയര്‍ന്ന് 1,744.60 വരെ എത്തിയിരുന്നു.
Related Articles
Next Story
Videos
Share it