26 വര്‍ഷമായിട്ടും എങ്ങുമെത്താത്ത റെയില്‍വെ ലൈൻ; നീണ്ടുപോവുന്ന 647 വികസന പദ്ധതികള്‍

കര്‍ണാടകയിലെ ഹെജ്ജലയ്ക്കും ചാമരാജനഗറിനും ഇടയില്‍ 142 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ സ്ഥാപിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത് 1996-97ല്‍ ആണ്. 26 വര്‍ഷമായിട്ടും ഈ റെയില്‍വെ ലൈന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അനന്തമായി നീളുന്ന 647 കേന്ദ്ര പദ്ധതികളില്‍ ഒന്ന് മാത്രമാണിത്. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് (Statistics Ministry) കീഴില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് പ്രോജക്ട് മാനേജ്മെന്റ് ഡിവിഷന്‍ (ഐപിഎംഡി-IPMD) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പദ്ധതികളുടെ (Infrastructure projects) കാലാവധി സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.

ഐപിഎംഡി നിരീക്ഷിക്കുന്ന 1559 പ്രോജക്ടുകളാണ് രാജ്യത്തുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ധനകാര്യ മന്ത്രാലയം, ആസൂത്രണ കമ്മീഷന്‍, ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് മന്ത്രാലയങ്ങള്‍ എന്നിവയ്ക്കാണ് പദ്ധതികളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഐപിഎംഡി സമര്‍പ്പിക്കുന്നത്. കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് പദ്ധതികളുടെ ആകെ ചെലവ് 21.73 ലക്ഷം കോടിയില്‍ നിന്ന് 26.72 ലക്ഷം കോടിയായി ഉയര്‍ന്നു.

പൂര്‍ത്തിയാക്കാനാവാത്ത പദ്ധതികളുടെ അധിക ചെലവ് 2014 മാര്‍ച്ചില്‍ 29.44 ശതാമാനം ആണ് ഉയര്‍ന്നതെങ്കില്‍ ഈ വര്‍ഷം ഏപ്രിലില്‍ അത് 41.5 ശതമാനമായി. ഉദ്ദംപൂര്‍-ശ്രീനഗര്‍- ബാരാമുള്ള ന്യൂ റെയില്‍ ലൈന്‍ 2002ല്‍ 2,500 കോടി മുതല്‍ മുടക്കില്‍ തീരേണ്ടതായിരുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് 2023ല്‍ പൂര്‍ത്തിയാക്കിയാല്‍ 37,012 കോടി ആയിരിക്കും ഈ പദ്ധതിയുടെ ആകെ ചെലവ്.

കാക്രാപാര്‍ ആണവനിലയത്തിലെ മൂന്ന്, നാല് ഘട്ടങ്ങള്‍, സ്‌പെക്ട്രം നെറ്റ്വര്‍ക്ക് ഉള്‍പ്പടെയുള്ള പലപദ്ധതികളും കാലവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല. ഭൂമി ഏറ്റെടുക്കല്‍, വനം/പരിസ്ഥിതി ഏറ്റെടുക്കല്‍, ഫണ്ട് പാസാകള്‍ എന്നിവയിലെ കാലതാമസം, ക്രമസമാധാന പ്രശ്‌നങ്ങള്‍, കോവിഡ് മൂലമുള്ള ലോക്ക്ഡൗണുകള്‍ തുടങ്ങിയവയാണ് പദ്ധതികള്‍ വൈകാനുള്ള കാരണമായി ഐപിഎംഡി ചൂണ്ടിക്കാട്ടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it