കണക്റ്റിംഗ് ഫ്ലൈറ്റുകൾ ഇനി അനായാസം ബുക്ക്‌ ചെയ്യാം, എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ പുതിയ സംവിധാനം ഇങ്ങനെ

വിമാന യാത്രക്കാർക്ക് കൂടുതൽ സർവീസുകളും ബുക്കിംഗ് സൗകര്യങ്ങളും നൽകുന്ന രാജ്യത്തെ ആദ്യ വെർച്വൽ ഇന്‍റർലൈൻ - എഐഎക്‌സ് കണക്‌ട് അവതരിപ്പിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. സിംഗപ്പൂർ ആസ്ഥാനമായുള്ള സ്‌കൂട്ട് എയർലൈനുമായി ചേർന്നാണ് ഇത്. ഇതോടെ രണ്ട് വ്യത്യസ്ഥ വിമാന കമ്പനികൾ പ്രവർത്തിപ്പിക്കുന്ന ഫ്‌ളൈറ്റുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് (airindiexpress.com ) വെബ്സൈറ്റിൽ നിന്നും അനായാസം ബുക്ക് ചെയ്യാം. യാത്രയുടെ ഒരു ഘട്ടം എയർ ഇന്ത്യ എക്സ്പ്രസിലും അടുത്ത ഘട്ടം പങ്കാളിത്ത എയർലൈനായ സ്‌കൂട്ട് എയർലൈൻ പ്രവർത്തിപ്പിക്കുന്ന കണക്റ്റിംഗ് ഫ്ലൈറ്റിലുമായി ബുക്ക് ചെയ്യാനാകും. വെർച്വൽ ഇന്‍റർലൈൻ സൗകര്യം ലഭ്യമാക്കുന്ന ആദ്യ ഇന്ത്യൻ എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ്.
പ്രമുഖ ട്രാവൽ സൊല്യൂഷൻസ് ടെക്‌നോളജി കമ്പനിയായ ഡോഹോപ്പുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചത്. സ്‌കൂട്ട് എയർലൈനുമായുള്ള ഈ സഹകരണത്തോടെ ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങി 60 ഓളം സ്ഥലങ്ങളിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. 32 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും 14 അന്താരാഷ്‌ട്ര കേന്ദ്രങ്ങളിലേക്കുമായി പ്രതിദിനം 380 വിമാന സർവീസുകളുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ശൃംഖലയെ ഈ പുതിയ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും. ചെന്നൈ, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബാലി, ഹോ ചി മിൻ സിറ്റി, ഹോങ്കോംഗ്, ഇഞ്ചിയോൺ, മെൽബൺ, പെനാങ്, ഫൂക്കറ്റ്, സിഡ്‌നി എന്നിവിടങ്ങളിലേക്കോ ദോഹ, ദുബായ്, കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യ വഴി സിംഗപ്പൂരിലേക്കോ ഇനി മുതൽ അനായാസം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും
എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമായി വിവിധ അന്താരാഷ്ട്ര എയർലൈനുകളുമായി ചേർന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ പങ്കാളിത്തം വ്യാപിപ്പിക്കും. ഇന്ത്യയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഇതിലൂടെ സാധിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലെ വെർച്വൽ ഇന്‍റർലൈൻ വഴി യാത്രാവിവരങ്ങൾ ബുക്ക് ചെയ്യാനും ട്രാൻസിറ്റ് എയർപോർട്ടിൽ സ്വയം ചെക്ക്-ഇൻ ചെയ്യാനും സാധിക്കും. ഫ്ലൈറ്റ് താമസിച്ചാലോ റദ്ദാക്കിയാലോ തെറ്റായ കണക്ഷൻ ഫ്ളൈറ്റുകളിൽ നിന്ന് യാത്രക്കാർക്ക് സംരക്ഷണം നൽകാനും ഇതു വഴി സാധിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വൃത്തങ്ങൾ അറിയിച്ചു.

Related Articles

Next Story

Videos

Share it