ഇന്ത്യയില്‍ ആദ്യം; വഡോദരയില്‍ ഉദ്ഘാടനം ചെയ്ത സി-295 സൈനിക വിമാന നിര്‍മാണ ഫാക്ടറിയെക്കുറിച്ച് അറിയേണ്ടതെല്ലാം

യുദ്ധവിമാന ഭാഗങ്ങള്‍ സംയോജിപ്പിക്കുന്ന സ്വകാര്യ മേഖലയിലുള്ള ഇന്ത്യയിലെ ആദ്യ കേന്ദ്രം ഗുജറാത്തിലെ വഡോദരയില്‍. സി-295 വിമാന നിര്‍മാണത്തിനുള്ള ടാറ്റ എയര്‍ക്രാഫ്റ്റ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസും സംയുക്തമായി ഉദ്ഘാടനം ചെയ്തു. പരസ്പര ധാരണയനുസരിച്ച് 16 വിമാനങ്ങള്‍ എയര്‍ബസ് നേരിട്ടു നല്‍കുമ്പോള്‍ 40 എണ്ണം ടാറ്റയുടെ കേന്ദ്രത്തില്‍ സംയോജിപ്പിക്കും.

വിശദാംശങ്ങള്‍ ഇങ്ങനെ

ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടി സി-295 ഇനത്തില്‍ പെട്ട വിമാനം ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.
സ്‌പെയിനിലെ വിമാന നിര്‍മാതാക്കളായ കണ്‍സ്ട്രക്ഷന്‍സ് എയറോനോട്ടിക്‌സാണ് സി-295 ആദ്യമായി രൂപപ്പെടുത്തി നിര്‍മിച്ചത്. ഈ കമ്പനി ഇപ്പോള്‍ എയര്‍ബസിന്റെ ഭാഗം. സ്‌പെയിനിലെ എയര്‍ബസ് ഫാക്ടറിയിലാണ് ഈ വിമാനം ഇപ്പോള്‍ നിർമിച്ചു വരുന്നത്.
എയര്‍ബസ് ഡിഫന്‍സുമായി 2021 സെപ്തംബറില്‍ ഇന്ത്യ 21,935 കോടി രൂപയുടെ കരാര്‍ ഒപ്പുവെച്ചു. 56 സി-295 വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ചാണ് ഈ കരാര്‍. വ്യോമസേനയുടെ കാലപ്പഴക്കം ചെന്ന ആവ്‌റോ-748 വിമാനങ്ങള്‍ക്ക് പകരമാണ് ഈ വിമാനങ്ങള്‍. 1960കളിലാണ് ആവ്‌റോ വിമാനങ്ങള്‍ വ്യോമസേനയില്‍ എത്തിയത്.
കരാര്‍ പ്രകാരം 16 വിമാനങ്ങള്‍ എയര്‍ബസ് 2025 ഓഗസ്റ്റിനു മുമ്പ് സ്‌പെയിനില്‍ നിന്ന് നേരിട്ടു നല്‍കും. തുടര്‍ന്ന് 40 വിമാനങ്ങള്‍ ടാറ്റയുടെ ഫാക്ടറിയില്‍ നിര്‍മിക്കും. രണ്ടു കമ്പനികളും തമ്മിലുള്ള വ്യവസായ പങ്കാളിത്തത്തിന്റെ ഭാഗമാണിത്. 2026ല്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ സി-295 യുദ്ധവിമാനം പുറത്തിറങ്ങും. 2031 ഓഗസ്റ്റിനകം ബാക്കി 39 വിമാനങ്ങളും വ്യോമസേനക്ക് കൈമാറും.
56 വിമാനങ്ങളും വ്യോമസേനക്ക് കൈമാറിയ ശേഷം, ഇന്ത്യയില്‍ നിര്‍മിക്കുന്ന വിമാനങ്ങള്‍ സൈനികേതര കമ്പനികള്‍ക്കും മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യ ഗവണ്‍മെന്റിന്റെ അനുമതിക്ക് വിധേയമായി നല്‍കാന്‍ എയര്‍ബസ് ഡിഫന്‍സിനെ അനുവദിക്കും.

സി-295ന്റെ പ്രത്യേകതകള്‍

10 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള യാത്രാ വിമാനമാണ് സി-295. മണിക്കൂറില്‍ പരമാവധി വേഗത 480 കിലോമീറ്റര്‍. സൈനികരെ പാരച്യൂട്ടില്‍ ഇറക്കാനും ചരക്കു സാധനങ്ങള്‍ താഴേക്ക് ഇടയാനും പ്രത്യേക ക്രമീകരണം. ടേക്ക് ഓഫിനും ലാന്റിംഗിനും കുറഞ്ഞ സ്ഥലസൗകര്യം മതി.
ഇന്ത്യയില്‍ നിര്‍മിച്ച ഇലക്‌ട്രോണിക് സൈനിക സന്നാഹങ്ങള്‍ ഈ വിമാനങ്ങളില്‍ ഘടിപ്പിക്കും. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡാണ് ഇതിനായി ഇലക്‌ട്രോണിക് സാമഗ്രികള്‍ നിര്‍മിക്കുക.
സി-295 വിമാനം ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിയന്‍ കാടുകളിലും കൊളംബിയന്‍ മലനിരകളിലും അള്‍ജീരിയന്‍ മരുഭൂമികളിലും പറന്നിട്ടുണ്ട്.
യുദ്ധമേഖലകളിലേക്ക് സൈനികരെയും പടക്കോപ്പുകളും കൊണ്ടുപോകാന്‍ വിമാനം ഉപയോഗപ്പെടുത്താം. ദീര്‍ഘമേറിയ റണ്‍വേ ആവശ്യമില്ലാത്തതു കൊണ്ട് 2,200 അടി മാത്രം നീളമുള്ള എയര്‍ സ്ട്രിപ്പുകളിലും അടിയന്തര സന്ദര്‍ഭങ്ങളില്‍ ഇറങ്ങാം. താഴ്ന്നു പറക്കാം.
പ്രകൃതിക്ഷോഭം, അടിയന്തര വൈദ്യ സഹായം, സമുദ്ര നിരീക്ഷണം, പ്രത്യേക ദൗത്യങ്ങള്‍ എന്നിവക്ക് വിമാനം ഉപയോഗപ്പെടുത്താം.
Related Articles
Next Story
Videos
Share it