അംബാനിക്കല്യാണ വിശേഷങ്ങള്‍ തീരുന്നില്ല! ചര്‍ച്ചയായി ലണ്ടനിലെ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ ബുക്കിങ്

അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിനു ശേഷമുള്ള ആഘോഷങ്ങള്‍ക്ക് ലണ്ടനിലെ സെവന്‍ സ്റ്റാര്‍ പദവിയുള്ള സ്‌റ്റോക്ക് പാര്‍ക്ക് ഹോട്ടല്‍ സെപ്തംബര്‍ വരെ മുകേഷ് അംബാനി ബുക്ക് ചെയ്തതായി 'ദി സണ്‍' റിപ്പോര്‍ട്ട് ചെയ്തു. യു.കെ മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രിന്‍സ് ഹാരി തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.
വ്യവസായ രംഗത്ത് അതികായനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനാണ് അനന്ത് അംബാനി. ജുലൈ 12ന് നടന്ന വിവാഹവുമായി ബന്ധപ്പെട്ട് മുകേഷ് അംബാനി 5,000 കോടിയോളം രൂപ ചെലവിട്ടതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു.

ഗോള്‍ഫ് ക്ലബ് അംഗങ്ങള്‍ പുറത്ത്

958 വര്‍ഷം പഴക്കമുള്ള പ്രൗഢമായ എസ്‌റ്റേറ്റാണിത്. 1066ലാണ് പണി കഴിപ്പിച്ചത്. സപ്തനക്ഷത്ര ഹോട്ടലില്‍ 49 മുറികളുണ്ട്. 13 ടെന്നിസ് കോര്‍ട്ടുകള്‍, 4,000 ചതുരശ്ര അടി വരുന്ന ജിം, നീന്തല്‍ കുളങ്ങള്‍, 27 ഗോള്‍ഫ് കോഴ്‌സ് എന്നിങ്ങനെ നീളുന്നതാണ് വിവരണം. 1964ലും 1997ലും ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ ഈ എസ്‌റ്റേറ്റ് കടന്നു വരുന്നു. സ്‌റ്റോക് പാര്‍ക്ക് എസ്‌റ്റേറ്റ് 2021ല്‍ 57 മില്യണ്‍ പൗണ്ടിന് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാട്ടത്തിനെടുത്തു. 300 ഏക്കര്‍ വരുന്ന എസ്‌റ്റേറ്റ് നവീകരണത്തിനായി പിന്നീട് ദീര്‍ഘകാലം അടച്ചിട്ടിരുന്നു.

വാണിജ്യ ഉപയോഗത്തിനായതിനാല്‍ സ്വകാര്യ വസതിയായി സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ ഉപയോഗിക്കരുതെന്നാണ് ലീസിങ് ചട്ടം. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഹോട്ടല്‍ അംബാനി കുടുംബത്തിനായി തുറന്നത് കോടീശ്വര കുടുംബങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹോട്ടല്‍ രണ്ടു മാസത്തക്ക് ബുക്ക് ചെയ്തുകൊണ്ടാണ് മുകേഷ് അംബാനി പോംവഴി ഉണ്ടാക്കിയിരിക്കുന്നത്. 850ഓളം വരുന്ന ഗോള്‍ഫ് ക്ലബ്‌ അംഗങ്ങള്‍ക്ക് ഇക്കാലയളവില്‍ ഫലത്തില്‍ വിലക്കാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി.

Related Articles
Next Story
Videos
Share it