ബിപിസിഎല്ലിനെ സ്വന്തമാക്കാന്‍ അപ്പോളോ ഗ്ലോബലും

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) 53 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ലോകത്തിലെ പ്രമുഖ ആള്‍ട്ടര്‍നേറ്റ് ഫണ്ട് മാനേജര്‍മാരായ അപ്പോളോ ഗ്ലോബലും രംഗത്ത്. ബിപിസിഎല്‍ വാങ്ങാനുള്ള താല്‍പ്പര്യപത്രം സമര്‍പ്പിച്ചവരില്‍ അപ്പോളോ ഗ്ലോബലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിക്ഷേപകരില്‍ നിന്ന് ഫണ്ട് സമാഹരിച്ച് ലോകമെമ്പാടുമുള്ള ആസ്തികളില്‍ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കുന്നവരാണ് ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍. ബിപിസിഎല്ലിന്റെ ഓഹരി വാങ്ങുന്നതിനുള്ള അന്തിമ ടെന്‍ഡര്‍ സമര്‍പ്പിക്കും മുമ്പ് അപ്പോളോ ഗ്ലോബല്‍ ആഗോളതലത്തിലെ ഏതെങ്കിലും വമ്പന്‍ കമ്പനികളുമായി ഇക്കാര്യത്തില്‍ പങ്കാളിത്തത്തിലും എത്തിയേക്കാം. അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പും ബിപിസിഎല്‍ സ്വന്തമാക്കാന്‍ താല്‍പ്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ബിപിസിഎല്‍ വാങ്ങാനുള്ള നീക്കത്തെ കുറിച്ച് അപ്പോളോ ഗ്ലോബലോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റോ പ്രതികരിച്ചിട്ടില്ല. ബിപിസിഎല്‍ വാങ്ങാന്‍ താല്‍പ്പര്യപത്രം സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നവംബര്‍ 16നായിരുന്നു താല്‍പ്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള അന്തിമതിയ്യതി. 3 - 4 താല്‍പ്പര്യപത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫണ്ട് മാനേജര്‍മാരായ അപ്പോളോയെ സംബന്ധിച്ച് ബിപിസിഎല്ലിന്റെ ഇന്ത്യയിലെ വിപുലമായ ആസ്തി വലിയൊരാകര്‍ഷണം തന്നെയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it