നാട്ടിന്‍ പുറത്തും തൊഴിലുകള്‍ സൃഷ്ടിക്കുന്ന മാതൃകകള്‍ വേണം

നഗരവല്‍ക്കരണം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാട്ടിന്‍പുറങ്ങളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മാതൃകകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് റ്റെറു മോ പെൻ പോൾ സ്ഥാപകനും ഗ്രന്ഥകാരനും മെന്ററുമായ സി ബാലഗോപാല്‍. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് സംഘടിപ്പിച്ച ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയില്‍ പരിസ്ഥിതദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ കൃഷിയിലേയ്ക്കു കൊണ്ടുവരുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയങ്ങളും പ്രതിവിധികളേക്കാള്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ഒരേ സമയം ആദായം ലഭിക്കുന്നതും പരിസ്ഥിതിക്ക് ദോഷകരല്ലാത്തതുമായ സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ തീര്‍ത്തും നൂതനമായ ആശയങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളു. ഈ പശ്ചാത്തലത്തിലാണ് താന്‍ ഭാഗമായ അനഹ ട്രസ്റ്റിന്റെ പ്രോത്സാഹനത്തോടെ വയനാട്ടിലെ വീടുകള്‍ കേന്ദ്രീകരിച്ച് കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകരെ (ഹോംസ്‌റ്റെഡ് ഫാമിംഗ്) പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയ്ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹോംസ്‌റ്റെഡ് കൃഷി വഴി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ കാര്‍ബണ്‍ന്യുട്രലാണെന്നതിനാല്‍ അവയ്ക്ക് ലോകമെങ്ങും ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. ചെറിയ അളവുകളിലാണെങ്കിലും ഒന്നിലധികം കാര്‍ഷികവിഭവങ്ങള്‍ വിളയിച്ചെടുക്കുന്നതിലൂടെ ഇത്തരം ഹോംസ്‌റ്റെഡ് കര്‍ഷകര്‍ക്ക് സാമ്പത്തികമായി നിലനില്‍ക്കാനാവും. ഹോംസ്‌റ്റെഡ് ഫാമിംഗില്‍ ഭൂരിപക്ഷവും കാര്‍ഷികജോലികള്‍ക്കായി കുടുംബാംഗങ്ങളെ മാത്രം ആശ്രയിക്കുന്നവയാണ്. വന്‍തോതിലുള്ള ഒറ്റവിള കൃഷികളില്‍ ഉപയോഗിക്കുന്ന കൃത്രിമ വളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗവും ഇവിടെയില്ല. വീട്ടില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതമായ ഈ കോറോണാക്കാലത്ത് വീടുകള്‍ കേന്ദ്രീകരിച്ചുള്ള കൃഷിയുടെ സാധ്യതകള്‍ കൂടുതല്‍ ആരായേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വര്‍ക് ഫ്രം ഹോം നിര്‍ബന്ധിതമായപ്പോള്‍ കൂടുതല്‍ സാധ്യതകള്‍ നമ്മള്‍ കണ്ടറിഞ്ഞു. എന്നാല്‍ ഐടി വ്യവസായത്തില്‍ മാത്രമല്ല വസ്ത്രനിര്‍മാണരംഗത്തുപോലും വര്‍ക്ക് ഫ്രം ഹോം വിജയകരമായി ഉപയോഗപ്പെടുത്താനാവും. ആയിരം തൊഴിലാളികള്‍ ആയിരം തയ്യല്‍ മെഷീനുകളുപയോഗിച്ച് ഒരു ഫാക്ടറിയില്‍ ഒരുമിച്ചിരുന്ന് ജോലി ചെയ്യുന്നതിനേക്കാള്‍ ലാഭകരമായി ആയിരം വീടുകളിലിരുന്ന് ജോലി ചെയ്യാനാവും. വലിയതാണ് കൂടുതല്‍ ലാഭകരം എന്ന സിദ്ധാന്തത്തെ പുതിയ കണ്ണിലൂടെ കാണാനാവണമെന്നും ബാലഗോപാല്‍ പറഞ്ഞു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി.യും പ്രസംഗിച്ചു. ലോക പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളിലായി വര്‍ഷത്തില്‍ മൂന്നു തവണയാണ് അസറ്റ് ഹോംസ് ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it