കോവിഡ് ഭീതിയില്‍ നിന്ന് ജ്യോതിഷ സ്റ്റാര്‍ട്ടപ്പ് കൊയ്യുന്നത് കോടികള്‍

കൊറോണ വൈറസ് പ്രതിസന്ധിയില്‍ പരിഭ്രാന്തി മൂത്ത്് ഭൗതികേതര പോംവഴികള്‍ തേടുന്നവര്‍ക്കു ജ്യോതിഷ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി ഡല്‍ഹിയിലെ ആസ്‌ട്രോടോക്ക് എന്ന സ്റ്റാര്‍ട്ടപ്പ് കൊയ്‌തെടുക്കുന്നത് കോടികള്‍. ആളുകള്‍ക്കിടയില്‍ ഭയവും ഉത്കണ്ഠയും വര്‍ദ്ധിച്ചത് തന്ത്രപരമായി മുതലാക്കിയാണ് വരുമാനം ഇരട്ടിയാക്കിയത്.

കൊറോണ വൈറസ് വ്യാപനം ബിസിനസുകളെ ഏറെക്കുറെ നിശ്ചലമാക്കിയതോടൊപ്പം ആരോഗ്യം, പണം, ബന്ധങ്ങള്‍, കരിയര്‍, ജോലികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ന്നു വന്ന പലതരം ആധികള്‍ ധാരാളമായി ജ്യോതിഷികളുടെ വിശകലനത്തിലേക്കെത്തുന്നതായാണ് ആസ്‌ട്രോടോക്ക് നല്‍കുന്ന സൂചന.

'കഴിഞ്ഞ വര്‍ഷം നവംബറിലെ 5 ലക്ഷം രൂപ പ്രതിദിന വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി 14 ലക്ഷം രൂപയാണ് ഞങ്ങളുടെ ഇപ്പോഴത്തെ ദിവസ വരുമാനം'- ആസ്‌ട്രോടോക്കിന്റെ സ്ഥാപകന്‍ പുനീത് ഗുപ്ത പറയുന്നു. 17 ലക്ഷം രൂപയുടെ ബിസിനസ് രേഖപ്പെടുത്തിയ ദിവസവുമുണ്ട്. 2017 ല്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പ്, ബിസിനസില്‍ ക്രമാനുഗതമായി വളര്‍ന്നു. ചാറ്റ് അല്ലെങ്കില്‍ ടെലിഫോണ്‍ വഴി വിവിധതരം ജ്യോതിഷ സേവനങ്ങള്‍ നല്‍കുന്നു. ഇടപാടുകാരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ് - 22 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍.

കൊറോണ വൈറസിന്റെ ആദ്യ ദിവസങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ബിസിനസില്‍ 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയശേഷമാണ് കാലക്രമേണ കോവിഡ് രൂക്ഷമായി തുടങ്ങിയതോടെ വരുമാനം ഉയര്‍ന്നത്. 'ആളുകള്‍ പരിഭ്രാന്തിയിലാണ്, അവര്‍ പരിഹാരം തേടി ഞങ്ങളുടെ സൈറ്റിലേക്ക് വരുന്നു,' പുനീത് പറഞ്ഞു. മാര്‍ഗ്ഗനിര്‍ദ്ദേശം തേടി ആസ്‌ട്രോടോക്കിനെ സമീപിക്കുന്നവര്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നത് കരിയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കാണ്.അതിന് ശേഷം ധനകാര്യം, ബന്ധം, ജോലികള്‍ മുതലായവ.

നിലവിലെ അന്തരീക്ഷത്തില്‍, ജോലികളെയും കരിയറിനെയും കുറിച്ച് ഉയര്‍ന്ന ഭയമാണുള്ളത്്.സോമാറ്റോ, സ്വിഗ്ഗി, ഓല തുടങ്ങി സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ നിന്നുള്ള നിരവധി കമ്പനികള്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ചത് അരക്ഷിതാവസ്ഥയുടെ തോത് വര്‍ദ്ധിപ്പിച്ചെന്ന നിരീക്ഷണവും ആസ്‌ട്രോടോക്ക് സ്ഥാപകന്‍ പങ്കു വയ്ക്കുന്നു.കരിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പുറമേ, വ്യക്തി ബന്ധങ്ങളെപ്പറ്റി ഉപദേശങ്ങള്‍ തേടാനും ആളുകള്‍ ആസ്‌ട്രോടോക്കിലേക്ക് വരുന്നുണ്ട്.

സ്റ്റാര്‍ട്ടപ്പിന് നിരവധി വിദഗ്ധ ജ്യോതിഷികളുണ്ട്. ഇവരില്‍ ചിലര്‍ പറയുന്നത്, ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യുന്നതിനാല്‍ ജോലി സമ്മര്‍ദ്ദം വളരെ കൂടുതലാണെന്നാണ്- പുനീത് അറിയിച്ചു. കൊറോണ വൈറസ് വ്യാപകമാകും മുമ്പ്, ഏറ്റവും കൂടുതല്‍ ബിസിനസ് നടന്നിരുന്നത് രാത്രി 7 നും 11 നും ഇടയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് രാത്രി 8:30 നും 1 നും ഇടയിലേക്ക് മാറിയിരിക്കുന്നു.ടെലിഫോണിക് സംഭാഷണങ്ങള്‍ നിര്‍ത്തി ചാറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വര്‍ദ്ധിക്കുന്നുമുണ്ട്.

ജ്യോതിഷി ആരെന്നതിനെ ആശ്രയിച്ച് മിനിറ്റില്‍ 10 മുതല്‍ 150 രൂപ വരെയാണ് ഉപഭോക്താക്കള്‍ക്കായി വിവിധ പാക്കേജുകള്‍ ഉള്ളത്. 60 രൂപ മുതല്‍ റീചാര്‍ജ് പായ്ക്കുകളുമുണ്ട്. പുതിയ ഉപയോക്താവിന്, ആദ്യ തവണ കണ്‍സള്‍ട്ടേഷന്‍ സൗജന്യമാണ്. പ്ലാറ്റ്ഫോമിലെ ജ്യോതിഷികളുമായി ആസ്‌ട്രോടോക്ക് വരുമാനം പങ്കിടുന്നു.പതിയ ഓഫറുകള്‍ അവതരിപ്പിക്കാനും സ്ഥാപകനു പദ്ധതിയുണ്ട്. കൂടുതല്‍ ഉപയോക്താക്കളെ സൈറ്റിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. ആസ്‌ട്രോടോക്കിന് രാജ്യമെമ്പാടും ഉപയോക്താക്കളുണ്ടത്രേ, നഗരങ്ങളിലും ഗ്രാമങ്ങളിലും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it