Begin typing your search above and press return to search.
ഡോളറിന്റെ വളർച്ചയും ഐഎം എഫ്, ലോകബാങ്ക് രൂപീകരണവും
വര്‍ഷം1944 റിസര്‍വ് ബാങ്കിന്റെ ആദ്യ ഇന്ത്യക്കാരനായ ഗവര്‍ണര്‍ സിഡി ദേശ്മുഖ് ഒരു യാത്ര പുറപ്പെടുകയാണ്. അന്ന് ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ ഒന്നായിരുന്ന ഇന്നത്തെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഒരു അമേരിക്കന്‍ മിലിട്ടറി പ്ലെയിനിലായിരുന്നു ആ യാത്ര. അങ്ങനെ ലോക സാമ്പത്തിക ചരിത്രത്തിലെ നിര്‍ണായകമായ ഒരേടിന്റെ ഭാഗമായി ഇന്ത്യയും മാറി. അത്രയേറെ പ്രാധാന്യമുള്ള എന്ത് കാര്യത്തിനാണ് സിഡി ദേശ്മുഖ് അമേരിക്കയിലേക്ക് പോയത്?
രണ്ടാം ലോക മഹായുദ്ധം അവസാനത്തിലേക്കടുക്കുകയാണ്. യൂറോപ്പാകെ തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥ. ഈ സാഹചര്യത്തിലാണ് ലോക സമ്പത്ത് വ്യവസ്ഥയെ പുനരുദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി യുഎസിലെ ബ്രട്ടണ്‍വുഡ്‌സില്‍ രാജ്യങ്ങള്‍ ഒത്തുകൂടിയത്. 44 രാജ്യങ്ങളില്‍ നിന്നായി 770 അംഗങ്ങളാണ് പുത്തന്‍ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രട്ടണ്‍വുഡ്‌സിലെ ദി മൗണ്ട് വാഷിങ്ടണ്‍ ഹോട്ടലില്‍ എത്തിയത്. ആ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക ക്ഷണം ലഭിച്ച 16 രാജ്യങ്ങളില്‍ ഒന്നിന്റെ പ്രതിനിധിയായി, അഥവാ ഇന്ത്യയുടെ പ്രതിനിധിയായാണ് സിഡി ദേശ് മുഖ് 1944ല്‍ അമേരിക്കയിലേക്ക് പറന്നത്.
ദേശ് മുഖിനെ കൂടാതെ ബ്രിട്ടീഷുകാരായ തിയോഡോര്‍ ഗ്രിഗറി, ജെറെമി റെയ്‌സ് മാന്‍, പിന്നീട് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനമന്ത്രിയായ മാറിയ ആര്‍കെ ഷണ്‍മുഖം ചെട്ടി, എഡി ഷ്രോഫ്, ബികെ മദന്‍ എന്നിവരുള്‍പ്പടെ ആറുപേരാണ് ഇന്ത്യയില്‍ നിന്ന് ബ്രട്ടണ്‍വുഡസ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
44 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നെങ്കിലും ശരിക്കും ബ്രട്ടണ്‍വുഡ്‌സില്‍ നടന്നത് തങ്ങളുടെ ആശയങ്ങള്‍ നടപ്പിലാക്കാനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും ശ്രമങ്ങളായിരുന്നു. ബ്രിട്ടന് വേണ്ടി വാദിച്ചതാകട്ടെ ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രഞ്ജനും ബ്രിട്ടീഷ് ട്രെഷറിയുടെ ഉപദേശകനുമായിരുന്ന സാക്ഷാല്‍ ജോണ്‍ മെയ്‌നാര്‍ഡ് കെയ്ന്‍സും.
ഒരു പുതിയ അന്താരാഷ്ട്ര കറന്‍സി എന്നതായിരുന്നു കെയ്ന്‍സ് മുന്നോട്ട് വെച്ച ആശയം അതിന് അദ്ദേഹം നല്‍കിയ പേരാണ് ബാന്‍കര്‍. കൂടാതെ ഈ കറന്‍സി പുറത്തിറക്കാന്‍ അധികാരമുള്ള ക്ലിയറിംഗ് യൂണിയന്‍ എന്ന പേരില്‍ ഒരു ലോക ബാങ്ക് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ അമേരിക്കയ്ക്ക് വേണ്ടി വാദിച്ച ട്രെഷറി ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഹാരി ഡെക്‌സ്റ്റര്‍ വൈറ്റ് പുതിയ കറന്‍സി എന്ന ആശയത്തെ എതിര്‍ത്തു. സ്വര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ ഒരു പൂള്‍ തയ്യാറാക്കുക, സ്റ്റെബിലൈസേഷന്‍ ഫണ്ട് എന്ന പേരില്‍ ഒരു മോണിറ്ററി ഇന്‍സ്റ്റിറ്റിയൂഷന്‍ സ്ഥാപിക്കുക എന്നിവയായിരുന്നു ഡെക്സ്റ്റര്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍.
ബ്രിട്ടണും അമേരിക്കയും തമ്മില്‍ നടന്ന ഈ തര്‍ക്കങ്ങളെ ഇന്ന് ബാറ്റില്‍ ഓഫ് ബ്രട്ടണ്‍വുഡ്‌സ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ സ്പീച്ച് റൈറ്റര്‍ ആയിരുന്ന ബെന്‍ സ്റ്റീല്‍ 2013ല്‍ എഴുതിയ പുസ്തകമാണ് ബാറ്റില്‍ ഓഫ് ബ്രട്ടണ്‍വുഡ്‌സ് , ജോണ്‍ മെയ്‌നാര്‍ഡ് കെയ്ന്‍സ്, ഹാരി ഡെക്‌സ്റ്റര്‍ വൈറ്റ്, ആന്‍ഡ് ദി മേക്കിംഗ് ഓഫ് ന്യൂ വേള്‍ഡ് ഓഡര്‍. രണ്ടാം ലോക മഹായുദ്ധത്തോടെ അമേരിക്കയോട് കടപ്പെട്ട് പോയ ബ്രിട്ടണ് ഡെക്‌സ്റ്റര്‍ വൈറ്റിന്റെ നിര്‍ദ്ദേശങ്ങളെ അംഗീകരിക്കാതെ വേറെ വഴിയുണ്ടായിരുന്നില്ല എന്നാണ് ബെന്‍ തന്റെ ബുക്കില്‍ പറയുന്നത്. സ്വര്‍ണത്തിനൊപ്പം യുഎസ് ഡോളര്‍ എന്ന വാക്ക് ബ്രട്ടണ്‍വുഡ്‌സ് എഗ്രിമെന്റില്‍ എഴുതിച്ചേര്‍ത്തത് ഡെക്‌സ്റ്റര്‍ വൈറ്റ് ആണെന്നും വായ്ച്ച് നോക്കാതെയാണ് എഗ്രിമെന്റില്‍ താന്‍ ഒപ്പിട്ടതെന്ന് കെയ്ന്‍സ് പിന്നീട് സമ്മതിച്ചതായും ഈ ബുക്ക് പറയുന്നു.
എന്തൊക്കെയായാലും ബ്രട്ടണ്‍വുഡ്‌സ് എഗ്രിമെന്റോടെ ലോകത്തെ പ്രധാന കറന്‍സിയായി അമേരിക്കന്‍ ഡോളര്‍മാറി. അക്കാലത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ, സ്വര്‍ണ ശേഖരം തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിച്ച് ലോകരാജ്യങ്ങള്‍ അമേരിക്കന്‍ ഡോളറിനെ ഇടപാടുകള്‍ക്കായി അംഗീകരിക്കുകയായിരുന്നു. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 35 യുഎസ് ഡോളര്‍ എന്ന നിലയില്‍ വില നിശ്ചയിക്കുകയും ചെയ്തു. അതായത് അമേരിക്ക സ്വര്‍ണ ശേഖരത്തിന്റെ അടിസ്ഥാനത്തില്‍ ഡോളര്‍ പുറത്തിറക്കുകയും മറ്റ് കറന്‍സികളെ ഒരു ഫിക്‌സഡ് എക്‌സ്‌ചേഞ്ച് റേറ്റില്‍ ഡോളറുമായി പെഗ് ചെയ്യുകയും ചെയ്തു.
കൂടാതെ സാമ്പത്തിക വ്യവസ്ഥയെ പ്രൊമോട്ട് ചെയ്യാനായി അന്താരാഷ്ട്ര നാണയ നിധി അഥവാ ഐഎംഎഫിനും രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ലോക ബാങ്കിനും ബ്രട്ടണ്‍വുഡ്‌സ് എഗ്രിമെന്റ് രൂപം നല്‍കി. അതുകൊണ്ട് തന്നെ ഇവ ബ്രട്ടണ്‍വുഡ് ഇരട്ടകള്‍ എന്നാണ് അറിയപ്പെടുന്നത്.
1971 വരെയായിരുന്നു ബ്രട്ടണ്‍വുഡ്‌സ് എഗ്രിമെന്റിന്റെ ആയുസ്. 20 വര്‍ഷത്തോളം നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധത്തിനിടയില്‍ നേരിട്ട സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ഡോളറിന് പകരം സ്വര്‍ണം നല്‍കില്ലെന്ന് പ്രഖ്യാപിച്ചതോടെ ബ്രട്ടണ്‍വുഡ്‌സ് എഗ്രിമെന്റ് തകരുകയായിരുന്നു. ഡോളറിന് ആനുപാതികമായി സ്വര്‍ണം സൂക്ഷിക്കുന്ന വ്യവസ്ഥ ഇല്ലാതായെങ്കിലും ബ്രട്ടണ്‍സ്‌വുഡ്‌സ് എഗ്രിമെന്റിലൂടെ രൂപപ്പെട്ട ഐഎംഎഫും ലോകബാങ്കും ഇന്നും ലോകത്തെ പ്രധാന സംഘടനകളായി തുടരുകയാണ്.
പോഡ്കാസ്റ്റ് കേൾക്കാൻ ആയി : ഫിൻസ്റ്റോറി EP-03: ഐഎംഎഫ്, വേള്‍ഡ് ബാങ്ക്...ഇതൊക്കെ തുടങ്ങിയതെങ്ങനെ, കേള്‍ക്കൂ
Next Story
Videos