ഭീമ ജുവലേഴ്‌സ് യു.എ.ഇയില്‍ 15 പുതിയ സ്‌റ്റോറുകള്‍ തുറക്കും; 2,300 കോടി രൂപ സമാഹരിക്കും
യു.എ.ഇയില്‍ വന്‍ ബിസിനസ് വിപുലീകരണത്തിന് കേരളത്തിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ ഭീമ ജുവലേഴ്‌സ് ഒരുങ്ങുന്നു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ യു.എ.ഇയില്‍ 15 പുതിയ ജുവലറി ഷോപ്പുകള്‍ ആരംഭിക്കുമെന്ന് ഭീമ ജുവലേഴ്‌സ് ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ പറഞ്ഞു. നിലവില്‍ ഭീമക്ക് നാല് സ്റ്റോറുകളാണുള്ളത്. ഖത്തറിലും ബഹ്‌റൈനിലും പുതിയ ഷോപ്പുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി 100 കോടി ദിര്‍ഹം (2.300 കോടി രൂപ) സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭീമയുടെ പുതിയ ഹെഡ് ഓഫീസ് ദുബൈയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
ധനസമാഹരണം ആദ്യം
1925 ല്‍ ആലപ്പുഴയില്‍ ആരംഭിച്ച ഭീമ ജുവലേഴ്‌സ് ആദ്യമായാണ് പുറത്തു നിന്ന് നിക്ഷേപം സ്വീകരിക്കുന്നത്. ഹൈ നെറ്റ്‌വര്‍ത്ത് വ്യക്തികള്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് ഫണ്ട് സമാഹരിക്കുന്നത്. വിവിധ നിക്ഷേപ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു. ജി.സി.സി വിപണിയില്‍ പുതിയ മുന്നേറ്റം നടത്താനാണ് കമ്പനിയുടെ തീരുമാനമെന്ന് ഭീമ മാനേജിംഗ് ഡയരക്ടര്‍ ബിന്ദു മാധവ് ദുബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊപ്പം പ്രവര്‍ത്തിക്കുന്ന മികച്ച മാനേജ്‌മെന്റിലൂടെ വിപണിയില്‍ പ്രധാന ബ്രാന്റായി മാറാന്‍ കഴിയുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഭീമ ജുവലേഴ്‌സിന് 60 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്.