സമഗ്ര വ്യാപാര കരാര്‍ വൈകുമെന്ന് ട്രംപ്

അടുത്തയാഴ്ച താന്‍ നടത്തുന്ന ഇന്ത്യാ

സന്ദര്‍ശനവേളയില്‍ വിപുലമായ വ്യാപാരക്കരാര്‍ ഒപ്പുവയ്ക്കാനിടയില്ലെന്ന്

വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'അമേരിക്കയും

ഇന്ത്യയുമായി ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ തല്‍ക്കാലം ഉണ്ടകുമെങ്കിലും വലിയ

കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിനു വേണ്ടി സൂക്ഷിക്കുകയാണ്. ഒരുപക്ഷേ,

പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് അതുണ്ടായേക്കും'- അദ്ദേഹം

മാധ്യമങ്ങളോടു പറഞ്ഞു.

ഫെബ്രുവരി 24, 25

തീയതികളില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ വിപുലമായ വ്യാപാരക്കരാര്‍

ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍

കരാറിന്റെ ഭാഗമാക്കാന്‍ കൂടുതല്‍ നിര്‍ദേശങ്ങളും ഇനങ്ങളും അമേരിക്ക

മുന്നോട്ടുവെച്ചു. ഇന്ത്യയുടെ നിര്‍ദേശങ്ങളില്‍ പലതും അമേരിക്ക

അംഗീകരിക്കാന്‍ തയ്യാറായിട്ടുമില്ലെന്നാണു സൂചന.

സന്ദര്‍ശനത്തിന്

മുമ്പ് ഇന്ത്യയുമായി ഒരു വ്യാപാര കരാര്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്ന

ചോദ്യത്തിന് ട്രംപ് പറഞ്ഞു, 'ഞങ്ങള്‍ ഇന്ത്യയുമായി വളരെ വലിയ വ്യാപാര

ഇടപാട് നടത്തുകയാണ്. ഞങ്ങള്‍ക്ക് അത് ഉണ്ടാകും. തിരഞ്ഞെടുപ്പിന് മുമ്പ് ഇത്

നടക്കുമോ എന്ന് എനിക്കറിയില്ല'. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്കു

മേല്‍നോട്ടം വഹിച്ചിരുന്ന യുഎസ് ട്രേഡ് പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹൈസര്‍

ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരാന്‍ സാധ്യതയില്ലന്ന് ഉന്നത വൃത്തങ്ങള്‍

അറിയിച്ചു.

യുഎസ്-ഇന്ത്യ വ്യാപാര

ബന്ധത്തിലുള്ള അതൃപ്തി തുടര്‍ന്നുവരുന്നതായി ട്രംപിന്റെ വാക്കുകള്‍

വ്യക്തമാക്കി. 'ഞങ്ങളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ല.'- അദ്ദേഹം

പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ട്രംപ് തന്റെ

ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

'പ്രധാനമന്ത്രി

മോദിയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും സമ്മേളന

വേദിക്കുമിടയില്‍ ഞങ്ങള്‍ക്ക് ഏഴ് ദശലക്ഷം കാണികളുകളുണ്ടാകുമെന്ന് അദ്ദേഹം

എന്നോട് പറഞ്ഞു. സ്റ്റേഡിയം നിര്‍മ്മിച്ചു തീര്‍ന്നിട്ടില്ല. പക്ഷേ ഇത്

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായിരിക്കും. ആവേശകരമാകും പരിപാടി.

നിങ്ങള്‍ എല്ലാവരും ഇത് ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,

'ട്രംപ് പറഞ്ഞു.

ഇതിനിടെ, 2019 ലെ ആദ്യ

മൂന്ന് പാദങ്ങളിലെ (ജനുവരി-സെപ്റ്റംബര്‍) യുഎസ്-ഇന്ത്യ വ്യാപാര ഡാറ്റ

പുറത്തുവന്നു. മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്ക് ആദ്യ രണ്ട് പാദങ്ങളില്‍

8.4 ശതമാനമുണ്ടായിരുന്നെങ്കിലും മൂന്നാം പാദത്തില്‍ 4.5 ശതമാനമായി

കുറഞ്ഞു.ചരക്കുകളുടെയും സേവനങ്ങളുടെയും ഉഭയ കക്ഷി വ്യാപാരം (110.9 ബില്യണ്‍

ഡോളര്‍) 2019 ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 4.5 ശതമാനം വര്‍ധിച്ചു. യുഎസ്

കയറ്റുമതിയും ഇറക്കുമതിയും യഥാക്രമം നാല് ശതമാനവും അഞ്ച് ശതമാനവും

വര്‍ദ്ധിച്ചു.

2019 ന്റെ ആദ്യ മൂന്ന്

പാദങ്ങളില്‍ യുഎസ് 45.3 ബില്യണ്‍ ഡോളര്‍ വിലവരുന്ന ചരക്കുകളും സേവനങ്ങളും

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ നിന്ന് 4

ശതമാനം വര്‍ധന. 65.6 ബില്യണ്‍ ഡോളര്‍ വിലവരുന്ന ചരക്കുകളും സേവനങ്ങളും

യുഎസ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 62.5

ബില്യണ്‍ യുഎസ് ഡോളറായിരുന്നു. അഞ്ച് ശതമാനം വര്‍ധിച്ചു.

നിലവിലെ

7.5 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിലനില്‍ക്കുകയാണെങ്കില്‍

2025 ഓടെ മൊത്തം ഉഭയകക്ഷി വ്യാപാരം 238 ബില്യണ്‍ യു.എസ്

ഡോളറിലെത്തും.ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം

കണക്കിലെടുക്കുമ്പോള്‍ യുഎസ് ഇന്ത്യയുടെ മുന്‍നിര വ്യാപാര പങ്കാളിയായി

തുടരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ചരക്കുകളില്‍

ഏകദേശം 62 ശതമാനവും സേവനങ്ങളില്‍ 38 ശതമാനവുമാണ്. 2018 ല്‍ ചൈനയുമായുള്ള

ഇന്ത്യയുടെ വ്യാപാരം 13 ശതമാനം വര്‍ധിച്ചപ്പോള്‍ യുഎസുമായുള്ള വ്യാപാരം 18

ശതമാനം വര്‍ദ്ധിച്ചു.

ഇന്ത്യയിലേക്കുള്ള

യുഎസ് ചരക്ക് കയറ്റുമതി പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് ധാതു

ഇന്ധനങ്ങള്‍, രത്‌നങ്ങള്‍, വിമാനം എന്നിവയിലാണ്. ഇലക്ട്രോണിക്‌സ്,

മെഷിനറി, ഓര്‍ഗാനിക് കെമിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ

മേഖലകളില്‍ യുഎസ് ഈ രംഗത്ത് ചൈനയുമായി കടുത്ത മത്സരമാണ് നേരിടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it