ചൈനയെന്തിന്, ഇന്ത്യ സൂപ്പറാണ്! ഈ കാരണങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്ന് ബില്‍ഗേറ്റ്‌സ്
ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സ്. സാമ്പത്തിക രംഗത്ത് ഡിജിറ്റൈസേഷനുള്‍പ്പെടെയുള്ള നവീനതകള്‍ കൊണ്ടുവരുന്നതിലും നേട്ടങ്ങള്‍ കൈവരിക്കുന്നതിലും ഇന്ത്യയുടെ നയങ്ങള്‍ പ്രശംസനീയമാണെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. 'ബില്‍ ആന്‍ഡ് മിലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍' ഇന്ത്യയുടേതിനു സമാനമായി മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സാമ്പത്തിക സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുകയാണെന്നും ബില്‍ഗേറ്റ്‌സ് വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ഏതു ബാങ്കില്‍ നിന്നും സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനില്‍ നിന്നും പണം അയയ്ക്കാന്‍ കഴിയാവുന്ന രീതികളുമാണ് ഇന്ത്യയില്‍ സജ്ജമാക്കിയിട്ടുള്ളത്. 'യൂണിവേഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍, ഡിജിറ്റല്‍ പേയ്‌മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ മികച്ച പ്ലാറ്റ്‌ഫോമാണ് ഇന്ത്യ നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഇത്തരം നീക്കങ്ങള്‍ കോവിഡ് കാലത്തും പാവപ്പെട്ടവരിലേക്കും സഹായം എത്തിക്കുന്നതിന് വളരെയധികം ചെലവു കുറയ്ക്കാന്‍ സഹായകമായി.
ചൈനയല്ലാതെ മറ്റൊരു രാജ്യത്തെക്കുറിച്ച് ഇപ്പോള്‍ പഠിക്കുകയാണെങ്കില്‍ ഇന്ത്യയിലേക്കു നോക്കാനാണ് ഞാന്‍ പറയുക. വലിയ രീതിയിലാണ് ഇന്ത്യയില്‍ മാറ്റങ്ങള്‍ വരുന്നത്. അസാധാരണമായാണ് ആ സംവിധാനത്തിനു ചുറ്റും നവീന ആശയങ്ങള്‍ വരുന്നത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച നടന്ന സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ വിര്‍ച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.