ബികെആര്‍ജി: കൊച്ചിയെ കൂടുതൽ നന്നാക്കാൻ ഒരു പ്രൊഫഷണൽ കൂട്ടായ്മ

25 പേരടങ്ങുന്ന ഒരു ചെറു സംഘത്തിന് കൊച്ചി പോലെയുള്ള ഒരു നഗരത്തില്‍ എന്തു മാറ്റം വരുത്താനാകും? അതിനുത്തരമാകുകയാണ് ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പ് (ബികെആര്‍ജി). വിരമിച്ച പ്രൊഫഷണലുകളും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളുമടങ്ങുന്ന ഈ സംഘടന റോഡിലെ കുഴി അടയ്ക്കുന്നതു മുതല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വരെ കര്‍മനിരതരായിട്ട് 13 വര്‍ഷമാകുന്നു.

2010 ല്‍ തുടങ്ങിയ സംഘടന കൊച്ചിയെ വൃത്തിയായും പച്ചപ്പോടെയും ആരോഗ്യകരമായും കാര്യക്ഷമമായും ഒരുക്കാനുള്ള ശ്രമത്തിലാണ്. മാത്രമല്ല, അധികൃതര്‍ക്ക് മുന്നില്‍ മികച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന തിങ്ക് ടാങ്ക് എന്ന നിലയിലും ബികെആര്‍ജി ശ്രദ്ധേയമായിക്കഴിഞ്ഞു. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതില്‍ സഹായമായി നിന്നതും ഈ സംഘടന തന്നെ.
മാസത്തില്‍ എല്ലാ അവസാന വെള്ളിയാഴ്ചയും രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പമാണ് ഇവരുടെ മീറ്റിംഗ്. അതില്‍ മെച്ചപ്പെട്ട കൊച്ചിക്കായുള്ള ആലോചന നടക്കുന്നു. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥരടക്കമുള്ള വിവിധ മേഖലകളില്‍ വലിയ അനുഭവസമ്പത്തും പ്രാഗത്ഭ്യവുമുള്ള പ്രമുഖരുടെ ഒരു സംഘമാണ് ബികെആര്‍ജി.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരും അതിഥികളായി മീറ്റിംഗില്‍ പങ്കെടുക്കാറുണ്ടെന്ന് സംഘടനയുടെ പ്രസിഡന്റും മുതിര്‍ന്ന ആര്‍ക്കിടെക്ടുമായ എസ് ഗോപകുമാര്‍ പറയുന്നു. വിവിധ വകുപ്പ് സെക്രട്ടറിമാര്‍, പല മേഖലകളില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റുമാര്‍, വകുപ്പ് തലവന്മാര്‍, ആസൂത്രകര്‍ തുടങ്ങിയവര്‍ ഈ കൂട്ടായ്മയില്‍ അതിഥികളായി എത്താറുണ്ട്.

ബി കെ ആർ ജി അംഗങ്ങൾ പ്രസ് മീറ്റിനിടെ

പൊതുജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അധികാരികള്‍ക്കൊപ്പം ഒരു ഫെസിലിറ്റേറ്റര്‍ എന്ന നിലയിലാണ് ബികെആര്‍ജിയുടെ പ്രവര്‍ത്തനം. പ്രധാനമായും പ്രമുഖ കമ്പനികളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് അതിനുള്ള ഫണ്ട് ഏര്‍പ്പാടാക്കുന്നുവെന്ന് സെക്രട്ടറി ഷേര്‍ലി ചാക്കോ പറയുന്നു.
ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പനമ്പിള്ളി നഗര്‍ വാക്ക്വേ യാഥാര്‍ത്ഥ്യമായതിനു പിന്നിലും ബികെആര്‍ജിക്ക് ആശയപരമായ പങ്കുണ്ട്. കെഎംആര്‍എല്‍ ആണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അഥോറിറ്റി, ഗോശ്രീ ഐലന്‍ഡ്സ് ഡെവലപ്മെന്റ് അഥോറിറ്റി, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്, സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്‍വയോണ്‍മെന്റ്, ഡെവലപ്മെന്റ് തുടങ്ങിയവയുമായും സംഘടന ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്രഷറര്‍ ആര്‍ ബാലചന്ദ്രന്‍ പറയുന്നു.
നഗരത്തിനകത്ത് 35000 മരത്തൈകള്‍ നട്ടുപിടിപ്പിച്ച കൊച്ചിക്കൊരു പച്ചക്കുട പദ്ധതി, കോവിഡ് 19 സമയത്ത് യാഥാര്‍ത്ഥ്യമാക്കിയ റൂഫ്ടോപ്പ് വെജിറ്റബ്ള്‍ ഗാര്‍ഡന്‍ പ്രോജക്റ്റ് എന്നിങ്ങനെ ബികെആര്‍ജിയുടെ പദ്ധതികളുടെ പട്ടിക നീളുന്നു. ഹര്‍ത്താലിനെതിരെയുള്ള സംഘടനയുടെ നിലപാടും അതിനായുള്ള ശ്രമങ്ങളും ഒരുപരിധിവരെ ഫലം കണ്ടിട്ടുണ്ട്.
കണ്ടെയ്നറുകള്‍ ഉപയോഗിച്ച്, നഗരത്തിന് എന്നും തലവേദനയായ പൊതുശൗചാലയങ്ങളുടെ കുറവ് പരിഹരിക്കാനുള്ള ശ്രമവും ബികെആര്‍ജി ആസൂത്രണം ചെയ്തു വരുന്നു. കളക്ടറേറ്റ് പരിസരം, ഷിപ്പ് യാര്‍ഡ് റോഡ്, ജോസ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞു. നഗരത്തിലെ 20 സ്ഥലങ്ങളില്‍ കൂടി ടോയ്ലറ്റ് സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ്.
'ബികെആര്‍ജി എന്നത് ഒരു പദ്ധതിയുടെയും നടത്തിപ്പുകാരല്ല, മറിച്ച് എങ്ങനെ നടത്താം എന്ന് ഉപദേശം നല്‍കുന്ന, നടത്തിപ്പിനായി വേണ്ട സഹായങ്ങള്‍ ഒരുക്കുന്ന ഒരു ഗ്രൂപ്പാണ്', ബികെആര്‍ജി അംഗവും കേരളത്തിലെ ടൂറിസം മേഖലയിലെ അതികായനും സിഎച്ച്എര്‍ത്ത് മുന്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജോസ് ഡൊമനിക് പറയുന്നു.

റോഡിലെ കുഴികൾ നികത്താൻ ഒരു നൂതന വഴി

ഭാവി പദ്ധതികള്‍
ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പിന്റെ ഭാവി പദ്ധതികള്‍ ഇവയാണ്;
കൊതുകു നിര്‍മാജ്ജനം: കൊതുകുനിര്‍മാര്‍ജ്ജനത്തിനായി കൊതുകിനെ കൊതുകു കൊണ്ടു നേരിടുന്ന സിംഗപ്പൂര്‍ മാതൃക ഈ കൂട്ടായ്മ അവതരിപ്പിച്ചിട്ടുണ്ട്. ലാബില്‍ വളര്‍ത്തിയ വോള്‍ബാക്കിയ എന്ന ബാക്ടീരിയ അടങ്ങിയ കൊതുകുകളെ കൊതുകള്‍ക്കിടയിലേക്ക് തുറന്നു വിടുന്നതാണ് ഈ രീതി. അവ പെറ്റുപെരുകുന്നത് തടയുക വഴി കൊതുകു നിര്‍മാര്‍ജ്ജനം സാധ്യമാകുമെന്നാണ് പറയുന്നത്. ഇതിന്റെ സാങ്കേതികവശങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് എസ് ഗോപകുമാര്‍ അറിയിച്ചു. കൊതുവളരാനുള്ള സാഹചര്യമൊരുക്കുന്ന ഓടകളില്‍ ഉപ്പുവെള്ളം അടിച്ചു കയറ്റുക എന്നതാണ് മറ്റൊരു പദ്ധതി.
റോഡിലെ കുഴി അടയ്ക്കല്‍: കുഴികള്‍ രൂപപ്പെടുമ്പോള്‍ തന്നെ അടയ്ക്കുക എന്നതാണ് റോഡുകളുടെ സംരക്ഷണത്തിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള വഴി. കുഴികളെ കുറിച്ച് എഫ് എം റേഡിയോ വഴിയും പൊതുജനങ്ങളില്‍ നിന്നുള്ള വിവരശേഖരണം എന്നിവ വഴി നടക്കും.
മാലിന്യ നിര്‍മാര്‍ജ്ജനം: മാലിന്യം നിറക്ഷേപിക്കുന്ന സ്ഥലങ്ങള്‍ മെച്ചപ്പെടുത്താനും അവിടങ്ങള്‍ മികച്ച ലാന്‍ഡ് സ്‌കേപിംഗിലൂടെ മനോഹരമാക്കുനും പദ്ധതിയുണ്ട്. കൂടാതെ അഴുക്കുചാലുകള്‍ കാര്യക്ഷമമാക്കി വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും പദ്ധതിയിടുന്നു.
പോലീസുകാര്‍ക്ക് സ്റ്റാന്‍ഡ് അപ്പ് സ്‌കൂട്ടറുകള്‍:
പോലീസുകാര്‍ക്ക് ബീറ്റ് പരിശോധന ശക്തമാക്കുന്നതിനായി ഫ്രീ ഗോ സ്റ്റാന്‍ഡ് അപ്പ് സ്‌കൂട്ടറുകള്‍ ഉടൻ തന്നെ ലഭ്യമാക്കും.
സ്വിം ഫോര്‍ ലൈഫ്: കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനായി സ്വിം ഫോര്‍ ലൈഫ് പദ്ധതിയിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചെറു നീന്തല്‍ക്കുളങ്ങള്‍ സ്ഥാപിക്കും.
നഗരത്തിന്റെ ഭംഗി മറയ്ക്കുന്ന സൈനേജ്, ഹോര്‍ഡിംഗ് എന്നിവയ്ക്ക് ലൈസന്‍സും നികുതിയും ഏര്‍പ്പെടുത്തി നിയന്ത്രിക്കുക, നഗരത്തെ വികൃതമാക്കുന്ന കേബിള്‍ വയറുകള്‍ ഒഴിവാക്കല്‍, പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ബികെആര്‍ജിയുടെ പരിഗണനയിലുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it