Begin typing your search above and press return to search.
ഡീമാറ്റ് അക്കൗണ്ട് മരവിപ്പിച്ച സെബിക്കും എക്‌സ്‌ചേഞ്ചിനും കോടതിയുടെ പ്രഹരം; പിഴ അടയ്ക്കണം 80 ലക്ഷം
ഡീമാറ്റ് അക്കൗണ്ടുകള്‍ അനധികൃതമായി മരവിപ്പിച്ചതിന് ഓഹരി വിപണി നിയന്ത്രകരായ സെബി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവര്‍ക്ക് ബോംബെ ഹൈക്കോടതി 80 ലക്ഷം രൂപ പിഴ ചുമത്തി. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ജി.എസ് കുല്‍ക്കര്‍ണി, ഫിര്‍ദോസ് പുനിവാല എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിക്ഷേപകരുടെ വിശ്വാസം തകര്‍ക്കുന്ന നടപടിയാണ് ഈ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
കഥ ഇങ്ങനെ
ഡോ. പ്രദീപ് മേത്ത, മകനും പ്രവാസിയുമായ നീല്‍ എന്നിവരാണ് തങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് സെബിയുടെ നിര്‍ദേശ പ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ മരവിപ്പിച്ചതിനെതിരെ കോടതി കയറിയത്. ഭാര്യാപിതാവ് പ്രമോട്ടറായ ശ്രേനുജ് ആന്‍ഡ് കമ്പനിയുടെ 2,000 ഓഹരികള്‍ ഡോ. മേത്ത 1989ല്‍ വാങ്ങിയിരുന്നു. 1993ല്‍ 1,000 ഷെയര്‍ കൂടി വാങ്ങി. 2005ല്‍ 1:5 എന്ന അനുപാതത്തില്‍ നടന്ന ഓഹരി വിഭജന പ്രകാരം ഡോ. മേത്തയുടെ ഓഹരികള്‍ 15,000 ആയി വര്‍ധിച്ചു. 2014ല്‍ ബോണസ് ഷെയറുകള്‍ 1:2 അനുപാതത്തില്‍ കമ്പനി നല്‍കിയപ്പോള്‍ മേത്തയുടെ ആകെ ഓഹരി 30,000 ആയി.
ഇതില്‍ 9,478 ഓഹരികള്‍ 2016ല്‍ ഡോ. മേത്ത വിറ്റു. ഇതോടെ കൈവശമുള്ള ഓഹരി 20,522 ആയി ചുരുങ്ങി. കമ്പനിയുടെ അടച്ചു തീര്‍ത്ത ആകെ ഓഹരി മൂലധനത്തിന്റെ 0.01 ശതമാനം മാത്രമാണിത്. ശ്രേനുജ് കമ്പനി സാമ്പത്തിക ഫല കണക്കുകള്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് 2017ല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1.84 ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദേശിച്ചിരുന്നു. 2017 ജൂണിലാണ് തന്റെ ഡീമാറ്റ് അക്കൗണ്ട് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് മരവിപ്പിച്ചതായി ഡോ. മേത്ത മനസിലാക്കിയത്. കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായി തന്റെ പേര് ഉള്ളതാണ് സാഹചര്യമെന്നും മനസിലാക്കി. മാനേജ്മെന്റിന്റെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മേത്ത ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല.
സ്വാഭാവിക നീതി നിഷേധിച്ചു -കോടതി
2018ല്‍ ശ്രേനുജ് കമ്പനിയെ സെബി ഡീലിസ്റ്റ് ചെയ്തു. ഇതോടെ ഡോ. മേത്തയുടെ ഡീമാറ്റ് അക്കൗണ്ടുകള്‍ പൂര്‍ണമായും മരവിപ്പിക്കപ്പെട്ടു. ഓഹരി മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു. ഇതേതുടര്‍ന്നാണ് ഡോ. മേത്ത കോടതിയെ സമീപിച്ചത്. കമ്പനി നല്‍കേണ്ട പിഴയുടെ പങ്ക് ഡോ. മേത്ത വഹിക്കേണ്ട സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. സ്വാഭാവിക നീതിയാണ് നിഷേധിക്കപ്പെട്ടത്. ഈ കേസില്‍ സെബിയും മറ്റും സ്വേഛാപരമായാണ് പ്രവര്‍ത്തിച്ചത്. നിയമപ്രകാരം പ്രവര്‍ത്തിച്ചില്ല. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിച്ചതായും കോടതി നിരീക്ഷിച്ചു. പിതാവിനെ സെക്കന്‍ഡ് ഹോള്‍ഡറാക്കി മകന്‍ നീല്‍ മേത്ത തുടങ്ങിയ അക്കൗണ്ടും ഈ പേരില്‍ മരവിപ്പിച്ചത് അന്യായമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story
Videos