റോബോട്ട് ടാക്സും തരിശുഭൂമി നികുതിയും വരുമോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ, നിർമിത ബുദ്ധിയുടെ ഉപയോഗം മൂലമുള്ള തൊഴിൽ നഷ്ടത്തിന് ‘റോബോട്ട് ടാക്സ്’ ചുമത്തണം. കൃഷിക്ക് ഉപയോഗിക്കാവുന്ന ഭൂമി തരിശായി ഇട്ടിരിക്കുന്നതിന് സമ്പന്ന നികുതി ഈടാക്കണം. 23ന് കേ​ന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കേ, ആർ.എസ്.എസിന്റെ പോഷക സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് ധനമന്ത്രി നിർമല സീതാരാമനു മുമ്പാകെ വെച്ച രണ്ടു പ്രധാന നിർദേശങ്ങളാണ് ഇവ.
റോബോട്ട് ടാക്സ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് പുതിയ സാ​​ങ്കേതിക വിദ്യകളെ നിരുത്സാഹപ്പെടുത്താനല്ല, അതുവഴിയുണ്ടാകുന്ന തൊഴിൽ നഷ്ടത്തിന്റെ കെടുതി നേരിടുന്നവർക്ക് ‘ക്രോസ് സബ്സിഡി’യെന്നോണം ആശ്വാസ പദ്ധതികൾ ആവിഷ്കരിക്കാനാണെന്ന് സ്വദേശി ജാഗരൺ മഞ്ച് വ്യക്തമാക്കുന്നു. റോബോട്ട് ടാക്സായി കിട്ടുന്ന ഫണ്ട്, തൊഴിൽനഷ്ട ബാധിതർക്ക് പുതിയ ​സാ​ങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിന് വിനിയോഗിക്കാം.
‘തൊഴിൽ നഷ്ടപ്പെടുന്നവരെ സഹായിക്കുന്നത് സർക്കാറിന്റെ മാത്രം ബാധ്യതയല്ല’
വാഹന നിർമാണ കമ്പനികളിൽ പൂർണതോതിൽ ഓട്ടോമാറ്റിക്കായി നടക്കുന്ന നിരവധി ജോലികളുണ്ട്. സേവന രംഗത്തും തൊഴിലാളികളുടെ ആവശ്യം കുറഞ്ഞു വരുന്നു. ചാറ്റ് ജിപിടിയാകട്ടെ, മെറ്റ എഐയാകട്ടെ, നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കുന്നു. അതു പ്രധാന വിഷയമാണ്. സാ​ങ്കേതിക വിദ്യയെ തടഞ്ഞു നിർത്താനാവില്ല. എന്നാൽ അത് ഉപയോഗിച്ച് കമ്പനികൾ ഉണ്ടാക്കുന്ന അധിക ലാഭത്തിൽ ഒരു പങ്ക് തൊഴിൽ നഷ്ടപ്പെടുന്നവർക്കായി വിനിയോഗിക്കണം. സർക്കാറിനും സമ്പദ്‍വ്യവസ്ഥക്കും മേൽ ഉണ്ടാകുന്ന അധികഭാരം കൂടിയാണ് തൊഴിൽ നഷ്ടത്തിന്റെ പ്രശ്നം. ഈ വിഷയം മറികടക്കാനുള്ള ധനസമാഹരണത്തിൽ കമ്പനികളും പങ്ക് വഹിക്കണം -സ്വദേശി ജാഗരൺ മഞ്ച് വിശദീകരിക്കുന്നു.
ഭക്ഷ്യസാധന വിലക്കയറ്റം തടയുന്നതിനും ചെറുകിട കർഷകരെ സഹായിക്കുന്നതിനും തരിശു ഭൂമിക്കു മേൽ ഏർപ്പെടുത്തുന്ന സമ്പന്ന നികുതി സഹായകമാകും. അനാവശ്യമായി ഭൂമി കൈവശം വെക്കുകയും കൃഷിഭൂമി തരിശിടുകയും ചെയ്യുന്നത് പ്രധാന വിഷയാണ്. അത് നിരുത്സാഹപ്പെടുത്തണം. ഭുമി ഫലപ്രദമായി ഉടമകൾ ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇത്തരമൊരു നികുതി സഹായിക്കും. വെറുതെ കിടക്കുന്ന ഭൂമി വാണിജ്യ പ്രവർത്തനങ്ങൾക്കും ചെറു വ്യവസായങ്ങൾക്കും ഉപയോഗികക്കുന്ന സാഹചര്യം രൂപപ്പെടട്ടെ. ഉൽപാദന ക്ഷമതയുമായി ബന്ധപ്പെടുത്തി ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ബോണസ് നൽകണമെന്നും സ്വദേശി ജാഗരൺ മഞ്ച് ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Next Story

Videos

Share it