ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; 18 മെയ്, 2022

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 36880 രൂപയായി. ഇന്നലെ 37240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4610 രൂപയായി.

ഭാരതി എയര്‍ടെല്ലിന്റെ തലപ്പത്ത് ഗോപാല്‍ വിട്ടല്‍ തുടരും

രാജ്യത്തെ ടെലികോം രംഗത്തെ പ്രമുഖരായ ഭാരതി എയര്‍ടെല്ലിന്റെ മാനേജിംഗ് ഡയരക്ടറും സിഇഒയുമായി ഗോപാല്‍ വിട്ടല്‍ തുടരും. അടുത്ത അഞ്ച് വര്‍ഷത്തേക്ക്, അതായത് 20258 ജനുവരി 31 വരെയാണ് അദ്ദേഹത്തെ വീണ്ടും എംഡിയും സിഇഒയുമായി നിയമിച്ചത്.

ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയും ഐപിഒയിലേക്ക്

ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസും ഓഹരി വിപണിയിലേക്ക് എത്തുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ നിന്നുള്ള ഐപിഒയ്ക്കുള്ള അനുമതി ലഭിച്ചു. ഇത് കൂടാതെ, എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസ്, സ്പെഷ്യാലിറ്റി മറൈന്‍ കെമിക്കല്‍ നിര്‍മാതാക്കളായ ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഈ മൂന്ന് കമ്പനികളും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഐപിഒയ്ക്കായി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്.

ഇന്‍ഡിഗോയുടെ തലപ്പത്തേക്ക് പീറ്റര്‍ എല്‍ബേഴ്സ്

മുന്‍ എയര്‍ ഫ്രാന്‍സ്-കെഎല്‍എം സിഇഒ പീറ്റര്‍ എല്‍ബേഴ്സ് ഇന്‍ഡിഗോയുടെ തലപ്പത്തേക്ക്. അദ്ദേഹത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി എത്തുമെന്ന് കമ്പനി അറിയിച്ചു. നിയമനം ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎസിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് ആയി മസ്‌കിന്റെ സ്പേസ്എക്സ്

ഇലോണ്‍ മസ്‌കിന്റെ എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിംഗ് കമ്പനി സ്പേസ്എക്സ് യുഎസിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി മാറിയെന്ന് റിപ്പോര്‍ട്ട്. സെക്കന്ററി മാര്‍ക്കറ്റില്‍ നടക്കുന്ന ഓഹരി വില്‍പ്പനയിലൂടെ കമ്പനിയുടെ മൂല്യം 125 ബില്യണ്‍ ഡോളര്‍ കടന്നു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒക്ടോബറില്‍ 56 ഡോളറായിരുന്ന സ്പെയ്സ് എക്സ് ഓഹരി വില ഇപ്പോള്‍ 72 ഡോളറോളം ആണ്.

എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗി വിശദീകരണങ്ങളൊന്നും സ്പേസ് എക്സ് നല്‍കിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഓഹരികള്‍ പുറത്തിറക്കുമെന്ന് സ്പെയ്സ്എക്സ് അറിയിച്ചിട്ടുണ്ട്.ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് സ്ട്രൈപ്പിനെ ആണ് മൂല്യത്തില്‍ സ്പെയ്സ്എക്സ് മറികടന്നത്. 115 ബില്യണ്‍ ഡോളറാണ് സ്ട്രൈപ്പിന്റെ മൂല്യം. ടിക്ക്ടോക്ക് ഉടമകളായ ബൈറ്റ്ഡാന്‍സ് ആണ് ലോകത്തെ ഏറ്റവും മൂല്യമുള്ള (140 ബില്യണ്‍). ആഗോളതലത്തില്‍ രണ്ടാമതാണ് സ്പേസ്എക്സ്.

രണ്ട് ദിവസത്തെ നേട്ടത്തിനൊടുവില്‍ വിപണിയില്‍ ഇടിവ്

ഇന്നലെ കുതിച്ചുയര്‍ന്നെങ്കിലും രണ്ട് ദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി വിപണി നേരിയ ഇടിവോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യപകുതിയില്‍ പച്ചയില്‍ മുന്നേറിയ വിപണി ഉച്ചയ്ക്ക് ശേഷം ചാഞ്ചാട്ടത്തിലേക്ക് വീണു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 110 പോയ്ന്റ് അഥവാ 0.2 ശതമാനം ഇടിഞ്ഞ് 54,209 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 19 പോയിന്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 16,240 ലും ക്ലോസ് ചെയ്തു.

വിശാല വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.13 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.33 ശതമാനം ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി റിയാലിറ്റി 1.75 ശതമാനവും പിഎസ്യു ബാങ്ക് സൂചികകള്‍ 1.6 ശതമാനവും ഇടിഞ്ഞ് വലിയ നഷ്ടം നേരിട്ടു. ഫ്എംസിജിയും ഫാര്‍മയും ഒരു ശതമാനത്തിലധികം ഉയര്‍ന്നു. വിപണി നേരിയ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ കേരള കമ്പനികളില്‍ 12 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില 13.7 ശതമാനം ഇടിഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it