ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 22, 2022

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 8.5 ശതമാനമാക്കി താഴ്ത്തി ഫിച്ച്

ആഗോള സമ്പദ്വ്യവസ്ഥയില്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പ്രതികൂല ആഘാതം മുന്നില്‍ കണ്ട് അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് ഫിച്ച്. ഉയര്‍ന്ന ഊര്‍ജ വിലയില്‍ സാമ്പത്തിക സംവിധാനങ്ങള്‍ക്കുണ്ടായേക്കാവുന്ന ഉലച്ചില്‍ കണക്കിലെടുത്ത് വളര്‍ച്ചാ നിരക്ക് 8.5% ആയിട്ടാണ് കുറച്ചത്. ഒമിക്റോണ്‍ തരംഗത്തിന്റെ വേഗം കുറയുന്നതോടെ, ലോക്ഡൗണുകള്‍ അകലും. ഇത് ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ചയുടെ ആക്കം കൂട്ടുന്നതിന് കളമൊരുക്കുന്നതായും റേറ്റിംഗ് ഏജന്‍സി അറിയിച്ചു.

കൊമേഷ്യല്‍ വാഹനങ്ങളുടെ വില ഏപ്രില്‍ മുതല്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

കൊമേഷ്യല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. മോഡലിനും വേരിയന്റിനുമനുസരിച്ച് 2-2.5 ശതമാനം വരെ വില വര്‍ധനവാണ് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ടാറ്റ മോട്ടോഴ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. സ്റ്റീല്‍, അലുമിനിയം തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനവാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കാരണം. ഇവയ്ക്ക് പുറമെ മറ്റ് അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും വാണിജ്യ വാഹനങ്ങളുടെ ഈ വില വര്‍ധനവിന് പ്രേരിപ്പിച്ചതായി ടാറ്റ മോട്ടോഴ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

കടം വീട്ടാന്‍ എഫ്പിഒ വഴി രുചി സോയ സമാഹരിക്കുന്നത് 4300 കോടി

പതഞ്ജലി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കടം തിരിച്ചടയ്ക്കുന്നതിന് പുതിയ ഇക്വിറ്റി വഴി 4,300 കോടി രൂപ സമാഹരിക്കുകയാണ്. എഫ്പിഒ അഥവാ ഫോളോ-ഓണ്‍ പബ്ലിക് ഓഫറില്‍ 6.6 കോടി ഓഹരികള്‍ ആണ് വില്‍പ്പന നടത്തുക. ഓഹരി ഒന്നിന് 615-650 രൂപ നിരക്കില്‍ ആണ് ഇഷ്യൂ. എഫ്പിഒ മാര്‍ച്ച് 24 ന് തുറന്ന് മാര്‍ച്ച് 28 ന് അവസാനിക്കും

22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ചരക്ക് നീക്കത്തില്‍ 300 ദശലക്ഷം മെട്രിക് ടണ്‍ പിന്നിട്ട് അദാനി പോര്‍ട്‌സ്

22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 300 ദശലക്ഷം മെട്രിക് ടണ്‍ നേട്ടമുണ്ടാക്കി അദാനി പോര്‍ട്ട്സ് & SEZ. അദാനിയുടെ ഉടമസ്ഥഥയിലുള്ള തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ 300 ദശലക്ഷം മെട്രിക് ടണ്‍ കടന്നതായി മാര്‍ച്ച് 20 ന് ആണ് അറിയിപ്പ് പുറത്തുവിട്ടത്. കഴിഞ്ഞ 100 ദശലക്ഷം ടണ്‍ എന്ന നാഴികക്കല്ല് വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ നേടാനായതും അദാനി പോര്‍ട്‌സിന്റെ നേട്ടമാണ്.

സാനിറ്റൈസര്‍ ബിസിനസില്‍ നിന്നും പിന്മാറി കമ്പനികള്‍

ഡിമാന്‍ഡ് ഇടിഞ്ഞതോടെ രാജ്യത്തെ പല സാനിറ്റൈസര്‍ നിര്‍മാതാക്കളും കളമൊവിയുന്നതായി റിപ്പോര്‍ട്ട്. റാഡിക്കോ ഖയ്താന്‍, ഡാബര്‍ എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കൂടുതല്‍ കമ്പനികള്‍ തങ്ങളുടെ സാനിറ്റൈസര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.

ചുവപ്പില്‍നിന്ന് പച്ചയിലേക്ക് കുതിച്ച് വിപണി, സെന്‍സെക്സ് 697 പോയ്ന്റ് ഉയര്‍ന്നു

വ്യാപാരത്തിന്റെ പകുതി വരെ ചുവപ്പില്‍ തുടര്‍ന്ന വിപണി ഐടി, ഓട്ടോ ഓഹരികളുടെ ബലത്തില്‍ തിരിച്ചുകയറി. ചൊവ്വാഴ്ച ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്സ് 1.22 ശതമാനം അഥവാ 696.81 പോയ്ന്റ് ഉയര്‍ന്ന് 57,989.30 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് 1,059 പോയ്ന്റ് ഉയര്‍ന്നു. നിഫ്റ്റി 198 പോയിന്റ് അഥവാ 1.16 ശതമാനം ഉയര്‍ന്ന് 17,315.5 ലാണ് ക്ലോസ് ചെയ്തത്. സൂചിക 17,006 എന്ന ഇന്‍ട്രാ-ഡേയിലെ ഏറ്റവും താഴ്ന്ന നിലയിലും 17,334 എന്ന ഉയര്‍ന്ന നിലയിലും എത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സ്റ്റോക്കിലും ഐടി, ഓട്ടോ ഓഹരികളിലും ശക്തമായ വാങ്ങലുകളുണ്ടായതാണ് വിപണിയെ നേട്ടത്തിലേക്ക് നയിച്ചത്.

കേരള കമ്പനികളുടെ പ്രകടനം

വ്യാപാരത്തില്‍ വിപണി നേട്ടമുണ്ടാക്കിയെങ്കിലും കേരള കമ്പനികളില്‍ 16 ഓഹരികളുടെ വിലകള്‍ മാത്രമാണ് ഉയര്‍ന്നത്. അപ്പോളോ ടയേഴ്‌സ് (0.80 ശതമാനം), എഫ്എസിടി (4.01 ശതമാനം), ഫെഡറല്‍ ബാങ്ക് (1.54 ശതമാനം), കേരള ആയുര്‍വേദ (1.89 ശതമാനം), കിറ്റെക്‌സ് (3.08 ശതമാനം), നിറ്റ ജലാറ്റിന്‍ (1.96 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (3.91 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.82 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. എവിറ്റി, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി. അതേസമയം, കഴിഞ്ഞ അഞ്ച് വ്യാപാര ദിവസങ്ങളിലായി കേരള കമ്പനിയായ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വില 25.79 ശതമാനമാണ് ഉയര്‍ന്നത്.

Related Articles

Next Story

Videos

Share it