ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 15, 2021

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാനൊരുങ്ങി ടെസ്ല
യുഎസ്, ചൈന എന്നിവിടങ്ങളിലെ നിര്‍മാണ പദ്ധതികള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടെസ്ല. ഇന്ത്യയില്‍ ആദ്യ പ്ലാന്റ് കര്‍ണാടകയില്‍ ആരംഭിക്കാനാണ് ഒരുക്കങ്ങള്‍. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് കര്‍ണാടക മന്ത്രിസഭ പുറത്തുവിട്ടു. ബെംഗളുരുവിന്റെ സമീപ പ്രദേശങ്ങളില്‍ ഇതിനായി സ്ഥലമേറ്റെടുക്കലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടും ഏറ്റവും പുതിയ വിവരങ്ങള്‍ ടെസ്ല പുറത്തുവിട്ടിട്ടില്ല. ജനുവരി 13 ന് ഒരു ട്വീറ്റിലൂടെയായിരുന്നു കമ്പനി ഇന്ത്യയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചത്.
ഇന്ന് അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് രാജ്യത്ത് നിര്‍ബന്ധമാകും
ഓട്ടോമാറ്റിക്ക് ടോള്‍ പെയ്മെന്റ് സംവിധാനമായ ഫാസ്ടാഗ് ഇന്ന് അര്‍ധരാത്രി 12 മണി മുതലാണ് നിര്‍ബന്ധമാകുന്നത്. നേരത്തെ 2021 ജനുവരി ഒന്ന് മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നെങ്കിലും ഫെബ്രുവരി 15 വരെ നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍ ഇനിയും നിങ്ങളുടെ വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനം.
ഇന്ത്യ മാപ്പിംഗ് നയം ഉദാരവല്‍ക്കരിക്കുന്നു
മാപ്പിംഗ് നയം ഉദാരവല്‍ക്കരിച്ച് ഇന്ത്യ. പുതിയ നയം അനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രാദേശിക കമ്പനികള്‍ക്കും ജിയോ സ്‌പേഷ്യല്‍ മാപ്പുകള്‍ നിര്‍മ്മിക്കാം. അടിസ്ഥാന സൗകര്യം, നഗര ഗതാഗതം, ഗ്രാമീണ വാണിജ്യം എന്നിവയിലുടനീളം പുതിയ ബിസിനസുകള്‍ നിര്‍മ്മിക്കുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും. ഇന്ന് 'സാങ്കേതികവിദ്യകളും സേവനങ്ങളും മാപ്പിംഗ് ചെയ്യുന്നതിന് വിദേശ സ്രോതസ്സുകളെ' വളരെയധികം ആശ്രയിക്കുന്നതിനാല്‍ ഈ നയം രാജ്യത്ത് പുതുമയും സംരംഭകത്വവും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ബി ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ യുകെ കോടതി മരവിപ്പിച്ചു
പ്രശ്‌നബാധിത ഹെല്‍ത്ത് കെയര്‍ ഓപ്പറേറ്റര്‍ എന്‍എംസി ഹെല്‍ത്തിന്റെ സ്ഥാപകനായ ബി ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ യുകെ കോടതി മരവിപ്പിച്ചു. ഫ്രീസ് ഓര്‍ഡര്‍ ലോകമെമ്പാടും ബാധകമാണെന്ന് റിപ്പോര്‍ട്ട്. ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ വായ്പാ ക്രമക്കേടുള്ളത് ചൂണ്ടിക്കാട്ടിയുള്ള അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതി വിധിയെന്നും വാര്‍ത്തകള്‍ പറയുന്നു. ഷെട്ടിയെ കൂടാതെ, എന്‍എംസി ഹെല്‍ത്തിന്റെ പ്രധാന ഉടമകളുടെയും മറ്റ് കമ്പനി എക്‌സിക്യൂട്ടീവുകളുടെയും ആസ്തികളും മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, മുന്‍ സിഇഒ പ്രശാന്ത് മങ്ങാട്ട്, എമിറാത്തി നിക്ഷേപകരായ ഖലീഫ അല്‍ മുഹൈരി, സയീദ് അല്‍-ഖൈബൈസി, കമ്പനിയിലെ മറ്റ് രണ്ട് എക്‌സിക്യൂട്ടീവുകള്‍ എന്നിവരാണ്.
ഇന്ത്യയില്‍ ഇന്ന് മുതല്‍ പാചക വാതക വില കൂടി
ഇന്ത്യയില്‍ ഇന്ന് മുതല്‍ പാചക വാതക വില കൂടി. വീട്ടാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് (14.2 കിലോയുടെ എല്‍പിജി സിലിണ്ടര്‍) 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ രണ്ടാം തവണയാണ് പാചക വാതകത്തിന് വില വര്‍ധിക്കുന്നത്. ഫെബ്രുവരി നാലിന് സിലിണ്ടര്‍ ഒന്നിന് 4 രൂപ വീതം എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു. ഡിസംബറിലും പാചക വാതകത്തിന് 25 രൂപ കൂടുകയുണ്ടായി.
ഓഹരി വിപണിയില്‍ ആവേശപ്പൂരം; സെന്‍സെക്സ് 52,000 കടന്നു
ഇന്ത്യന്‍ ഓഹരി സൂചിക, പുതിയ വാരത്തിന്റെ ആദ്യ വ്യാപാര ദിനത്തില്‍ മറ്റൊരു റെക്കോര്‍ഡിട്ട് കുതിപ്പ് തുടങ്ങി. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ കുതിച്ചുമുന്നേറിയപ്പോള്‍ ഐറ്റി, മെറ്റല്‍ ഓഹരികളിലാണ് കിതപ്പ് കണ്ടത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയിലെ ഉണര്‍വിന്റെ സൂചനകളും വിദേശ - ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ വാങ്ങലുകളും വിപണിയെ ആവേശത്തിലാക്കുന്നുണ്ട്. ചരിത്രത്തില്‍ ഇന്നാദ്യമായി സെന്‍സെക്സ് 52,000 പോയ്ന്റ് കടന്നു. 610 പോയ്ന്റ്, 1.18 ശതമാനമാണ് ഇന്ന് സെന്‍സെക്സ് നേട്ടമുണ്ടാക്കിയത്. 52,154 ല്‍ ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 52,177.5 എന്ന തലത്തിലെത്തിയിരുന്നു. ആക്സിസ് ബാങ്ക് ഓഹരി ഇന്ന് ആറുശതമാനം നേട്ടമാണുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എസ് ബി ഐ, ബജാജ് ഫിന്‍സെര്‍വ്. എച്ച് ഡി എഫ് സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഓഹരികളെല്ലാം ഇന്ന് നേട്ടം കൊയ്തു.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it