ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 09, 2021

തിരുവനന്തപുരത്ത് കോവിഡ് വാക്‌സിന്‍ നിര്‍മാണ യൂണിറ്റ്
സംസ്ഥാനത്ത് വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ രൂപീകരിച്ച യൂണിറ്റിലെ വാക്‌സിന്‍ നിര്‍മ്മാണ പ്രോജക്ട് ഡയറക്ടറായി ഡോ. എസ് ചിത്ര ഐഎഎസിനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എത്രയും പെട്ടെന്ന് തന്നെ വാക്‌സിന്‍ ഉല്‍പ്പാദനം ആരംഭിക്കാനുള്ള നിര്‍ദേശം പുതുതായി രൂപീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വേഗ റെയ്ല്‍ പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലിന് അനുമതി
വേഗ റെയ്ല്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിനുള്ള ഭരണാനുമതിയാണ് ലഭ്യമായത്.
ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ പ്രത്യേക വിലയ്ക്ക് ലഭിച്ചാലേ വാങ്ങൂ എന്ന് ഇന്ത്യ
വാക്‌സിനേഷന്‍ പ്രോഗ്രാമിനായി ഇന്ത്യ ഫൈസറില്‍ നിന്നും മോഡേണയില്‍ നിന്നും വാക്‌സിനുകള്‍ പ്രത്യേക വിലയ്ക്ക് വാഗ്ദാനം ചെയ്താല്‍ മാത്രമേ വാങ്ങുകയുള്ളൂവെന്ന് ചര്‍ച്ചകള്‍ക്കുശേഷം സ്വകാര്യ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രാജ്യത്ത് ഈ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിന് ഒരു കനാലൈസിംഗ് ഏജന്‍സിയായി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകും. എംആര്‍എന്‍എ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ കേന്ദ്രവുമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കിയ ടെന്‍ഡറുകളില്‍ ഫിസര്‍ പങ്കെടുത്തിരുന്നില്ല.
എല്‍ഐസിയുടെ ചെയര്‍മാനായി എംആര്‍ കുമാര്‍ തുടരും
കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ചെയര്‍മാനായി എംആര്‍ കുമാര്‍ തുടരും. 2022 മാര്‍ച്ച് 13 വരെയാണ് അദ്ദേഹത്തിന്റെ ചെയര്‍മാന്‍ കാലാവധി നീട്ടിയത്. ഇതിന് കാബിനറ്റ് നിയമന സമിതി അംഗീകാരവും നല്‍കി. 2020 ജൂണ്‍ 30ന് എംആര്‍ കുമാറിന്റെ ചെയര്‍മാന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം.
കര്‍ഷകര്‍ക്ക് ആശ്വാസം; നെല്ലിന്റെ താങ്ങ് വില ഉയര്‍ത്തി
2021-22 വിളവര്‍ഷത്തില്‍ നെല്ലിന്റെ താങ്ങ് വില (എംഎസ്പി) ക്വിന്റലിന് 72 രൂപ വര്‍ധിച്ച് ക്വിന്റലിന് 1,940 രൂപയായി ഉയര്‍ത്തി. മറ്റ് ഖാരിഫ് വിളകളുടെ നിരക്കും ഉയര്‍ത്തി.
ലോകത്താദ്യമായി ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിച്ച് ഒരു രാജ്യം
ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിനെ നിയമപരമായി കറന്‍സിയായി അംഗീകരിച്ച് തെക്കേ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോര്‍. ബിറ്റ്കോയിനെ ഇത്തരത്തില്‍ കറന്‍സിയായി അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണിത്. ജൂണ്‍ 9ന് പ്രസിഡന്റ് നായിബ് ബുക്കെലെ അവതരിപ്പിച്ച ബിറ്റ്‌കോയിന്‍ നിയമം നിയമസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് പാസായത്.
ലാഭമെടുപ്പ് തുടരുന്നു, ഓഹരി വിപണി താഴേക്ക് തന്നെ
തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി താഴേക്ക്. സെന്‍സെക്സ് 333.93 പോയ്ന്റ് ഇടിഞ്ഞ് 51941.64 പോയ്ന്റിലും നിഫ്റ്റി 104.70 പോയ്ന്റ് ഇടിഞ്ഞ് 15635.40 പോയ്ന്റിലും ക്ലോസ് ചെയ്തു. 1425 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1697 ഓഹരികളുടെ വിലയിടിഞ്ഞു. 139 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. തിങ്കളാഴ്ച സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെയാണ് പ്രതിരോധം തകര്‍ന്ന് വിപണി താഴ്ന്നു തുടങ്ങിയത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ ഓഹരികളില്‍ ആറെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഹാരിസണ്‍സ് മലയാളം 6.29 ശതമാനം നേട്ടമുണ്ടാക്കി. പാറ്റ്സ്പിന്‍ ഇന്ത്യ (4.93 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (4.53 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.50 ശതമാനം), സിഎസ്ബി ബാങ്ക് (2.04 ശതമാനം), കിറ്റെക്സ് (0.12 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍. എവിറ്റിയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
Today's Podcast - Click Here and Listen
കോവിഡ് നിരക്ക് - ജൂണ്‍ 09, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍-
16,204
, മരണം- 156
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍- 29,089,069 , മരണം- 353,528
ലോകത്തില്‍ ഇതുവരെ
രോഗികള്‍ - 173,904,841, മരണം- 3,745,152





Related Articles
Next Story
Videos
Share it