ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 04, 2021

പുതിയ ഓടിടി ചട്ടങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി

വീഡിയോ സ്ട്രീമിംഗ് സേവനങ്ങള്‍ക്കായുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ധാര്‍മ്മിക നിയമങ്ങളും രേഖപ്പെടുത്തണമെന്ന് ഇന്ത്യ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. സിനിമകള്‍ക്ക് സമാനമായ വീഡിയോ സ്ട്രീമിംഗ് സേവനങ്ങളില്‍ ഉള്ളടക്കം പ്രീ-സ്‌ക്രീന്‍ ചെയ്യേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി വിപ്രോ; 1.45 ബില്യണ്‍ ഡോളറിന് ക്യാപ്കോയെ ഏറ്റെടുക്കും
യുകെ ആസ്ഥാനമായുള്ള ഐടി കണ്‍സള്‍ട്ടന്‍സി ക്യാപ്കോയെ 1.45 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാനൊരുങ്ങി വിപ്രോ. കഴിഞ്ഞ 20 വര്‍ഷമായി, ബാങ്കിംഗ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്, വെല്‍ത്ത്, അസറ്റ് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് മേഖലകളിലെ ബോര്‍ഡുകളും സി-സ്യൂട്ടുകളും ഉള്‍പ്പെടെയുള്ള ബിസിനസ്സ് നേതാക്കളുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള കമ്പനിയാണ് ഇത്. കൂടാതെ, ഊര്‍ജ്ജ, ചരക്ക് വ്യാപാര മേഖലയിലെ സേവനങ്ങള്‍ ക്ലയന്റുകള്‍ക്ക് നല്‍കുന്നതില്‍ അഗ്രഹണ്യരാണ് ക്യാപ്കോ. ക്യാപ്കോയുടെ ഏറ്റെടുക്കല്‍ വിപ്രോയെ ബാങ്കിംഗ്, ധനകാര്യ സേവന വ്യവസായത്തിലേക്കുള്ള ഏറ്റവും വലിയ ആഗോള കണ്‍സള്‍ട്ടിംഗ്, സാങ്കേതികവിദ്യ, പരിവര്‍ത്തന സേവന ദാതാക്കളില്‍ ഒരാളാക്കുമെന്നാണ് കരുതപ്പെടുന്നത്.
സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ പ്രൈസ് സ്റ്റബിലൈസേഷന്‍ ഫണ്ട് ആരംഭിക്കണമെന്ന് റിപ്പോര്‍ട്ട്
ക്രോസ് സബ്‌സിഡി ഫണ്ടിലൂടെ വരുമാനനഷ്ടം പരിഹരിക്കുന്നതിന് ഒരു ക്രൂഡ് ഓയില്‍ പ്രൈസ് സ്റ്റബിലൈസേഷന്‍ ഫണ്ട് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ തലത്തില്‍ പെട്രോളിനും ഡീസലിനും അടിസ്ഥാന വില യഥാക്രമം 75 രൂപയും 68 രൂപയുമാണെന്ന് എസ്ബിഐ സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നു. ഈ അടിസ്ഥാന വിലയില്‍, ഒന്നിലധികം സിമുലേഷനുകള്‍ക്കൊപ്പം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ബജറ്റ് എസ്റ്റിമേറ്റുകളില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ / ജിഡിപിയുടെ 0.4 ശതമാനം മാത്രമേ വരുമാന വ്യതിയാനം ഉള്ളൂവെന്നും ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇപിഎഫ് നിക്ഷേപ പലിശ 8.5 ശതമാനമായി നിലനിര്‍ത്തി
2020-21ല്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ അടയ്ക്കല്‍ മുന്‍ സാമ്പത്തികവര്‍ഷത്തെപ്പോലെ 8.5 ശതമാനമായി നിലനിര്‍ത്തി ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) 60 ദശലക്ഷം വരിക്കാര്‍ക്ക് ഒരു വലിയ ആശ്വാസമാകുന്നതാണ് ഇത്. ഇത് 2012-13 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലെ ഉയര്‍ന്ന പിന്‍വലിക്കലുകളുടെയും കുറഞ്ഞ നിക്ഷേപത്തിന്റെയും പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്ന പലിശനിരക്കിനേക്കാള്‍ മികച്ചതാണ്.
ജീവനക്കാര്‍ക്ക് വാക്‌സിന്‍ സൗജന്യമെന്ന് ഇന്‍ഫോസിസും ആക്‌സെഞ്ചറും
ഇന്‍ഫോസിസ് ലിമിറ്റഡും ആക്‌സെഞ്ചര്‍ പിഎല്‍സിയും തങ്ങളുടെ ഇന്ത്യയിലെ ജീവനക്കാരുടെ കൊവിഡ് വാക്‌സിനേഷന്റെ ചെലവ് വഹിക്കുമെന്ന് അറിയിച്ചു. രണ്ടാം ഘട്ട വാക്‌സിനേഷന്‍ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. 60 വയസ്സിന് മുകളിലുള്ളവരും 45 വയസോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തികള്‍, രോഗാവസ്ഥയുള്ളവര്‍ എന്നിവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിവരുന്നത്.

കഴിഞ്ഞ 10 മാസത്തിലെ ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണവില

കഴിഞ്ഞ പത്തുമാസക്കാലത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് താഴ്ന്ന് സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് മാത്രം ഇടിഞ്ഞത് പവന് 520 രൂപയാണ്. ഇതോടെ 33,960 രൂപയിലായിരുന്ന സ്വര്‍ണം പവന് 33,440 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 4180 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 280 രൂപ കൂടി 33,960 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ ത്രൈമാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വര്‍ണമെത്തിയപ്പോള്‍ സംസ്ഥാനത്തെ റീറ്റെയ്ല്‍ വിപണിയിലും ഉണര്‍വ് പ്രകടമാണ്.

അമേരിക്കന്‍ കടപ്പത്രങ്ങളുടെ നിക്ഷേപ നേട്ടം ഇന്നും ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടു. മൂന്നുദിവസത്തിനുശേഷം ഓഹരി സൂചികകള്‍ ഇന്ന് ഇടിഞ്ഞു. 2020 ഏപ്രിലിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കടപ്പത്ര നിക്ഷേപ നേട്ടമാണ് ഇന്ന് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്; 6.26 ശതമാനം. ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരി വിപണികളെല്ലാം തന്നെ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്സ് 598 പോയ്ന്റ് അഥവാ 1.16 ശതമാനം ഇടിഞ്ഞ് 50,081 പോയ്ന്റില്‍ ക്ലോസ് ചെയ്തു. അതേ സമയം നിഫ്റ്റി 15,000 എന്ന തലത്തില്‍ നിന്ന് താഴെ പോകാതെ 15,081ല്‍ ക്ലോസ് ചെയ്തു. ഇന്ന് ഇടിഞ്ഞത് 165 പോയ്ന്റ് അഥവാ 1.08 ശതമാനമാണ്.








Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it