Top

ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 23, 2021

ഇന്ത്യയുടെ ജിഡിപി ഡിസംബര്‍ പാദത്തില്‍ 1.3 ശതമാനമായി ഉയരുമെന്ന് ഡിബിഎസ് ബാങ്ക് റിപ്പോര്‍ട്ട്
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പ്രതിസന്ധിയില്‍ കഴിഞ്ഞ രണ്ട് പാദങ്ങളിലും സങ്കോചമുണ്ടായ ഇന്ത്യന്‍ ജിഡിപി 2020-21 മൂന്നാം പാദത്തില്‍ 1.3 ശതമാനമായി മാറിയേക്കാമെന്ന് ഡിബിഎസ് റിപ്പോര്‍ട്ട്. കോവിഡ് കേസുകളുടെ എണ്ണം കുറയുകയും പൊതുചെലവ് വര്‍ധിക്കുകയും ചെയ്തുവെന്നതാണ് ഡിബിഎസ് ഗ്രൂപ്പ് റിസര്‍ച്ച് ഇക്കണോമിസ്റ്റ് രാധിക റാവു ചൂണ്ടിക്കാട്ടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ ജിഡിപി നമ്പറുകള്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തുവിടാനിരിക്കുകയാണ്.
കെ- ഷെയ്പ്ഡ് വീണ്ടെടുക്കലില്‍ റസിഡന്‍ഷ്യല്‍ റിയല്‍റ്റി മേഖലയെന്ന് ഇക്ര
കെ-ഷെയ്പ്ഡ് വീണ്ടെടുക്കലിന് റസിഡന്‍ഷ്യല്‍ റിയല്‍റ്റി മേഖല സാക്ഷ്യം വഹിക്കുന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ (ഇക്ര) അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ചെറുകിടക്കാരെക്കാള്‍ ലിസ്റ്റുചെയ്തിട്ടുള്ള സ്ഥാപനങ്ങളാണ് നേട്ടത്തിന്റെ പാതയിലെന്നും ഇക്ര വ്യക്തമാക്കുന്നു. മികച്ച 10 റിയാല്‍റ്റി പ്ലെയേഴ്‌സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 61 ശതമാനം വളര്‍ച്ച നേടിയതായും ഇക്ര ചൂണ്ടിക്കാട്ടുന്നു. വലിയ ഡെവലപ്പര്‍മാര്‍ക്ക് ക്രെഡിറ്റ് ഫെസിലിറ്റി ലഭ്യമാക്കാന്‍ കഴിയുന്നുവെന്നത് ഇവരുടെ സെയ്ല്‍സിനെ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ കമ്പനികള്‍ 10 ശതമാനം വരെ ശമ്പളം വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ കമ്പനികള്‍ 10 ശതമാനം വരെ ശമ്പളം വര്‍ധിപ്പിച്ചേക്കുമെന്ന് ആഗോള പ്രൊഫഷണല്‍ സേവന സ്ഥാപനമായ Aon നടത്തിയ ഇന്ത്യന്‍ ശമ്പള വര്‍ധന സര്‍വേ റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ പിന്തുണയുള്ള സ്ഥാപനങ്ങളാണ് മികച്ച ശമ്പളവര്‍ധനവ് നടത്തുക. 10.1 ശതമാനം വരെയാകും ഈ മേഖലയിലെ ശമ്പളവര്‍ധന. ടെക് മേഖല 9.7 ശതമാനവും ഐടി 8.8 ശതമാനവും വിനോദ, ഗെയിമിംഗ് മേഖല 8.1 ശതമാനവും വര്‍ധനവ് നല്‍കും. കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ 8% ശമ്പള വര്‍ധനവ് വാഗ്ദാനം ചെയ്യുന്നുവെന്നും സര്‍വേ ഫലം പറയുന്നു.
ക്വാല്‍കോമുമായി ചേര്‍ന്ന് എയര്‍ടെല്‍
ഇന്ത്യയില്‍ ഓപ്പണ്‍-റാന്‍ 5 ജി റോള്‍ ഔട്ട് തുടങ്ങാന്‍ ചിപ്പ് ഭീമനായ ക്വാല്‍കോമുമായി ഭാരതി എയര്‍ടെല്‍ പങ്കാളികളാകുന്നു. രാജ്യത്ത് 5 ജി നെറ്റ്വര്‍ക്കുകള്‍ പുറത്തിറക്കാന്‍ എയര്‍ടെല്‍ ക്ലൗഡില്‍ സേവനങ്ങള്‍ നടത്തുന്ന ക്വാല്‍കോമിന്റെ റേഡിയോ ആക്സസ്‌നെറ്റ്വര്‍ക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കും. എയര്‍ടെല്ലിന്റെ തത്സമയ 4 ജി നെറ്റ്വര്‍ക്കിലൂടെ ഹൈദരാബാദില്‍ 5 ജി സേവനങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്തയുമെത്തുന്നത്.
ആമസോണ്‍ ഇന്ത്യ, മഹീന്ദ്ര ഇലക്ട്രിക്കുമായി കൈകോര്‍ക്കുന്നു
ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടക്കാന്‍ ആമസോണ്‍ ഇന്ത്യ, മഹീന്ദ്ര ഇലക്ട്രിക്കുമായി പങ്കാളിത്തം ആരംഭിക്കുന്നു. 2025 ഓടെ, രാജ്യത്തെ ഡെലിവറി വാഹന നിരയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ഉള്‍പ്പെടുത്തുമെന്ന് ആമസോണ്‍ ഇന്ത്യ 2020ല്‍ പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ വിതരണ നിരയില്‍ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന കാലാവസ്ഥാ പ്രതിജ്ഞയില്‍ (ക്ലൈമറ്റ് പ്ലെഡ്ജ്) ഒപ്പിട്ട് ആമസോണ് പ്രഖ്യാപിച്ച ആഗോള പ്രതിബദ്ധതയ്ക്ക് പുറമെയാണിത്. ഇ-മൊബിലിറ്റി വ്യവസായ രംഗത്ത് പരിസ്ഥിതി സുസ്ഥിരത ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് മഹീന്ദ്ര ഇലക്ട്രിക്കുമായുള്ള ഈ പങ്കാളിത്തം.
ഗവേഷണ സംരംഭക ശൃംഖലയുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍
ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ് വര്‍ക്ക് കേരളയ്ക്ക് (റിങ്ക്) രൂപം നല്‍കുന്നു. ഗവേഷണ സ്ഥാപനങ്ങള്‍, നവസംരംഭങ്ങള്‍, വ്യവസായം, കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യുകയെന്നതാണ് റിങ്ക് വിഭാവനം ചെയ്യുന്നത്
സമുദ്രോല്‍പ്പന്ന കയറ്റുമതി; എംപിഇഡിഎ - എന്‍സിഡിസിയുമായി ധാരണ
കയറ്റുമതി സാധ്യതയുള്ള മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കുമായുള്ള വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും നാഷണല്‍ കോ-ഓപറേറ്റീവ് ഡെവലപ്മന്റ് കോര്‍പറേഷനും ധാരണാപത്രം ഒപ്പിട്ടു. എംപിഇഡിഎ ചെയര്‍മാന്‍ ശ്രീ കെ എസ് ശ്രീനിവാസ്, എന്‍സിഡിസി എംഡി ശ്രീ സുന്ദീപ് കുമാര്‍ നായക് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
സൂചികകളില്‍ തിരിച്ചു; കയറലിന്റെ സൂചനകള്‍
അഞ്ചു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ഓഹരി സൂചികകള്‍ തിരിച്ചു കയറുന്നു. വലിയ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്സ് 7.09 പോയ്ന്റ് ഉയര്‍ന്ന് 49751.41 പോയ്ന്റിലും നിഫ്റ്റി 32.10 പോയ്ന്റ് ഉയര്‍ന്ന് 14,707.80 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, യുപിഎല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, അദാനി പോര്‍ട്ട്സ്, ഡിവിസ് ലാബ്സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. മെറ്റല്‍ സൂചിക 4 ശതമാനവും എനര്‍ജി, ഇന്‍ഫ്രാ സൂചികകള്‍ 1-2 ശതമാനം നേട്ടവുമാണ് ഇന്ന് ഉണ്ടാക്കിയത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it