ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 08, 2022

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; വളര്‍ച്ചാനിരക്ക് 7.2 ശതമാനമാക്കി

രാജ്യത്തെ വളര്‍ച്ചാ നിരക്ക് 7.2 ശതമാനമാക്കി ആര്‍ബിഐ. പണനയ അവലോകന ദിനത്തിന്റെ അവസാന ദിവസമായ ഇന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്. അത് പോലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുമില്ല. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദ്വൈമാസ നയമാണ് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

മാറ്റം വരുത്താത്തതിനാല്‍ തന്നെ നിലവിലുള്ള റിപ്പോ നിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും മാറ്റമില്ലാതെ തുടരും. റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായാണ് ഇപ്പോള്‍ തുടരുന്നത്. രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

രാജ്യത്തെ മൊത്ത നികുതി പിരിവ് 27.07 ലക്ഷം കോടിയായി ഉയര്‍ന്നു

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നികുതി പിരിവ് 27.07 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. വരുമാനവും മറ്റ് പ്രത്യക്ഷ നികുതികളും പരോക്ഷ നികുതികളും കുതിച്ചുയര്‍ന്നതിനാലാണെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു. 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള 27.07 ലക്ഷം കോടി രൂപയുടെ മൊത്ത നികുതി പിരിവ് ബജറ്റ് എസ്റ്റിമേറ്റായ 22.17 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികള്‍ അടയ്ക്കുന്ന ആദായനികുതിയും കോര്‍പ്പറേറ്റ് നികുതിയും അടങ്ങുന്ന പ്രത്യക്ഷ നികുതി 14.10 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ഐഡിബിഐ, ആക്‌സിസ് ബാങ്കുകള്‍ക്ക് ആര്‍ബിഐ പിഴ ചുമത്തി

കെവൈസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട വിവിധ ലംഘനങ്ങള്‍ക്ക് ആക്സിസ് ബാങ്കിന് 93 ലക്ഷം രൂപ പിഴ ചുമത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഐഡിബിഐ ബാങ്കിന് സെന്‍ട്രല്‍ ബാങ്ക് 90 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

14 സംസ്ഥാനങ്ങള്‍ക്കുള്ള റവന്യൂ കമ്മി ഗ്രാന്റിന്റെ ആദ്യ ഗഡുവായ 7,183 കോടി രൂപ അനുവദിച്ചു

14 സംസ്ഥാനങ്ങള്‍ക്കുള്ള റവന്യൂ കമ്മി ഗ്രാന്റിന്റെ ആദ്യ ഗഡുവായ 7,183 കോടി രൂപ അനുവദിച്ചതായി ധനമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ആന്ധ്രാപ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് 15-ാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശ പ്രകാരമാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.

18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ ബൂസ്റ്റര്‍ഡോസ്

18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാം. രണ്ട് വാക്‌സിന്‍ പൂര്‍ത്തിയാക്കി കാത്തിരിപ്പ് കാലാവധി കഴിഞ്ഞവര്‍ക്കും കോവിഡ് വന്ന് മൂന്നു മാസം കഴിഞ്ഞവര്‍ക്കും സുരക്ഷിതമായി കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 600 രൂപയായിരിക്കും വില.

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇക്കഴിഞ്ഞ രണ്ട് ദിവസമായി നേരിയ കയറ്റത്തിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4800 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 25 രൂപ വര്‍ധിച്ചതോടുകൂടി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4825 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 38600 രൂപയായി.

മൂന്നുദിവസത്തെ ഇടിവിന് വിരാമം; ഉണര്‍വേകിയത് പണനയം

ഈ വാരത്തിലെ അവസാന വ്യാപാരദിനത്തില്‍ പച്ചതൊട്ട് ഓഹരി വിപണികള്‍. റിസര്‍വ് ബാങ്ക് പണനയമാണ് നിക്ഷേപകര്‍ക്ക് ആശ്വാസമായത്. നിരക്കുകളില്‍ മാറ്റം വരുത്താതെയിരുന്നത് വിപണിക്ക് തുണയായി. സെന്‍സെക്സ് 412 പോയ്ന്റ് ഉയര്‍ന്ന് 59,447 ലും നിഫ്റ്റി 145 പോയ്ന്റ് ഉയര്‍ന്ന് 17,784ലും ക്ലോസ് ചെയ്തു. വിശാല വിപണികളും ഇന്ന് 0.9 ശതമാനം ഉയര്‍ന്നു. ഐടിസി ഓഹരി വില ഇന്ന് 4.7 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഐറ്റിസിയുടെ ഓഹരി വിലയില്‍ 24 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് പത്തോളം കേരള കമ്പനികളുടെ ഓഹരിവില താഴ്ന്നു. കെഎസ്ഇ ഓഹരി വില അഞ്ചു ശതമാനത്തോളവും എവിടി നാച്ചുറലിന്റെ ഓഹരി വില 4.93 ശതമാനവും കൂടി. ഫെഡറല്‍ ബാങ്ക് ഓഹരി വില ഒരു ശതമാനത്തിലേറെ കൂടി 100.20 രൂപയായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it