ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 29, 2022

ബാങ്ക് വായ്പ: വളര്‍ച്ചാശതമാനം കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയരത്തില്‍

ബാങ്ക് വായ്പകളുടെ ശതമാനം കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയുടെയും വ്യാവസായി മുന്നേറ്റത്തിന്റെയും ഫലമായാണ് ഈ മുന്നേറ്റം. 2022-2023 ഇതുവരെ 11-12 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ അനുപാതമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ചേഴ്സും റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമും ഐപിഒ നടത്തിയേക്കും

റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ചേഴ്സും റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുമാകും ഈ വര്‍ഷം പ്രാരംഭ ഓഹരി വില്‍പന നടത്തിയേക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നടപ്പുവര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

പ്രാരംഭ ഓഹരി വില്‍പനയിലൂടെ ഇരുകമ്പനികളും 50,000-75,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊമോട്ടര്‍മാര്‍ 10ശതമാനം ഓഹരിയാകും വിറ്റഴിക്കുക.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവോ വാക്‌സിന് എന്‍ടിജിഐ അംഗീകാരം

12-17 പ്രായക്കാര്‍ക്കുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവോവാക്സിന് എന്‍ടിജിഐ ഇന്ന് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്.

കോവാക്‌സിന് 6-12 വയസ്സുവരെയുള്ള കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഡിസിജിഐ നല്‍കിയിരുന്നു. അഞ്ച് വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് കോര്‍ബിവാക്‌സിനാണ് അംഗീകാരം.

അറ്റാദായം 3.87 ശതമാനം വര്‍ധിച്ചതായി വിപ്രോ

2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 2,972.3 കോടി രൂപയില്‍ നിന്ന് 3.87 ശതമാനം വര്‍ധിച്ച് 3,087.3 കോടി രൂപയിലെത്തിയെന്ന് ഐടി പ്രമുഖരായ വിപ്രോ. പ്രസ്തുത പാദത്തില്‍ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 20,860 കോടി രൂപയായി, 28.40 ശതമാനം ആണ് ഉയര്‍ന്നത്. 16,245.4 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയത്.

ആദ്യ പ്യുവര്‍ ഇവി അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

ആദ്യ പ്യുവര്‍ ഇവി അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. അവിന്യ എന്ന പേരില്‍ അവതരിപ്പിച്ച വാഹനത്തിന് സംസ്‌കൃതത്തില്‍ ഇന്നൊവേഷന്‍ എന്നാണ് അര്‍ത്ഥം വരുന്നതെന്ന് കമ്പനി പറയുന്നു.

വ്യാപാരാന്ത്യത്തില്‍ താഴ്ചയിലേക്ക് പതിച്ച് വിപണി

നിക്ഷേപകര്‍ ഉയര്‍ന്ന തലങ്ങളില്‍ ലാഭം ബുക്ക് ചെയ്തതിനാല്‍ വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കുത്തനെ താഴ്ന്നു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 460 പോയ്ന്റ് അഥവാ 0.8 ശതമാനം ഇടിഞ്ഞ് 57,061 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒരു ഘട്ടത്തില്‍ സെന്‍സെക്സ് സൂചിക 57,975 എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റി 50 സൂചിക 142.5 പോയ്ന്റ് അഥവാ 0.83 ശതമാനം ഇടിഞ്ഞ് 17,102.5 ലാണ് ക്ലോസ് ചെയ്തത്. സൂചികകളില്‍ ആക്സിസ് ബാങ്കാണ് 6.5 ശതമാനം ഇടിഞ്ഞ് വലിയ നഷ്ടം നേരിട്ടത്.

കോള്‍ ഇന്ത്യ, അദാനി പോര്‍ട്സ്, പവര്‍ ഗ്രിഡ്, മാരുതി സുസുകി, ബജാജ് ഓട്ടോ, ഒഎന്‍ജിസി, വിപ്രോ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവ 2.5 - 4 ശതമാനം ഇടിവ് നേരിട്ടു. എച്ച്ഡിഎഫ്സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, കൊട്ടക് ബാങ്ക്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

വിശാല വിപണികളില്‍ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഇടിഞ്ഞു. മേഖലാതലത്തില്‍, എല്ലാ സൂചികകളും റെഡ് സോണില്‍ അവസാനിച്ചു. നിഫ്റ്റി ഓയില്‍, ഗ്യാസ് സൂചിക 2.5 ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി ഇടിവിലേക്ക് വീണപ്പോള്‍ എട്ട് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കേരള ആയുര്‍വേദ, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് എന്നിവയാണ് 1-4 ശതമാനം വരെ നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.

അതേസമയം എ വി റ്റി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കെഎസ്ഇ, സ്‌കൂബീ ഡേ ഗാര്‍മന്റ്സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

Related Articles

Next Story

Videos

Share it