ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 16, 2022

2022 ഹുറൂണ്‍ ആഗോള സമ്പന്ന പട്ടികയില്‍ ഒമ്പതാമന്‍ മുകേഷ് അംബാനി

2022 ഹുറൂണ്‍ റിച്ച് ലിസ്റ്റിലെ ആദ്യ പത്തിൽ ഏക ഇന്ത്യക്കാരന്‍ മുകേഷ് അംബാനി. ഹുറൂണിന്റെ ഒമ്പതാം സ്ഥാനത്താണ് അംബാനി നില്‍ക്കുന്നത്. 103 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആകെ സമ്പത്ത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് സൈറസ് പൂനവാല, ഡി-മാര്‍ട്ട് സ്ഥാപകന്‍ രാധാ കിഷന്‍ ദമാനി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആഗോളതലത്തിലെ ആദ്യ നൂറില്‍ പുതുതായി പ്രവേശിച്ച മൂന്ന് ഇന്ത്യക്കാര്‍.

ഫ്യൂച്ചര്‍-ആമസോണ്‍ കേസില്‍ ആര്‍ബിട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കാന്‍ അനുമതി

ഫ്യൂച്ചര്‍-ആമസോണ്‍ കേസില്‍ സിംഗപ്പൂരിലെ ഇന്റര്‍നാഷണല്‍ ട്രൈബ്യൂണലില്‍ ആര്‍ബിട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കാന്‍ ആമസോണിന് സുപ്രീം കോടതിയുടെ അനുമതി. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്ഥികള്‍ 24,713 കോടി രൂപയ്ക്ക് റിലയന്‍സ് ഗ്രൂപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് കേസ് . ഫ്യൂച്ചറിന്റെ റിലയന്‍സുമായുള്ള ഇടപാട്് തങ്ങളുമായുള്ള കരാര്‍ ലംഘനമാണെന്നാണ് ആമസോണിന്റെ ആരോപണം.

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇ-ടൂറിസ്റ്റ് വിസ പുനസ്ഥാപിച്ച് ഇന്ത്യ

2020 മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ച ഇ-ടൂറിസ്റ്റ് വിസ നല്‍കല്‍ ഇന്ത്യ പുനരാരംഭിച്ചു. 156 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 5 വര്‍ഷം കാലാവധിയുള്ള ഇ-ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ യുഎസ്, ജപ്പാന്‍ പൗരന്മാര്‍ക്കുള്ള 10 വര്‍ഷ കാലവധിയുള്ള ടൂറിസ്റ്റ് വിസകളും ഉടന്‍ പുനസ്ഥാപിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

സിഎന്‍ജി; വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് മാരുതി

സിഎന്‍ജി വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി. സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ 10 ലക്ഷമെന്ന നേട്ടമാണ് മാരുതി സുസുകി സ്വന്തമാക്കിയത്. ആള്‍ട്ടോ, എസ്-പ്രസ്സോ, വാഗണ്‍ആര്‍, സെലേറിയോ, ഡിസയര്‍, എര്‍ട്ടിഗ, ഇക്കോ, സൂപ്പര്‍ കാരി, ടൂര്‍-എസ് എന്നിങ്ങനെ ഒമ്പത് മോഡലുകളിലാണ് കമ്പനി സിഎന്‍ജി പതിപ്പുകള്‍ പുറത്തിറക്കുന്നത്.

ബലെനോ, സിയാസ് തുടങ്ങിയവയുള്ള നെക്‌സ ശ്രേണിയിലും സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കള്‍ക്ക് മിതമായ നിരക്കില്‍ ഇന്ധനം എത്തിക്കുന്ന നെക്‌സ ശ്രേണിയില്‍ സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്ന കാര്യവും മാരുതി പരിഗണിക്കുന്നുണ്ടെന്ന് കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണ വില (Gold Rate) കുത്തനെ കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവും ഇതേ തുടര്‍ന്ന് ഉണ്ടായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമുണ്ടായില്ല. ഗ്രാമിന് 100 രൂപയാണ് ഇന്നത്തെ വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് വില. ഇന്നലത്തെ അപേക്ഷിച്ച് ഒരു രൂപയുടെ കുറവാണ് വെള്ളിയുടെ വിലയില്‍ ഉണ്ടായത്.

പച്ചയില്‍ മുന്നേറി വിപണി, സെന്‍സെക്സ് 1,040 പോയ്ന്റ് ഉയര്‍ന്നു

ബുധനാഴ്ച രാവിലെ മുതല്‍ പച്ചയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണി വ്യാപാരാന്ത്യത്തില്‍ കുതിച്ചുയര്‍ന്നു. യുക്രെയ്നുമായുള്ള ചര്‍ച്ചയില്‍ 'ഒരു വിട്ടുവീഴ്ചയ്ക്ക് ചില പ്രതീക്ഷകള്‍' ഉണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് വിപണി സൂചികകള്‍ കുതിച്ചത്. ഇന്നലെ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 1,040 പോയ്ന്റ് (1.85 ശതമാനം) ഉയര്‍ച്ചയോടെ 56,816 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 312 പോയ്ന്റ് (1.87 ശതമാനം) ഉയര്‍ന്ന് 16,975 ലും ക്ലോസ് ചെയ്തു.

സൂചികകള്‍ കുതിച്ചുയര്‍ന്നപ്പോള്‍ അള്‍ട്രാടെക് സിമന്റിന്റെ ഓഹരി വില 4.6 ശതമാനം വര്‍ധിച്ച് നിഫ്റ്റിയില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കി. ആക്‌സിസ് ബാങ്ക്, ശ്രീ സിമന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഐഒസി, ഗ്രാസിം ഇന്‍ഡസ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരി വില 2.5 മുതല്‍ 3.5 ശതമാനം വരെ ഉയര്‍ന്നു.

സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നിവ 1.4 ശതമാനം വരെ ഇടിഞ്ഞ് ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.8 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ സ്മോള്‍ക്യാപ് സൂചിക 1.4 ശതമാനം ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക 3.6 ശതമാനവും മെറ്റല്‍ സൂചിക 2.6 ശതമാനവും പ്രൈവറ്റ് ബാങ്ക് സൂചിക 2.3 ശതമാനവും മുന്നേറിയപ്പോള്‍ എല്ലാ പ്രധാന മേഖലാ സൂചികകളും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി കുതിച്ചുയര്‍ന്നപ്പോള്‍ കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കെഎസ്ഇ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്.

എ വി റ്റി (12.03 ശതമാനം), എഫ്എസിടി (4.26 ശതമാനം), ഫെഡറല്‍ ബാങ്ക് (5.24 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.19 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.52 ശതമാനം) തുടങ്ങിയവയാണ് ഇന്ന് വിപണിയില്‍ നേട്ടം കൊയ്ത കേരള കമ്പനികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it