സൗജന്യ വൈദ്യുതി; പി.എം മുഫ്ത് ബിജിലി യോജനയില്‍ അപേക്ഷിക്കാം

പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് (PM Surya Ghar Muft Bijli Yojana) 75,021 കോടി രൂപ അനുവദിച്ച് കേന്ദ്രം. പദ്ധതിക്ക് കീഴില്‍ ഒരു കോടി വീടുകളില്‍ റൂഫ്ടോപ്പ് സോളാര്‍ സ്ഥാപിക്കും. 2024 ഫെബ്രുവരി 13നാണ് പദ്ധതി ആരംഭിച്ചത്.

പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്‌ലി പദ്ധതി പ്രകാരം 1 കിലോവാട്ട് സിസ്റ്റത്തിന് 30,000 രൂപ സബ്സിഡിയും 2 കിലോവാട്ട് സിസ്റ്റങ്ങള്‍ക്ക് 60,000 രൂപ സബ്സിഡിയും 3 കിലോവാട്ട് അല്ലെങ്കില്‍ അതിന് മുകളിലുള്ള സിസ്റ്റങ്ങള്‍ക്ക് 78,000 രൂപ സബ്സിഡിയും കേന്ദ്ര ധനസഹായം നല്‍കുന്നു. കുടുംബങ്ങള്‍ക്ക് ദേശീയ പോര്‍ട്ടല്‍ വഴി സബ്സിഡിക്ക് അപേക്ഷിക്കാനും റൂഫ്‌ടോപ്പ് സോളാര്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ വെണ്ടറെ തിരഞ്ഞെടുക്കാനും കഴിയും.

പദ്ധതിക്കായി അപേക്ഷിക്കാം

പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്‌ലി പദ്ധതിക്കായി https://pmsuryaghar.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വെബ്‌സൈറ്റിലെ റൂഫ്ടോപ്പ് സോളാര്‍ അപേക്ഷയില്‍ ക്ലിക് ചെയ്യുക. തുടർന്ന് സംസ്ഥാനം, വൈദ്യുതി വിതരണ കമ്പനി, വൈദ്യുതി ഉപഭോക്തൃ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇവിടെ റൂഫ്ടോപ്പ് സോളാര്‍ പദ്ധതിക്കായി അപേക്ഷിക്കാനാകും. അപേക്ഷയില്‍ ബാങ്ക് വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.

സാധ്യതാ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ വൈദ്യുതി വിതരണ കമ്പനിയിലെ ഏതെങ്കിലും രജിസ്റ്റര്‍ ചെയ്ത വെണ്ടര്‍മാരില്‍ നിന്ന് പ്ലാന്റ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്‍സ്റ്റാലേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പ്ലാന്റ് വിശദാംശങ്ങള്‍ സമര്‍പ്പിക്കുകയും നെറ്റ് മീറ്ററിന് അപേക്ഷിക്കുകയും ചെയ്യണം. പിന്നീട് നെറ്റ് മീറ്റര്‍ സ്ഥാപിക്കലും വൈദ്യുതി വിതരണ കമ്പനിയുടെ പരിശോധനയും നടന്ന ശേഷം കമ്മീഷനിംഗ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും. റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും റദ്ദാക്കിയ ചെക്കും പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കുക. 30 ദിവസത്തിനുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ സബ്സിഡി ലഭിക്കും.

സഹായങ്ങള്‍ ഏറെ

ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുന്ന സബ്സിഡികള്‍ മുതല്‍ വന്‍ ഇളവുള്ള ബാങ്ക് വായ്പകള്‍ വരെ ജനങ്ങള്‍ക്ക് ഉറപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇന്‍സ്റ്റാളേഷനായി നിലവില്‍ 7 ശതമാനത്തോളം ഈടില്ലാത്ത കുറഞ്ഞ പലിശയില്‍ വായ്പകള്‍ ലഭ്യമാണ്.

ഗ്രാമപ്രദേശങ്ങളില്‍ റൂഫ്ടോപ്പ് സോളാര്‍ നടപ്പാക്കുന്നതിന് മാതൃകയായി പ്രവര്‍ത്തിക്കാന്‍ ഓരോ ജില്ലയിലും മോഡല്‍ സോളാര്‍ വില്ലേജ് വികസിപ്പിക്കും. എല്ലാ പങ്കാളികളെയും ഒരു ദേശീയ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി സംയോജിപ്പിക്കും. ഇത് പദ്ധതി നടത്തിപ്പ് കൂടുതല്‍ സൗകര്യപ്രദമാക്കും. താഴേത്തട്ടില്‍ പദ്ധതി ജനകീയമാക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും പഞ്ചായത്തുകളുമായും സഹകരിക്കും.

Related Articles
Next Story
Videos
Share it