രാജ്യന്തര വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്; 65 വയസ്സു കഴിഞ്ഞവര്‍ പുറത്തിറങ്ങരുത്, നിയന്ത്രണം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് നാലാമത്തെ കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. രാജ്യന്തര വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഞായറാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 22 മുതല്‍ ഒരാഴ്ചത്തേക്ക് രാജ്യത്തിന് പുറത്ത് നിന്നുളള ഒരു വിമാനവും ഇന്ത്യയില്‍ ഇറങ്ങില്ല. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നടക്കം നിരവധി പേര്‍ ഇന്ത്യയിലേക്ക് എത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി.

10 വയസ്സില്‍ താഴെയുളള കുട്ടികളും 65 വയസ്സിന് മുകളില്‍ പ്രായം ഉളളവരും വീട് വിട്ട് പുറത്തേക്ക് ഇറങ്ങരുത്. സംസ്ഥാനങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ഈ നിര്‍ദേശം നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുളളത്.

രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒഴികെ ഉളളവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് റെയില്‍വേ റദ്ദാക്കണം. അടിയന്തര സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കൊഴികെ സ്വകാര്യ മേഖലയിലെ എല്ലാവര്‍ക്കും വീട്ടില്‍ നിന്ന് ജോലി ചെയ്യാനുളള സൗകര്യമൊരുക്കണം എന്നും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിവയില്‍ ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഒരാഴ്ച ഇടവിട്ട് ജോലിക്കെത്തിയാല്‍ മതിയാകും. ഇവരുടെ ജോലി സമയത്തിലും മാറ്റമുണ്ടാകും എന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it