നിങ്ങള്‍ക്ക് എഫ്.എം റേഡിയോ സ്‌റ്റേഷന്‍ നടത്തണോ? ആദ്യഘട്ടത്തില്‍ കേരളത്തിലെ രണ്ട് നഗരങ്ങള്‍; കേന്ദ്രത്തിന്റെ പുതിയ പദ്ധതി ഇങ്ങനെ

സ്വകാര്യ എഫ്.എം സ്റ്റേഷനുകള്‍ വ്യാപകമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ നീക്കം. രാജ്യവ്യാപകമായി പുതുതായി 730 എഫ്.എം സ്റ്റേഷനുകള്‍ക്ക് അനുമതി നല്‍കാനാണ് പദ്ധതി. 234 നഗരങ്ങളിലാകും ഈ സ്റ്റേഷനുകള്‍ വരിക. കേരളത്തില്‍ നിന്ന് പാലക്കാടും കാഞ്ഞങ്ങാടും ആണ് പട്ടികയിലുള്ളത്.
പാലക്കാടും കാഞ്ഞങ്ങാടും മൂന്നുവീതം സ്റ്റേഷനുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഇ-ലേലം വൈകാതെ നടക്കും. നവംബര്‍ 18 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. www.mib.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.

784 കോടി സമാഹരിക്കുക ലക്ഷ്യം

പുതിയ എഫ്.എം സ്റ്റേഷനുകള്‍ അനുവദിക്കുന്നതിലൂടെ കേന്ദ്രത്തിന് 784.87 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് സ്റ്റേഷന് 1.57 കോടി രൂപയും കാഞ്ഞങ്ങാട് സ്റ്റേഷനായി 1.51 കോടി രൂപയും കെട്ടിവയ്ക്കണം. ഇതിനൊപ്പം മൊത്ത വാര്‍ഷിക വരുമാനത്തിന്റെ 4 ശതമാനം വാര്‍ഷിക ലൈസന്‍സ് ഫീയായും നല്‍കണം.
സ്വകാര്യ എഫ്.എം സേവനം ലഭിക്കാത്ത നഗരങ്ങളില്‍ സൗകര്യം എത്തിക്കുകയെന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യവും കേന്ദ്രത്തിന്റെ നീക്കത്തിനു പിന്നിലുണ്ട്. റെഡ് എഫ്.എം, റേഡിയോ മാംഗോ, ക്ലബ് എഫ്.എം, റേഡിയോ മിര്‍ച്ചി, ബിഗ് എഫ്എം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന സ്വകാര്യ എഫ്.എം സ്റ്റേഷനുകള്‍.
Related Articles
Next Story
Videos
Share it