പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം : 75 രൂപയുടെ പ്രത്യേക നാണയവുമായി കേന്ദ്രം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കുക.

നാണയത്തിന്റെ ഒരുവശം അശോകസ്തംഭവും അതിന് താഴെ 'സത്യമേവ ജയതേ' എന്ന ആലേഖനവുമുണ്ടാകും. ദേവനാഗരി ലിപിയില്‍ 'ഭാരത്' എന്ന് ഇടതുവശത്തും 'ഇന്ത്യ' എന്ന് വലത് വശത്ത് ഇംഗ്ലീഷിലും എഴുതും. നാണയത്തില്‍ രൂപയുടെ ചിഹ്നവും 75 എന്ന മൂല്യവും രേഖപ്പെടുത്തും. മുകളില്‍ 'സന്‍സദ് സങ്കുല്‍' എന്നും താഴെ ഇംഗ്ലീഷില്‍ 'പാര്‍ലമെന്റ് കോംപ്ലക്‌സ' എന്നുമുണ്ടാകും.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ രൂപകല്‍പ്പന. വൃത്താകൃതിയില്‍ 44 മില്ലീമീറ്റര്‍ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം ആണ് ഭാരം. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ച് ശതമാനം വീതം നിക്കലും സിങ്കും ചേര്‍ത്താണ് നാണയം നിര്‍മിക്കുക.

മേയ് 28 നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. 25 ഓളം പാര്‍ട്ടികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Related Articles
Next Story
Videos
Share it