ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ചൈനയുടെ കാല്‍ക്കീഴില്‍!

ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം സജീവമായി നിലനിൽക്കുമ്പോഴും ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ഫോണുകളുടെ 75 ശതമാനവും ചൈന കമ്പനികളുടെയാണെന്നു റിപ്പോർട്ട്.

ഇന്ത്യയും ചൈനയുമായി അതിർത്തിയിലെ സംഘർഷത്തിനെ തുടർന്ന് ചൈന ഉത്പന്നങ്ങൾ നിരോധിക്കണമെന്ന ആവശ്യം രാജ്യമെമ്പാടും ഉയർന്നിരുന്നു.

പക്ഷെ നിരവധി ഉപരോധങ്ങൾ ഏർപെടുത്തിയിട്ടും ഇപ്പോളും ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിന്റെ 75 ശതമാനവും കൈയടിക്കിവെച്ചിരിക്കുന്നത് ചൈന കമ്പനികൾ ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2020 ൽ ചൈനീസ് ബ്രാൻഡുകൾ 75% വിപണി വിഹിതം കൈവരിച്ചതോടെ ചൈന വിരുദ്ധ വികാരങ്ങൾ വർഷാവസാനത്തോടെ ശമിച്ചതായി കാണാമെന്നു കൗണ്ടർപോയിന്റ് റിസർച്ച് അനലിസ്റ്റ് ശിൽപി ജെയിൻ ഫിനാഷ്യൽ എക്സ്പ്രസ്സ്നോട് പറഞ്ഞു.

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഉപഭോക്തൃ സ്വഭാവം മാറിയതിനാൽ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള നൂതന ചാനൽ തന്ത്രങ്ങൾ കൂടി ഉപയോഗിച്ചതായി കൗണ്ടെർപോയിന്റ് അഭിപ്രായപ്പെടുന്നു.

ഓഫ്‌ലൈൻ കേന്ദ്രീകൃത ബ്രാൻഡുകളായ സാംസങ്, വിവോ, ഓപ്പോ എന്നിവ അവരുടെ ഓൺലൈൻ സാന്നിധ്യം കഴിഞ്ഞ വർഷം വർദ്ധിപ്പിച്ചു. ആമസോണിലെ ഗാലക്‌സി എം സീരീസും ഫ്ലിപ്കാർട്ടിലെ ഗാലക്‌സി എഫ് സീരീസും ഉപയോഗിച്ച് സാംസങ് ഓൺലൈൻ സാന്നിധ്യം നന്നായി വർദ്ധിപ്പിച്ചു.

ഓഫ്‌ലൈൻ ചാനലുകളിലും വിദൂര പ്രദേശങ്ങളിലും വിൽപ്പന വർധിപ്പിക്കുന്നതിനായി ഷിയോമി 'മി ഓൺ വീൽസ്' തുടങ്ങി.

2020-ന്റെ നാലാം പാദത്തിൽ 13 ശതമാനം വളർച്ചയോടെ ഷിയോമി സാംസങിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2020 ലെ മൂന്നാം ക്വാർട്ടറിൽ ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് തങ്ങളുടെ ചൈനീസ് എതിരാളിയെ രണ്ടാം സ്ഥാനത്താക്കിയിരുന്നു.

കൗണ്ടർപോയിന്റ് റിസർച്ച് കണക്ക് പ്രകാരം 2017 വരെ ഒന്നാം സ്ഥാനത്തായിരുന്ന സാംസങിനെ ഷിയോമി ആദ്യമായി പിന്തള്ളുന്നതു 2017 നാലാം പാദത്തിലായിരുന്നു.

കോവിഡ് -19, ചൈന വിരുദ്ധ വികാരം, ഉൽപ്പാദന പരിസ്ഥിതി വികസനം എന്നിവ കാരണം കഴിഞ്ഞ വർഷം ഇന്ത്യൻ സ്മാർട്ട്‌ഫോൺ വ്യവസായത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായി. മൈക്രോമാക്സ് പോലുള്ള ഇന്ത്യൻ ബ്രാൻഡുകൾ വീണ്ടും രംഗപ്രേവശം നടത്തി.

പുതുതായി വിപണിയിറക്കിയ ഐഎൻ സീരീസ് സ്മാർട്ട്ഫോണുകളുടെ പിൻബലത്തിൽ മൈക്രോമാക്‌സ് ആറ് പാദങ്ങളിൽ തങ്ങളുടെ ഏറ്റവും ഉയർന്ന വിപണി വിഹിതത്തിൽ എത്തി.

ഇന്ത്യൻ ബ്രാൻഡുകൾ തങ്ങളുടെ പോർട്ട്‌ഫോളിയോകൾ പുതുക്കുകയും റിലയൻസ് ജിയോ എൻട്രി ലെവൽ 4ജി സ്മാർട്ട്‌ഫോണുമായി വരികയും ചെയ്യുന്നതോടെ 2021ൽ ഇന്ത്യൻ ബ്രാൻഡുകൾക്ക് ഒരു സുപ്രധാന വർഷമായിരിക്കുകയും ഒപ്പം അവരുടെ പങ്ക് വർധിക്കുകയും ചെയ്യുമെന്ന് കൗണ്ടർപോയിന്റ് കണക്കുകൂട്ടുന്നു.

വർഷാവസാനം മൈക്രോമാക്സ് അവരുടെ ഇൻ സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യൻ ബ്രാൻഡുകളുടെ തിരിച്ചുവരവിന് കളമൊരുക്കി. ഇന്ത്യൻ ബ്രാൻഡുകൾ പി‌എൽ‌ഐ പദ്ധതിയിലൂടെ വിപണി വിഹിതം വിപുലീകരിക്കാൻ ശ്രമിക്കുകയാണെന്ന് ജെയിൻ ചൂണ്ടിക്കാട്ടി.

മൊത്തത്തിൽ കഴിഞ്ഞവർഷം സ്മാർട്ട്ഫോൺ ഷിപ്പ്മെന്റ് നാലു ശതമാനം കുറഞ്ഞു 150 മില്യൺ യൂണിറ്റിലെത്തി.

എന്നിരുന്നാലും 2020 ന്റെ രണ്ടാം പകുതിയിൽ വിപണി 100 മില്യൺ യൂണിറ്റുകൾ മറികടന്നു. ലോക്ക്ഡൗണിനു ശേഷം ഉയർന്ന ഉപഭോക്തൃ ഡിമാൻഡും ഓൺലൈൻ ചാനലുകളിലെ ശക്തമായ പ്രമോഷനുകളും ഇ-ലേണിംഗ് വീട്ടിൽ നിന്നുള്ള ജോലി എന്നിവ പോലുള്ള പുതിയ ട്രെൻഡുകളും മഹാമാരി ബാധിച്ച വർഷത്തിൽ വിപണിയെ സ്വാധീനിച്ചു.

ഇന്ത്യയിലെ ഒരു പാദത്തിൽ ആദ്യമായി ആപ്പിൾ 15 മില്യൺ കയറ്റുമതി മറികടന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ സവിശേഷത. നാലാം പാദത്തിൽ 171 ശതമാനവും 2020-ൽ 93 ശതമാനവും വളർച്ച നേടി ആപ്പിൾ ആറാം സ്ഥാനത്തെത്തി. ഐഫോൺ 12, ഐഫോൺ എസ്ഇ 2020, ഐഫോൺ 11 എന്നിവയുടെ വിൽപ്പനയിലെ വളർച്ചയും ഓൺ‌ലൈൻ വിപുലീകരണവും ആണ് ഈ നേട്ടത്തിന് കാരണമായത്.


അടുത്തിടെ ചൈനയുടെ 59 മൊബൈൽ ആപ്പുകൾക്ക് കൂടി സ്ഥിരമായി നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു.

ഇന്ത്യയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റം നടക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു വർഷമായി ചൈനീസ് കമ്പനികൾ നിരീക്ഷണത്തിലായിരുന്നു.

ചൈനയുടെ ഉടമസ്ഥതയിലുള്ള ബൈറ്റ് ഡാൻസസ് എന്ന സ്ഥാപനത്തിന്റെ ടിക്-ടോക്, ബൈഡു, വീ ചാറ്റ്, അലിബാബയുടെ യുസി ബ്രൗസർ, ഷോപ്പിംഗ് ആപ്പായ ക്ലബ്ബ് ഫാക്ടറി, മീ വീഡിയോ കാൾ, ബിഗോ ലൈവ് എന്നിവയാണ് സ്ഥിരമായി നിരോധിച്ച ചില പ്രധാനപ്പെട്ട ആപ്പുകൾ.

ഇന്ത്യയുടെ വിവരസാങ്കേതിക മേഖലയിലെ ഐ.ടി ആക്ട് സെക്ഷൻ 69 എ പ്രകാരമാണ് നടപടി. ഇന്ത്യ നിരന്തരം ആവശ്യപ്പെട്ട ചോദ്യങ്ങൾക്കൊന്നും ചൈനീസ് കമ്പനികൾ ഉത്തരം നൽകിയിരുന്നില്ല.

കൂടാതെ വ്യാപകമായി മൊബൈൽ വിൽപ്പന നടത്തിയിരുന്ന ചൈനയുടെ കമ്പനികളുടെ സ്വാധീനവും ആപ്പുകളുടെ സ്വാധീനം കൂട്ടിയിരുന്നു.

ലഡാകിലെ ഗാൽവാൻ ആക്രമങ്ങൾക്ക് ശേഷം ഇന്ത്യ ചൈനയുടെ വിവിധ മേഖലകളുടെ കടന്നുകയറ്റം നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ് ആപ്പുകളേയും നിരീക്ഷിക്കാൻ തുടങ്ങിയത്.

അതിനിടെ ചൈനീസ് ആപ്പുകൾക്ക് സ്ഥിരവിലക്കേർപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം ഡബ്ല്യു.ടി.ഒ. (ലോക വ്യാപാരസംഘടനാ) ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൈന ആരോപിക്കുകയുണ്ടായി. ഇത് ചൈനീസ് കമ്പനികളെ ബാധിക്കുന്നതാണ്. കഴിഞ്ഞ കൊല്ലം മുതൽ ദേശസുരക്ഷയെ ആയുധമാക്കി ചൈനീസ് പശ്ചാത്തലമുള്ള ആപ്പുകൾ ഇന്ത്യ നിരോധിക്കുകയാണ് . ഇത് ഡബ്ല്യു.ടി.ഒ.യുടെ വിവേചനരഹിത തത്ത്വത്തിനെതിരും ആരോഗ്യകരമായ മത്സരം ഇല്ലാതാക്കുന്നതുമാണെന്ന് ചൈനയുടെ വാദം.

വിവേചന നടപടി ഉടൻ അവസാനിപ്പിച്ച് ഇന്ത്യ തെറ്റുതിരുത്തണമെന്ന് ചൈന ആവശ്യപെടുന്നു. ഉഭയകക്ഷിബന്ധത്തെ കൂടുതൽ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് കാര്യാലയ വക്താവ് കൗൺസിലർ ജി റോങ് അഭിപ്രയപെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it