കോവിഡ് വാക്സിന്‍ പരീക്ഷണം ചോര്‍ത്തി ചൈനീസ് ഹാക്കര്‍മാര്‍

വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക.ഇതേപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട്് ചൈനീസ് ഹാക്കര്‍മാര്‍ക്കെതിരെ കേസെടുത്തയായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വെളിപ്പെടുത്തി.

ലോകത്താകമാനമുള്ള കമ്പനികളുടെ കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന വ്യാപാര രഹസ്യങ്ങള്‍ ലി ഷിയോയു-34, ഡോങ് ജിയാഷി-32 എന്നീ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായും അമേരിക്ക ആരോപിച്ചു.ഇവര്‍ രണ്ടുപേരും സര്‍ക്കാരിന്റെ ഒത്താശയോടെ ചൈനയില്‍ തങ്ങിയാണ് ഹാക്കിംഗ് നടത്തിവരുന്നതെന്നാണു നിഗമനം. വാക്സിന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ട കമ്പനികളുടെ വിവരങ്ങളും ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശങ്ങളും ഇവര്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.

യുഎസ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാറാണ് ചൈനക്കെതിരെ ആദ്യം രംഗത്തെത്തിയത്. കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ റഷ്യക്കെതിരെയും അമേരിക്ക ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, അമേരിക്കയുടെ ആരോപണത്തിനെതിരെ ചൈന ശക്തമായി പ്രതികരിച്ചു. ചൈനയോടുള്ള വിദ്വേഷമാണ് ഇത്തരമൊരു ആരോപണത്തിന് കാരണമെന്നും ലോകത്തെ സാങ്കേതിക ശക്തിയെന്ന പദവിക്ക് ഇളക്കം തട്ടുമ്പോഴുള്ള അസ്വസ്ഥതയാണെന്നും ചൈന പറയുന്നു.ജനജീവിതം അഭിവൃദ്ധിപ്പെടുത്തുകയും ലോക സമാധാനം ഉറപ്പാക്കുകയുമാണ് ചൈനയുടെ ലക്ഷ്യം. സ്വന്തം പരമാധികാരം സംരക്ഷിക്കാന്‍ ചൈനക്ക് അവകാശമുണ്ട്. ചൈനീസ് ജനതയുടെ കഠിനാധ്വാനം കൊണ്ടാണ് നേട്ടങ്ങളുണ്ടായത്. ദുരാരോപണങ്ങള്‍ കൊണ്ട് ചൈനയുടെ നേട്ടത്തെ കുറച്ച് കാണാനാകില്ലെന്നും അമേരിക്കയുടെ ആരോപണത്തെ അതേ നാണയത്തില്‍ ചൈന നേരിടുമെന്നും വിദേശ കാര്യ വക്താവ് ഹുവാ ചുന്നിയിങ് പറഞ്ഞു.

ഇതിനിടെ, ചൈന വികസിപ്പിക്കുന്ന കോവിഡ് 19 വാക്‌സിന്‍ സുരക്ഷിതമാണെന്നും കുത്തിവയ്‌പെടുത്തവര്‍ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടെന്നും രണ്ടാം ഘട്ട പരീക്ഷണത്തില്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു.പരീക്ഷണത്തിന്റെ വിശദവിവരം 'ദ് ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ചു.രണ്ടാം ഘട്ട പരീക്ഷണത്തില്‍ 508 പേരാണ് പങ്കെടുത്തത്. ഉയര്‍ന്ന ഡോസ് നല്‍കിയവരില്‍ 95 ശതമാനവും കുറഞ്ഞ ഡോസ് നല്‍കിയവരില്‍ 91 ശതമാനവും പ്രതിരോധശേഷി കൈവരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it