അഫ്ഗാനിസ്ഥാൻ സാമ്പത്തിക സഹായം നല്‍കുക ചൈനയോ? സൂചന നല്‍കി രാജ്യം

അഫ്ഗാനിസ്ഥാന്‍ കൈയടക്കിയ താലിബാനെ അംഗീകരിച്ചതിന് പിന്നാലെ സാമ്പത്തിക പിന്തുണ നല്‍കുമെന്ന സൂചനയുമായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ സാമ്പത്തികക്രമം പുന:സ്ഥാപിക്കാന്‍ ചൈന ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇത് ആദ്യമായാണ് ഒരു രാജ്യം താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന സൂചനകള്‍ നല്‍കുന്നത്. നേരത്തെ, അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെയാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണത്തിലാക്കിയത്.

അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് പിന്‍വാങ്ങിയ സാഹചര്യത്തില്‍ ചൈനയോടോ പാക്കിസ്ഥാന്‍ പോലുള്ള മറ്റ് രാജ്യങ്ങളോടെ താലിബാന്‍ സഹായം ചോദിക്കുമെന്ന അഫ്ഗാനിസ്ഥാനിലെ നാടുകടത്തപ്പെട്ട സെന്‍ട്രല്‍ ബാങ്ക് മേധാവി അജ്മല്‍ അഹ്‌മദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വാങ് വെന്‍ബിന്‍. അഫ്ഗാനിസ്ഥാനിലെ സമാധാനം പുന:സ്ഥാപിക്കാനും സ്വയം പര്യാപ്തത കൈവരിക്കാനും ജനങ്ങളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിനും അഫ്ഗാനിസ്ഥാനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധിക്ക് കാരണം യുഎസിന്റെ നയങ്ങളാണെന്ന് തുറന്നടിച്ച അദ്ദേഹം അഫ്ഗാനിസ്ഥാനെ പുനരധിവസിപ്പിക്കുന്നതില്‍നിന്ന് യുഎസിന് പിന്‍മാറാനാവില്ലെന്നും വ്യക്തമാക്കി.
നേരത്തെ, വിദേശ സഹായത്തോടെയായിരുന്നു അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുപോയിരുന്നത്. അഫ്ഗാന്‍ ഇക്കണോമിയുടെ പകുതിയും വിദേശ സഹായങ്ങളായിരുന്നു. എന്നാല്‍, താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കൈയടക്കിയതോടെ ഇത് നിലച്ചു. അടിയന്തര സഹായമായി ഐഎംഎഫ് നല്‍കാനിരുന്ന 400 മില്ല്യണ്‍ ഡോളറും റദ്ദാക്കിയിരുന്നു.
നിലവില്‍ റഷ്യ, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനെ അംഗീകരിച്ചത്. അതിനാല്‍ ഈ രാജ്യങ്ങളുടെ സാമ്പത്തിക സഹായം താലിബാന് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ചൈന സാമ്പത്തിക സഹായം നല്‍കുമെന്ന സൂചന നല്‍കിയത്. ചൈനയും പാക്കിസ്ഥാനും സാമ്പത്തിക സഹായം നല്‍കുകയാണെങ്കില്‍ അവര്‍ക്ക് താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന് മേലുള്ള സ്വാധീനവും വര്‍ധിക്കും. അതേസമയം, താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനെ ലോകം ആശങ്കയോടെ വീക്ഷിക്കുമ്പോഴാണ് ചൈനയുടെ ഈ നടപടി.


Related Articles
Next Story
Videos
Share it