ചൈനയില്‍ പോകണോ? ചൈനയുടെ കോവിഡ് വാക്‌സിന്‍ തന്നെ കുത്തിവെയ്ക്കണം

ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും ചൈനയിലേക്കു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ചൈന നിര്‍മിത കോവിഡ്19 വാക്‌സിന്‍ ഉപയോഗിച്ചുള്ള കുത്തിവെയപ് സ്വീകരിക്കണമെന്ന് നിബന്ധന. ഇതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചൈനയിലേക്ക് യാത്ര സാധ്യമല്ലെന്ന സ്ഥിതി സംജാതമായി. കാരണം ചൈന നിര്‍മിത കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമല്ല. ചൈന നിര്‍മിത വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാവുന്നതിന് ആവശ്യമായ നടപടി ക്രമങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല.

ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍ മാര്‍ച്ച് 15ാം തീയതി പ്രത്യക്ഷമായ അറിയിപ്പ് പ്രകാരം പ്രകാരം ചൈന നിര്‍മിത വാക്‌സിന്‍ ഉപയോഗിച്ച് കുത്തിവയ്പ് എടുത്തവരുടെ വിസ അപേക്ഷകള്‍ പരിഗണിക്കുവാന്‍ തുടങ്ങി എന്നാണ്. ചൈന നിര്‍മിത വാക്‌സിന്‍ സ്വീകരിച്ചവരും, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുടെയും അപേക്ഷകള്‍ 15ാം തീയതി മുതല്‍ ചൈനിസ് എംബസിയും, കോണ്‍സുലേറ്റുകളും പരിഗണിക്കാന്‍ തുടങ്ങിയെന്ന് ഈ അറിയിപ്പ് പ്രകാരം വ്യക്തമാക്കി.

ചൈനയില്‍ ജോലി ലഭിച്ച വ്യക്തികളും, അവരുടെ കുടുംബാംഗങ്ങള്‍ക്കും, ജോലിയില്‍ തിരികെ പ്രവേശിക്കുന്നവര്‍ക്കും, മറ്റു പ്രസക്തമായ കാര്യങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും ചൈന വിസ ആപ്ലിക്കേഷന്‍ സര്‍വീസ് സെന്റര്‍ വഴി അപേക്ഷിക്കാനാവും. ചൈനയിലേക്കു വിമാനം വഴി യാത്ര ചെയ്യുന്നവര്‍ ബോര്‍ഡിങ്ങിനായി ഇലക്ട്രോണിക് ഹെല്‍ത്ത് ഡിക്ലറേഷന്‍ നടത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയിലേക്കു യാത്ര ചെയ്യുന്നവര്‍ ചൈന നിര്‍മിത വാക്‌സിന്‍ എടുത്തിരിക്കണമെന്ന് ലോകത്തെ വിവിധ രാജ്യങ്ങളിലെ ചൈനിസ് എംബസികള്‍ അറിയിപ്പ് പുറപ്പെടുവിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പിയും റിപോര്‍ട്ട് ചെയ്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it