ആയിരം തൊട്ട് സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍

ആയിരം വിമാന സര്‍വീസുകള്‍ തികച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാല്‍) ബിസിനസ് ജെറ്റ് ടെര്‍മിനല്‍. പ്രവര്‍ത്തനം തുടങ്ങി 14-ാം മാസത്തിലാണ് ഈ നേട്ടം സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കൈവരിച്ചത്. കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലില്‍ 40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണികഴിപ്പിച്ചിട്ടുള്ള ബിസിനസ് ജെറ്റ് ടെര്‍മിനല്‍ രാജ്യത്തെ ഏറ്റവും ആധുനികവും ആഢംബരം നിറഞ്ഞ ബിസിനസ് ജെറ്റ് ടെര്‍മിനലുകളില്‍ ഒന്നാണ്.

പ്രശസ്തമാക്കിയത് ഈ സൗകര്യം

'പറക്കാം പ്രൗഢിയോടെ' എന്ന ടാഗ് ലൈനുമായി അവതരിപ്പിച്ച ബിസിനസ് ജെറ്റ് ടെര്‍മിനല്‍ അതിവേഗം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'എയര്‍ക്രാഫ്റ്റ് ഡോര്‍ ടു കാര്‍ ഡോര്‍ ഇന്‍ 2 മിനിറ്റ്സ്' എന്ന സൗകര്യവും ടെര്‍മിനലിനെ പ്രശസ്തമാക്കി. ചാര്‍ട്ടര്‍ വിമാനത്തില്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് രണ്ടുമിനിറ്റില്‍ എയര്‍ക്രാഫ്റ്റില്‍ നിന്ന് സ്വന്തം കാറിലേയ്ക്കെത്താം എന്നതാണ് ഇതിന്റെ സവിശേഷത. രാജ്യാന്തര യാത്രക്കാര്‍ക്കായി പ്രത്യേക കസ്റ്റംസ്, ഇമിഗ്രേഷന്‍ കൗണ്ടറുകളും ചെറിയൊരു ഡ്യൂട്ടിഫ്രീ ഷോപ്പും ഇവിടെയുണ്ട്.

2023 ഏപ്രിലില്‍ ലക്ഷദ്വീപില്‍ നടന്ന ജി20 യോഗത്തില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാര്‍ട്ടര്‍വിമാനങ്ങള്‍ ഈ ടെര്‍മിനലില്‍ എത്തിയിരുന്നു. 2023 സെപ്റ്റംബറില്‍ ചാര്‍ട്ടേര്‍ഡായി ഒരു ബോയിംഗ് 737 വിമാനം തന്നെ എത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 58 യാത്രക്കാരാണ് അന്ന് സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ എത്തിയത്. 2024ല്‍ രണ്ടുമാസത്തിനുള്ളില്‍ 120 സര്‍വീസുകള്‍ സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ വര്‍ഷം സര്‍വീസുകള്‍ 1,200 കടക്കുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it