കൊച്ചി വിമാനത്താവളം 25-ാം വര്‍ഷത്തിലേക്ക്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) 25-ാം പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുകയാണ്. നിലവില്‍ 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള രാജ്യാന്തര ടെര്‍മിനല്‍, 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഭ്യന്തര ടെര്‍മിനല്‍, ബിസിനസ് ജെറ്റ് വിമാനങ്ങള്‍ക്കായി പ്രത്യേക ബിസിനസ് ജെറ്റ് ടെര്‍മിനല്‍, 35000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രത്യേക വി.വി.ഐ.പി ലോഞ്ച്, വിദേശ, ആഭ്യന്തര കാര്‍ഗോ കൈകാര്യം ചെയ്യുന്നതിനായി കാര്‍ഗോ ടെര്‍മിനലുകള്‍ എന്നിവ സിയാലിനുണ്ട്.

വികസന പദ്ധതികളേറെ

25-ാം വര്‍ഷത്തില്‍ 1000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുക. പുതിയ വികസന പദ്ധതികളില്‍ 425 കോടി രൂപ രാജ്യാന്തര ടെര്‍മിനലിന്റെ വിപുലീകരണത്തിന് ഉപയോഗിക്കുമെന്നാണ് കരുതുന്നത്. പഞ്ചനക്ഷത്ര ഹോട്ടല്‍, ട്രാന്‍സിറ്റ് ഹോട്ടല്‍, രാജ്യാന്തര കാര്‍ഗോ ടെര്‍മിനല്‍, ഗോള്‍ഫ് ടൂറിസം പദ്ധതി, വാണിജ്യ മേഖല എന്നിവ വരും ദിനങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളാണ്. ഈ വര്‍ഷം അവസാനത്തോടെ വിമാനസര്‍വീസുകളുടെ എണ്ണം 70000 ആകും. കൂടാതെ യാത്രക്കാരുടെ എണ്ണം 2018 ലേതിന് സമാനമായി വീണ്ടും ഒരു കോടിയിലെത്തുമെന്നും പ്രതീക്ഷയുണ്ട്.

അടുത്തിടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യവസായ മന്ത്രി മന്ത്രി പി രാജീവ് ആറ് പുതിയ സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തിരുന്നു. വിമാന അറ്റകുറ്റപ്പണി കേന്ദ്രം, ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനങ്ങള്‍, പുതിയ ലൈറ്റിംഗ് സംവിധാനം തുടങ്ങിയ സംരംഭങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

വിമാനത്താവളത്തിന്റെ വരവ്

1991 ഒക്ടോബറില്‍, നിലവിലുള്ള നാവിക വിമാനത്താവളത്തിന്റെ വിപുലീകരണത്തിനു പകരം പുതിയ വിമാനത്താവള പദ്ധതിയുടെ തുടര്‍നടപടികള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 1993 മാര്‍ച്ചില്‍ വ്യോമയാന മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കി. 1994 മാര്‍ച്ച് 30ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (Cochin International Airport Limited) രജിസ്റ്റര്‍ ചെയ്തു.

1999 മേയ് 25ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനാണ് ഈ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചത്. ജൂണ്‍ 10ന് ആദ്യ വാണിജ്യ വിമാനമിറങ്ങി. ജൂലൈ ആദ്യവാരത്തോടെ വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ നാവിക വിമാനത്താവളത്തില്‍ നിന്നുള്ള മുഴുവന്‍ വാണിജ്യ സര്‍വീസുകളും നെടുമ്പാശേരിയിലേക്ക് മാറ്റി. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനത്താവളമെന്ന പ്രത്യേകതയുള്ള സിയാല്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് ആദ്യമായി നിര്‍മിച്ച വിമാനത്താവളമാണ്.

Related Articles
Next Story
Videos
Share it