Begin typing your search above and press return to search.
മെട്രോ നഗരത്തിന് ചുറ്റും വരുന്നു, ₹ 23,000 കോടിയുടെ സര്‍ക്കുലര്‍ റെയില്‍
ഇന്ത്യയുടെ ഐ.ടി നഗരമായ ബംഗളൂരുവിന് ചുറ്റും 23,000 കോടി രൂപ മുടക്കി സര്‍ക്കുലര്‍ റെയില്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ സഹമന്ത്രി വി.സോമണ്ണ. ബംഗളൂരുവില്‍ ജനപ്രതിനിധികളുമായും റെയില്‍വേ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍ ശൃംഖലയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) ഉടന്‍ സമര്‍പ്പിക്കുമെന്നും പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
287 കിലോമീറ്റര്‍ ദൂരമുള്ള ശൃംഖല കര്‍ണാടകയിലെ ഹീലലിഗെ, ഹെജ്ജാല, സൊലൂര്‍, വദ്ദരഹള്ളി, ദേവനഹള്ളി, മാലൂര്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ബംഗളൂരു നഗരത്തിലെ ട്രെയിന്‍ ഗതാഗതം കൂടുതല്‍ സുഗമമാക്കുമെന്നും ഇതിനായി 43,000 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. 1699 കോടി രൂപ ചെലവിട്ട് 93 റെയില്‍വേ പാലങ്ങള്‍ നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ട്. ഇതില്‍ 49 എണ്ണം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ്. പദ്ധതിക്ക് റെയില്‍വേ 850 കോടി രൂപ മുടക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെങ്കില്‍ റെയില്‍വേ സ്വന്തം നിലയില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
871 കോടി രൂപ ചെലവില്‍ ലോകോത്തര നിലവാരത്തില്‍ നിര്‍മിക്കുന്ന ബംഗളൂരു കന്റോണ്‍മെന്റ്, യെശ്വന്ത്പൂര്‍ സ്‌റ്റേഷനുകള്‍ ഈ വര്‍ഷം തന്നെ തുറന്നുകൊടുക്കും. ഇതിന് പുറമെ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കുലര്‍ റെയില്‍ എന്തിന്?
ഗതാഗത കുരുക്ക് രൂക്ഷമായ നഗരത്തിലെ ചെറു പട്ടണങ്ങളെയും പ്രധാന സ്ഥലങ്ങളെയും ബന്ധിപ്പിച്ച് സബര്‍ബന്‍ റെയില്‍വേ ശൃംഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനൊപ്പം നഗര-ഗ്രാമ യാത്ര സുഗമമാക്കാനും സുരക്ഷിതമായ ഗതാഗത മാര്‍ഗം തുറക്കുന്നതിനും പദ്ധതി ഗുണം ചെയ്യും. ബംഗളൂരു വിമാനത്താവളം, ഐ.ടി ഹബ്ബ്, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നത് ഉത്പാദനം കൂട്ടാനും വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്കും വഴി വയ്ക്കും. ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാസമയം, ഇന്ധന ഉപയോഗം, മലിനീകരണം, അപകടങ്ങള്‍ എന്നിവ കുറയ്ക്കുന്നതിനും പദ്ധതി സഹായിക്കും. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിയ്ക്ക് വില വര്‍ധിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും വലിയ നേട്ടമാണ്.
Next Story
Videos