മൂക്കു പൊത്തിയിട്ടെന്തിനാണ്: കൊച്ചി ചൈനയെ കണ്ടു പഠിക്കണം!

നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ ശരിയാണ്. ഒരു രാജ്യത്തിന്റെ ടോയ്‌ലറ്റ് സംസ്‌കാരവും അടിസ്ഥാന സൗകര്യങ്ങളും വെറും മൂന്നു വര്‍ഷം കൊണ്ട് വന്‍തോതില്‍ മാറി.

അത്യാധുനിക ഷോപ്പിംഗ് മാളുകള്‍, തിളക്കമാര്‍ന്ന പുതിയ എയര്‍പോര്‍ട്ടുകള്‍, ആകര്‍ഷകമായ നഗര സ്‌കൈലൈനുകള്‍, ലോകത്തിലെ ഏറ്റവും വലിയ ഹൈസ്പീഡ് റെയ്ല്‍ നെറ്റ് വര്‍ക്ക് എന്നിവയ്ക്കിടയില്‍ ചൈനയിലെ ആസൂത്രകര്‍ ഒരു കാര്യം അവഗണിച്ചിരുന്നു.
വൃത്തികെട്ടതും ദുര്‍ഗന്ധം വമിക്കുന്നതും കാലഹരണപ്പെട്ടതുമായ കുളിമുറികള്‍. പ്രത്യേകിച്ച് മെട്രോകളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലുമുള്ളവ.
ഓരോ വര്‍ഷവും ചൈനയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏകദേശം 4.3 ശതകോടി ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ നിലവാരമില്ലാത്തതും ദയനീയവുമായ സാഹചര്യങ്ങളില്‍ ആകുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പോലും പരസ്യമായ സമ്മതിച്ചു. അതിനു പിന്നാലെ 2015 ഏപ്രിലില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഒരു ടോയ്‌ലറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വൃത്തിഹീനമായ ബാത്ത് റൂം സാഹചര്യങ്ങള്‍ക്കെതിരായ സമ്പൂര്‍ണ യുദ്ധമായിരുന്നു അത്.
2019 ആയപ്പോഴേക്കും പ്രധാന നഗരങ്ങളിലെ ടൂറിസ്റ്റ് സൈറ്റുകളില്‍ 68,000 പൊതു കുളിമുറികള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും ഗ്രാമപ്രദേശങ്ങളില്‍ 10 ദശലക്ഷത്തിലധികം ടോയ്‌ലറ്റുകള്‍ നവീകരിക്കുന്നതിനുമായി ചൈന ഏകദേശം മൂന്നു ശതകോടി ഡോളര്‍ ചെലവഴിച്ചു.
അളവും ഗുണവും മെച്ചപ്പെടുത്താനും സൗകര്യങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കാനും ഉപയോക്താക്കളുടെ പെരുമാറ്റം മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിട്ടു. ഇന്ന് നിങ്ങള്‍ എവിടെ പോയാലും വൃത്തിയുള്ളതും ഉപയോക്തൃ സൗഹൃദവുമായ ടോയ്‌ലെറ്റുകള്‍ ഒരു സാധാരണ കാഴ്ചയാണ്.
എന്തുകൊണ്ട് കൊച്ചി സമാനമായ ടോയ്‌ലറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ചില്ല? കൊച്ചിയിലെ ദൈനംദിന യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ടോയ്‌ലെറ്റുകള്‍ ഒരു പേടിസ്വപ്‌നമാണ്. നല്ല പൊതു ടോയ്‌ലെറ്റുകള്‍ ഒന്നും തന്നെ കൊച്ചിയിലില്ലെന്നു മാത്രമല്ല ഉള്ളവ ഉപയോഗിക്കാനാവാത്ത വിധത്തിലുമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. പലരും ടോയ്‌ലറ്റ് സൗകര്യത്തിനായി നക്ഷത്ര ഹോട്ടലുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റുകള്‍ മാത്രമാണ് ആശ്വാസം.
'ഇത് കൊച്ചിക്ക് അപമാനമാണ്. ആവര്‍ത്തിച്ച് പ്രാതിനിധ്യം നല്‍കിയിട്ടും നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥ കാരണം കാര്യമായൊന്നും നടന്നില്ല. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുമെന്ന് വാഗ്ദാനമുണ്ടായെങ്കിലും ഒന്നും നടന്നില്ല', ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ് പ്രസിഡന്റ് എസ് ഗോപകുമാര്‍ പറയുന്നു.
പൂച്ചയ്ക്ക് ആരാണ് മണികെട്ടുക? കൊച്ചിയില്‍ ജോലി ചെയ്യുന്ന, യാത്ര ചെയ്യുന്ന, ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ആരാണ് സുഖകരമാക്കുക? ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നും കേരളത്തിന്റെ വാണിജ്യ തലസ്ഥാനവുമായ കൊച്ചിയുടെ, ജീവന് ഭീഷണിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ആവശ്യമാണ്.
കൊച്ചി നിവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ജീവിതം സുഖകരവും സുസ്ഥിരവുമാക്കാന്‍ ഈ മേഖലകളില്‍ അടിയന്തിര ശ്രദ്ധ ആവശ്യമാണ്.
1. ടോയ്‌ലറ്റ് സൗഹൃദ കൊച്ചി
2. കൊതുകു വിമുക്ത കൊച്ചി
3. വൃത്തിയും ആരോഗ്യവുമുള്ള കൊച്ചി
കൂടുതല്‍ ടോയ്‌ലെറ്റുകള്‍ കൊച്ചിയെ സ്ത്രീ സൗഹൃദവും ജന സൗഹൃദവുമാക്കും. ഇത് ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കും. അല്ലെങ്കില്‍ യാത്ര ചെയ്യുമ്പോള്‍ മൂത്രം പിടിച്ചു നിര്‍ത്തേണ്ട ഗതികേടിന് അറുതി വരുത്തും. ചുറ്റിനും ആയിരക്കണക്കിന് പ്രമേഹ രോഗികള്‍ ഉണ്ടായിരിക്കുമ്പോള്‍ കൂടുതല്‍ ടോയ്‌ലെറ്റുകള്‍ ടെന്‍ഷന്‍ കുറയ്ക്കുകയും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.
കൊതുകില്‍ നിന്ന് മുക്തി പ്രാപിക്കാനായാല്‍ എസിയും കൊതുവലയും ഇല്ലാത്ത പാവപ്പെട്ടവര്‍ക്കും സുഖമായി കിടന്നുറങ്ങാനാകും. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും കൊതുകു നിവാരണത്തിനായി ചെലവിടുന്ന കോടിക്കണക്കിന് രൂപ ലാഭിക്കുകയും ചെയ്യാം. ഇത് ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുകയും ചെയ്യും.
വൃത്തിയുള്ളതും ആരോഗ്യകരവുമായ നഗരം ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മരുന്നുകള്‍ക്കുള്ള ചെലവുകള്‍ കുറയുകയും ആളുകള്‍ സന്തോഷവാന്മാരായി ഇരിക്കുകയും ചെയ്യും.
വൃത്തിയുള്ള ചുറ്റുപാടുകളും കായിക വിനോദ സൗകര്യങ്ങളും ജീവിത നിലവാരം വര്‍ധിപ്പിക്കും.
കൊച്ചി ചൈനയില്‍ നിന്ന് പഠിക്കേണ്ട സമയാണിത്. അപ്പോള്‍ കേരളം കൊച്ചിയില്‍ നിന്ന് പഠിക്കും.


Related Articles

Next Story

Videos

Share it