കോര്‍പറേറ്റുകളുടെ ലാഭം റെക്കോഡിലേക്ക്, ജീവനക്കാരുടെ ശമ്പളത്തില്‍ മാത്രം മാറ്റമില്ല, ഉപഭോഗത്തിന് തിരിച്ചടിയെന്നും വിദഗ്ധര്‍

കോര്‍പറേറ്റ് കമ്പനികളുടെ ലാഭം (Profit) 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടും ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞത് ഗൗരവതരമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാന തൊഴില്‍ സെക്ടറുകളില്‍ 2019-2023 കാലയളവില്‍ 0.8 മുതല്‍ 5.4 ശതമാനം വരെയുള്ള ശമ്പള വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പണപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ ജീവനക്കാരുടെ ശമ്പള വര്‍ധന നെഗറ്റീവോ പൂജ്യമോ ആയി മാറും. ഇത് ആളുകളുടെ വാങ്ങല്‍ ശേഷിയെയും സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെയും ബാധിക്കുമെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഡിമാന്‍ഡ് (ആവശ്യകത) കുറയാനുള്ള കാരണങ്ങളിലൊന്ന് ഇതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ ഫിക്കിയും (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) ക്വസ് കോര്‍പ് ലിമിറ്റഡും (Quess) തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും ഇതുസംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. കോര്‍പറേറ്റ് കമ്പനികള്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തണമെന്ന് സര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേശകന്‍ വി.അനന്ത നാഗേശ്വരന്‍ അടുത്തിടെ പറഞ്ഞിരുന്നു. കൊവിഡിന് ശേഷം സമ്പദ് വ്യവസ്ഥ കരകയറാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആളുകളുടെ വരുമാനം വര്‍ധിക്കാത്തതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.

ശമ്പള വര്‍ധന ഇങ്ങനെ

2019-2023 വരെയുള്ള കാലയളവില്‍ ആറ് സെക്ടറുകളിലെ വാര്‍ഷിക ശമ്പള വര്‍ധനയുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

2019 മുതല്‍ 2023 വരെ വിവിധ സെക്ടറുകളിലെ ശമ്പള വര്‍ധന

ഇതനുസരിച്ച് ഇ.എം.പി.ഐ (എഞ്ചിനീയറിംഗ്, മാനുഫാചറിംഗ്, പ്രോസസ് ആന്‍ഡ് ഇന്‍ഫ്ര) സെക്ടറിലാണ് ഏറ്റവും കുറവ് ശമ്പള വര്‍ധയുണ്ടായത്. 2019ല്‍ ശരാശരി 14,608 രൂപ ശരാശരി ശമ്പളം വാങ്ങിയിരുന്നയാള്‍ക്ക് 2023ലെത്തുമ്പോള്‍ ലഭിക്കുന്ന ശമ്പളം 20,509 രൂപ മാത്രമാണ്. വെറും 0.8 ശതമാനത്തിന്റെ വര്‍ധന. ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത് എഫ്.എം.സി.ജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) സെക്ടറിലാണ്. 2019ല്‍ 14,608 രൂപ ശരാശരി ശമ്പളമുണ്ടായിരുന്നത് അഞ്ചാം വര്‍ഷത്തിലെത്തിയപ്പോള്‍ 19,203 രൂപയായി മാറി. 5.4 ശതമാനത്തിന്റെ വര്‍ധന. എന്നാല്‍ 2023ല്‍ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങിയിരുന്നവര്‍ എഫ്.എം.സി.ജി സെക്ടറുകാരാണെന്നതും വിചിത്രം. ഏറ്റവും കൂടുതല്‍ ശമ്പളം ലഭിച്ചത് ഐ.ടിക്കാര്‍ക്കും. 49,076 രൂപയാണ് ഈ രംഗത്തെ ശരാശരി ശമ്പളം. ഒരു സെക്ടറിലെ വിവിധ റോളുകളില്‍ ജോലി ചെയ്യുന്നവരുടെ ആകെ ശമ്പളത്തെ മൊത്തം ജീവനക്കാരുടെ എണ്ണം കൊണ്ട് ഭാഗിച്ചാണ് അതാത് സെക്ടറുകളിലെ ശരാശരി ശമ്പളം കണ്ടെത്തിയത്.

കോര്‍പറേറ്റുകളുടെ ലാഭം 15 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

കോര്‍പറേറ്റുകളുടെ ലാഭവും ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളവും തമ്മില്‍ കൃത്യമായ അനുപാതം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇല്ലെങ്കില്‍ രാജ്യത്തെ ഡിമാന്‍ഡ് നിലനിറുത്താന്‍ കഴിയില്ലെന്നുമാണ് വി.അനന്ത നാഗേശ്വരന്‍ ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം കൊടുക്കാതിരിക്കുന്നതും മതിയായ ജീവനക്കാരെ നിയമിക്കാത്തതും കോര്‍പറേറ്റുകള്‍ക്ക് തന്നെ പണിയാകും. വിപണിയില്‍ ഡിമാന്‍ഡ് കുറയുമ്പോള്‍ വില്‍പ്പന ഇടിയുന്നത് ഇതേ കോര്‍പറേറ്റുകള്‍ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം മാര്‍ച്ചില്‍ കോര്‍പറേറ്ററുകളുടെ നികുതിക്ക് ശേഷമുള്ള ലാഭം 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഇന്ത്യന്‍ കോര്‍പറേറ്റ് സെക്ടറിലെ ലാഭ വളര്‍ച്ച നാല് മടങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് ശമ്പളം കൂടുന്നില്ല

കോര്‍പറേറ്റ് ലാഭവും ജീവനക്കാരുടെ ശമ്പളവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നത് കനത്ത അസമത്വത്തിന് വഴിവക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് വൈകുന്നുണ്ട്. ലോകരാജ്യങ്ങളേക്കാള്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഒരുവര്‍ഷത്തോളം പുറകിലാണെന്നാണ് കണക്ക്. ഇന്ത്യയില്‍ തൊഴിലെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം കൂടുതലാണെന്നതാണ് ഇതിനുള്ള കാരണങ്ങളിലൊന്ന്. കൂടാതെ തൊഴില്‍ വിപണിയില്‍ ശമ്പളത്തിനുള്ള വിലപേശല്‍ നടത്തുന്നതിലും ഇന്ത്യന്‍ തൊഴിലാളികള്‍ പിന്നിലാണ്. 90കളില്‍ ശക്തമായിരുന്ന തൊഴിലാളി കൂട്ടായ്മകളുടെ പ്രസക്തി കുറഞ്ഞതും ശമ്പള വര്‍ധനയുടെ തോത് കുറച്ചു. കൂടാതെ ശമ്പളം വെട്ടിക്കുറക്കുന്നത് പോലുള്ള പ്രവണതകളെ തടയാനുള്ള ശക്തിയും ഇന്ത്യന്‍ തൊഴിലാളിക്കില്ല. കുറഞ്ഞ ശമ്പളത്തിനാണെങ്കില്‍ പോലും ജോലി ചെയ്യാന്‍ പലരും നിര്‍ബന്ധിതരാവുകയാണെന്നും ചിലര്‍ പറയുന്നു.

എന്താണ് പരിഹാരം

അതേസമയം, ശമ്പളം കൂട്ടിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇന്ത്യന്‍ തൊഴിലാളികളുടെ ഉത്പാദനക്ഷമത (Productivity) കൂട്ടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമാണ് വ്യവസായ ലോകത്തിന്റെ അഭിപ്രായം. ഇന്ത്യന്‍ തൊഴിലാളികളുടെ ഉത്പാദനക്ഷമത പല ലോകരാജ്യങ്ങളേക്കാളും താഴ്ന്ന നിലയിലാണ്. ഇത് പരിഹരിക്കാതെ കൂടുതല്‍ നിക്ഷേപത്തിന് വ്യവസായികള്‍ തയ്യാറാകില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണം, പുതിയ സാങ്കേതിക വിദ്യകളിലുള്ള അറിവ് വര്‍ധിപ്പിക്കണം, തൊഴില്‍ അവകാശങ്ങളും തൊഴില്‍ സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെട്ടതാക്കണം, ഇക്കാര്യത്തിലെ ചില സര്‍ക്കാര്‍ നയങ്ങളില്‍ കാലോചിതമായ പരിഷ്‌ക്കാരം വേണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്.
Related Articles
Next Story
Videos
Share it