സൈബര്‍ക്രൈമില്‍ ഒന്നാംറാങ്ക് റഷ്യക്ക്; അമേരിക്ക ക്രൈം സ്‌പെഷ്യലിസ്റ്റുകള്‍, ഇന്ത്യയുടെ റാങ്ക് ഇങ്ങനെ

ലോകത്ത് സൈബറിടങ്ങളിലൂടെ പണംതട്ടുന്ന കുറ്റകൃത്യങ്ങള്‍ നടത്തുന്നവരില്‍ ഏറ്റവും മുന്നില്‍ റഷ്യക്കാര്‍. അന്താരാഷ്ട്ര ഗവേഷകരടങ്ങിയ സംഘം പ്രസിദ്ധീകരിച്ച പ്ലസ് വണ്‍ (PLoS ONE) ജേര്‍ണലിലാണ് ഇക്കാര്യമുള്ളത്. 100 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യ 10-ാം സ്ഥാനത്തുണ്ട്.
റഷ്യയുടെ അയല്‍ക്കാരായ യുക്രെയ്‌നാണ് രണ്ടാംസ്ഥാനത്ത്. ചൈന, അമേരിക്ക, നൈജീരിയ, റൊമാനിയ എന്നിവയാണ് യഥാക്രമം മൂന്നുമുതല്‍ ആറുവരെ സ്ഥാനങ്ങളില്‍. ഉത്തര കൊറിയ 7-ാം റാങ്ക് നേടിയപ്പോള്‍ യു.കെയും ബ്രസീലുമാണ് യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളിലുള്ളത്.
തട്ടിപ്പ് സ്‌പെഷ്യലിസ്റ്റുകള്‍
ഹാക്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണംതട്ടല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളാണ് സൈബര്‍ക്രൈമിലുള്ളത്. റഷ്യയും യുക്രെയ്‌നും ഹൈടെക് സൈബര്‍ കുറ്റകൃത്യങ്ങളുടെ ഹബ്ബാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, അത്ര സാങ്കേതിക മികവൊന്നുമില്ലാത്ത സൈബര്‍ തട്ടിപ്പുകളിലാണ് നൈജീരിയന്‍ കുറ്റവാളികള്‍ക്ക് പ്രിയം.
അമേരിക്കക്കാരും റൊമാനിയക്കാരും ഹൈടെക്കിലും ലോടെക്കിലും ഒരുപോലെ വിദഗ്ദ്ധരാണ്. എല്ലാത്തരം സൈബര്‍കുറ്റങ്ങളും നടക്കുന്ന 'ബാലന്‍സ്ഡ് ഹബ്' എന്നാണ് ഇന്ത്യയെ റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. എങ്കിലും ഇന്ത്യന്‍ തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ പ്രിയം ഇടത്തരം ടെക്‌നോളജി സൈബര്‍ തട്ടിപ്പുകളോടാണെന്നും (mid-tech crimes) ജേര്‍ണല്‍ പറയുന്നു.
റാങ്കിംഗ് ഇങ്ങനെ
തട്ടിപ്പിന്റെ സ്വഭാവം, ഡേറ്റ മോഷണം, പണം തട്ടല്‍, സാങ്കേതികമികവ്, പണംതിരിമറി തുടങ്ങിയവ വിലയിരുത്തി 90ലധികം അന്താരാഷ്ട്ര വിദഗ്ദ്ധര്‍ വര്‍ഷങ്ങളോളം നടത്തിയ പഠനാനന്തരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഓരോ രാജ്യത്തിനും കുറ്റകൃത്യങ്ങളുടെ ബാഹുല്യവും കാഠിന്യവും കണക്കാക്കി പോയിന്റും നല്‍കിയിട്ടുണ്ട്. 58.39 പോയിന്റാണ് ഒന്നാമതുള്ള റഷ്യക്ക്. പത്താമതുള്ള ഇന്ത്യക്കുള്ളത് 6.13 പോയിന്റാണ്.
Related Articles
Next Story
Videos
Share it